മസ്‌ക്കറ്റ്: അമിത വണ്ണമുള്ള കുട്ടികളുടെ എണ്ണം ക്രമാതീതമായ തോതിൽ ഉയരുന്നതോടെ രാജ്യത്ത് ജങ്ക് ഫുഡ്ഡുകളുടെ പരസ്യങ്ങൾക്ക് നിരോധനം ഏർപ്പെടുത്താൻ ആരോഗ്യമന്ത്രാലയം. കുട്ടികളിൽ മാത്രമല്ല മുതിർന്നവർക്കിടയിലും അമിത വണ്ണമുള്ളവരുടെ എണ്ണം വർധിച്ചുവരികയാണ്. ഈ സാഹചര്യത്തിലാണ് കുട്ടികളെ ആകർഷിക്കുന്ന തരത്തിലുള്ള ജങ്ക് ഫുഡ്ഡുകളുടെ പരസ്യങ്ങൾക്ക് നിരോധനം കൊണ്ടുവരാൻ മന്ത്രാലയം തീരുമാനിച്ചത്. അതേസമയം നിരോധനം ഉടനെ നടപ്പിലാകില്ലെന്നും ഇതു പ്രാബല്യത്തിൽ വരാൻ രണ്ടു വർഷമെങ്കിലും എടുക്കുമെന്നും മന്ത്രാലയം വക്താവ് ചൂണ്ടിക്കാട്ടി.

വിവിധ മാദ്ധ്യമങ്ങളിലൂടെ സംപ്രേഷണം ചെയ്യുന്നതും പുറത്തുവിടുന്നതുമായ പരസ്യങ്ങളുടെ എണ്ണവും അവ ചെലുത്തുന്ന സ്വാധീനവും സംബന്ധിച്ചാണ് ഇപ്പോൾ പഠനം നടത്തുന്നത്.
തുടർന്ന് അമിതവണ്ണത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ചും അത് പ്രതിരോധിക്കുന്നതിനുള്ള കർമപദ്ധതികളെയും കുറിച്ച് സ്‌കൂളുകളിൽ ബോധവത്കരണ പദ്ധതികൾ നടത്തും. തുടർന്നാകും പരസ്യ നിരോധന നിയമം പാസാക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കുക. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട കാര്യമായതിനാൽ വിദ്യാഭ്യാസ മന്ത്രാലയം, മസ്‌കത്ത് നഗരസഭ, സാമൂഹിക വികസന മന്ത്രാലയം, ഇൻഫർമേഷൻ മന്ത്രാലയം, വ്യവസായ വാണിജ്യ മന്ത്രാലയം തുടങ്ങിയവയുടെ സഹകരണത്തോടെയാകും ഇത് പൂർണമായി നടപ്പിൽവരുത്തുക.

യുവജനങ്ങളിൽ അനാരോഗ്യകരമായ ഭക്ഷണശീലങ്ങളുണ്ടാക്കുന്ന ദൂഷ്യങ്ങൾ കണക്കിലെടുത്തുള്ള ലോകാരോഗ്യ സംഘടനയുടെ നിർദേശ പ്രകാരമാണ് ഒമാൻ ആരോഗ്യമന്ത്രാലയത്തിന്റെ നടപടി.