മസ്‌കത്ത്: ഒമാന്റെ വടക്കൻ മേഖലയിൽ തിങ്കളാഴ്ച മുതൽ ശക്തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച വരെ മഴ തുടരും. ഏറ്റവും പുതിയ കാലാവസ്ഥാ നിരീക്ഷണ റിപ്പോർട്ടനുസരിച്ച് അൽ ഹജർ പർവതനിരകളിൽ ഞായറാഴ്ച വൈകുന്നേരം മുതൽ തന്നെ മഴ ആരംഭിക്കും. വടക്കൻ ഒമാനിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ മുന്നറിയിപ്പിൽ പറയുന്നു. ഒമാനിലും യു.എ.ഇയിലും തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ കനത്ത മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ വെബ്‌സൈറ്റായ അക്യുവെതറും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കനത്ത മഴ ഇരു രാജ്യങ്ങളിലും വെള്ളപ്പൊക്കത്തിന് കാരണമാക്കുമെന്നും അദ്ദേഹം പറയുന്നു. പ്രദേശത്ത് അനുഭവപ്പെടുന്ന ന്യൂനമർദമാണ് മഴക്കും കാലാവസ്ഥാ വ്യതിയാനത്തിനും കാരണം. ഞായറാഴ്ച വൈകുന്നേരത്തോടെ അൽ ഹജർ പർവതനിരകളിൽ ആരംഭിക്കുന്ന മഴ വടക്കൻ ഭാഗത്തേക്ക് നീങ്ങാനാണ് സാധ്യത. പല ഭാഗത്തും ഇടിമിന്നലോടെയുള്ള മഴയുണ്ടാവാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അറിയിപ്പിലുണ്ട്.

മസ്‌കത്ത്, മുസന്ദം, ബുറൈമി, ദാഖിറ, തെക്കൻ ബാത്തിന, വടക്കൻ ബാത്തിന, ദാഖിലിയ്യ, തെക്കൻ ശർഖിയ്യ, വടക്കൻ ശർഖിയ്യ, വുസ്ത എന്നിവിടങ്ങളിലാണ് ശക്തമായ മഴക്ക് സാധ്യത. വാദികൾ നിറഞ്ഞ് കവിയാൻ സാധ്യതയുള്ളതിനാൽ വാഹനങ്ങൾ വാദിയിൽ ഇറക്കരുതെന്നും വേണ്ടത്ര ജാഗ്രത പാലിക്കണമെന്നും അറിയിപ്പിലുണ്ട്.