മസ്‌കത്ത്: മസ്‌കത്ത് ഇന്ത്യൻ സ്‌കൂളിൽ സുരക്ഷിത ബസ് ഗതാഗത സംവിധാനം നടപ്പാക്കുന്നു. അടുത്ത ജനുവരിമുതൽതന്നെ സംവിധാനം നിലവിൽവരും. ആദ്യഘട്ടമായി മൂന്നു കേന്ദ്രങ്ങളിൽനിന്നാണ് ബസ് സർവിസ് ആരംഭിക്കുന്നത്. റൂവി, അൽ ഖുവൈർ, ദാർസൈത്ത് എന്നിവിടങ്ങളിൽ നിന്നുവരുന്ന കുട്ടികളിൽനിന്നാണ് ആദ്യഘട്ടത്തിൽ രജിസ്‌ട്രേഷൻ സ്വീകരിക്കുന്നത്. അൽ ഖുവൈറിൽനിന്ന് 27 റിയാലും റൂവി, ദാർസൈത്ത് എന്നിവിടങ്ങളിൽ നിന്ന് 17 റിയാലുമാണ് ഓരോരുത്തരിൽനിന്നും ഈടാക്കുക.

സ്‌കൂൾ നൽകിയ സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായി പാലിക്കുകയും മാേനജ്‌മെന്റ് കമ്മിറ്റി നിശ്ചയിച്ച ഫീസ് ഈടാക്കാൻ തയാറാവുകയും ചെയ്യുന്ന ഒന്നിലധികം കമ്പനികൾക്ക് സർവിസ് നടത്താൻ അംഗീകാരം നൽകി

താൽപര്യമുള്ള വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ സ്‌കൂൾ വിതരണം ചെയ്ത ഫോറം പൂരിപ്പിച്ച് ഈമാസം 16ന് മുമ്പ് ക്‌ളാസ് അദ്ധ്യാപകർക്ക് നൽകേണ്ടതാണ്. ആദ്യം പേരുനൽകുന്നവരെ ബസിൽ ആദ്യം പരിഗണിക്കുക എന്ന നിലപാടാണ് സ്‌കൂളിനുള്ളത്. നിരക്കുകൾ മൂന്നു
മാസത്തേത് ഒന്നിച്ച് അടക്കാനും സൗകര്യം ഉണ്ടായിരിക്കും. സ്‌കൂളിലെ ഫീസ് കൗണ്ടറിൽ തന്നെയാണ് ബസ് ഫീയും അടക്കേണ്ടത്. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് മുൻകൂറായി നിരക്കുകൾ അടക്കണം. അല്ലാത്ത ബസ് സംവിധാനം ഉപയോഗപ്പെടുത്താൻ അനുവദിക്കില്ല. സ്‌കൂൾ ബസ് സർവിസിനെപ്പറ്റി നിരവധി പരാതികൾ ഉയർന്നുവന്നതിനെ തുടർന്നാണ് സ്‌കൂൾ നേരിട്ട് സർവിസ് നടത്തണമെന്ന ആവശ്യം രക്ഷിതാക്കളിൽനിന്നുയർന്നത്.

ബസ് ഡ്രൈവർമാരുടെ നീക്കങ്ങൾ പൂർണമായി വിലയിരുത്താൻ കഴിയുന്ന ഐ.വി എം.എസ് സംവിധാനം ബസുകളിൽ നിർബന്ധമാണ്. ബസിന്റെ അമിതവേഗം, ബ്രേക്കിടൽ തുടങ്ങി വാഹനം ഓടിക്കുന്നവരുടെ എല്ലാ വിവരങ്ങളും പൂർണമായി നിരീക്ഷിക്കാൻ കഴിയുന്നതാണ് ഐ.വി എം.എസ് സംവിധാനം. കൂടാതെ, ബസിൽ കാമറയും നിർബന്ധമാണ്. എല്ലാ കുട്ടികൾക്കും ഇരിക്കാനുള്ള സീറ്റ് സംവിധാനം, സീറ്റ് ബെൽറ്റ് തുടങ്ങിയ എല്ലാ സുരക്ഷാ സംവിധാനവും പാലിച്ചിരിക്കണം. ഡ്രൈവർക്ക് പുറമെ കുട്ടികൾക്കുവേണ്ട സൗകര്യം ചെയ്യാൻ സഹാഹിയും ഉണ്ടായിരിക്കണം.