മസ്‌ക്കറ്റ്: രാജ്യത്ത് പ്രവാസികളെ തെരുവോരക്കച്ചവടത്തിൽ നിന്ന് ഒഴിവാക്കിക്കൊണ്ട് വാണിജ്യ-വ്യവസായ മന്ത്രാലയം ഉത്തരവിറക്കി. മാൻ പവർ മന്ത്രാലയവുമായി സഹകരിച്ച് കൊണ്ടാകും പദ്ധതി നടപ്പാക്കുക. ഇതിന് പുറമെ റോയൽ ഒമാൻ പൊലീസ്, തദ്ദേശ സ്ഥാപന മന്ത്രാലയം എന്നിവയുടെ സഹകരണവുമുണ്ടാകും.

പഴങ്ങൾ, പച്ചക്കറികൾ, ഈന്തപ്പഴം, വെള്ളിവർക്കുകൾ, സമ്മാനങ്ങൾ, പെർഫ്യൂമുകൾ, സൗന്ദര്യവസ്തുക്കൾ, സോപ്പ്, തുണികൾ, മൺപാത്രങ്ങൾ, കരകൗശല വസ്തുക്കൾ, തേൻ, പാനീയങ്ങൾ, പോപ്പ് കോൺ, തുടങ്ങിയ പതിനാല് തെരുവോര കച്ചവട വിഭാഗങ്ങൾക്കാണ് നിരോധനം. തെരുവ് കച്ചവടം നടത്തേണ്ടവർക്ക് വാണിജ്യമന്ത്രാലയത്തിൽ നിന്നും മറ്റ് അനുബന്ധ വകുപ്പുകളിൽ നിന്നും ലൈസൻസും അനുമതിയും നേടേണ്ടതുമുണ്ട്. ലൈസൻസ് ലഭിക്കുന്നവർ യാതൊരു തരത്തിലും സമൂഹത്തിന് ശല്യമാകരുതെന്നും നിർദ്ദേശമുണ്ട്.

ആശുപത്രികൾ, സ്‌കൂളുകൾ എന്നിവയുടെ പരിസരത്ത് പൂർണമായും തെരുവോര ക്കച്ചവടം നിരോധിച്ചിട്ടുണ്ട്. തെരുവ് കച്ചവടത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളും ഉപകരണങ്ങളും ബന്ധപ്പെട്ട വകുപ്പുകളിൽ രജിസ്റ്റർ ചെയ്തിരിക്കണം. ഇത്തരം വാഹനങ്ങളുടെ മറ്റും മുകളിൽ ലൈസൻസ് നേടിയിട്ടുള്ള ആളുടെ പേരും വിവരങ്ങളും രേഖപ്പെടുത്തണമെന്നും വ്യവസ്ഥയുണ്ട്.