മസ്‌കത്ത്: ഒമാന്റെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച മുതൽ വീണ്ടും മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ പുതിയ കാലാവസ്ഥാ മുന്നറിയിപ്പനുസരിച്ച് ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ ഒമാന്റെ പല ഭാഗങ്ങളിലും കനത്ത മഴക്ക് സാധ്യതയുണ്ട്.

രാജ്യത്തിന്റെ വടക്കൻ ഗവർണറേറ്റിലും അൽ വുസ്ത, ദോഫാർ ഗവർണറേറ്റിന്റെ ചില ഭാഗങ്ങളിലും മഴ പെയ്യാൻ സാധ്യതയുണ്ട്. ന്യൂനമർദമാണ് കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാവുകയെന്ന് മുന്നറിയിപ്പിൽ പറയുന്നു. മുസന്ദം, മസ്‌കത്ത്, ബുറൈമി, അൽ ദാഹിറ, വടക്കൻ ബാത്തിന, തെക്കൻ ബാത്തിന, ദാഖിലിയ, വടക്കൻ ശർഖിയ, തെക്കൻ ശർഖിയ എന്നിവിടങ്ങളിലാണ് കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യത. ഒറ്റപ്പെട്ട മഴ ഇടക്കിടെ ഉണ്ടാവാൻ സാധ്യതയുണ്ട്. മഴയോടൊപ്പം ഇടിമിന്നലും ശക്തമായ കാറ്റും, പെട്ടെന്നുള്ള വെള്ളപ്പൊക്കം, ആലിപ്പഴ വർഷം എന്നിവക്കും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

ചില ഭാഗങ്ങളിൽ കടൽ പ്രക്ഷുബ്ധമാവും. തിരമാലകൾ രണ്ടുമുതൽ മൂന്നര മീറ്റർ വരെ ഉയരത്തിൽ ഉയർന്നുപൊങ്ങുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. മഴയുണ്ടാവുമ്പോൾ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വേണ്ടത്ര മുൻകരുതലുകൾ എടുക്കണമെന്നും സിവിൽ ഏവിയേഷൻ പൊതു അഥോറിറ്റി അധികൃതർ അറിയിച്ചു. വാദികൾ മുറിച്ചുകടക്കാനോ വാഹനങ്ങൾ വാദിയിലിറക്കാനോ പാടില്‌ളെന്നും കടലിലേക്ക് പോവരുതെന്നും മുന്നറിയിപ്പിലുണ്ട്. അടുത്തിടെയുണ്ടായ മഴയും വെള്ളപ്പൊക്കവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എട്ടുപേരുടെ മരണത്തിന് കാരണമാക്കിയിരുന്നു. മുന്നറിയിപ്പുകൾ പാലിക്കാതിരുന്നതാണ് ഇതിൽ പലരുടെയും ജീവൻ നഷ്ടപ്പെടാൻ കാരണം. വാദിയിൽ ഇറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടും വാദിയിൽ ഇറങ്ങിയത് കാരണം നിരവധി വാഹനങ്ങൾ ഒഴുക്കിൽപെട്ടിരുന്നു.