മസ്‌ക്കറ്റ്: കുറഞ്ഞ എണ്ണവില സമ്പദ് വ്യവസ്ഥയ്ക്ക് ഏൽപിച്ച ആഘാതം കുറയ്ക്കുന്നതിനായുള്ള നടപടികളുടെ ഭാഗമായി ഒമാൻ എയർ ട്രാഫിക് ഫീസ് ഉയർത്തുന്നു. ഖജനാവിലേക്ക് പണം കണ്ടെത്തുന്നതിന്റെ ഭാഗമായി വിവിധ വെട്ടിച്ചുരുക്കലുകൾ നടത്തുകയും ചെയ്യുന്നുണ്ടെങ്കിലും വരുമാനം വർധിപ്പിക്കാനുള്ള വിവിധ മാർഗങ്ങൾ ആരായുകയാണ് സർക്കാരിപ്പോൾ.

എയർ ട്രാഫിക് ഫീസ് ഉയർത്തുക വഴി 25 ശതമാനത്തോളം വരുമാനം വർധിപ്പിക്കാമെന്ന് കരുതുന്നതായി പബ്ലിക് അഥോറിറ്റി ഫോർ സിവിൽ ഏവിയേഷൻ (പിഎസിഎ) വെൡപ്പെടുത്തി. ഇത് പിന്നീട് സർക്കാർ ഖജനാവിലേക്കുള്ള സംഭാവന ഉയർത്തുകയും ചെയ്യും. അതേസമയം എയർ ട്രാഫിക് ഫീസ് വർധിപ്പിക്കുന്നത് തിരിച്ചടിയായിരിക്കുമെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്. വിവിധ എയർലൈനുകളുടെ മേൽ അധികഭാരം ചുമത്തുന്നതിനാൽ വിമാനകമ്പനികളിൽ നിന്ന് എതിർപ്പു നേരിടേണ്ടി വരുമെന്ന് സിവിൽ ഏവിയേഷന് വിദഗ്ദ്ധർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

എയർ ട്രാഫിക് ഫീസ് വിമാനകമ്പനികളുടെ മേൽ ചുമത്തുമ്പോൾ അതിന്റെ പ്രതിഫലനം വിമാനയാത്രക്കാരിലേക്കും എത്തുമെന്നും പിന്നീട് ഒമാനിലേക്കു യാത്ര ചെയ്യുന്നതിനും ഒമാനിൽ നിന്ന് വിമാനം മാറിക്കയറുന്നതിനും ആൾക്കാർ വിമുഖത കാണിക്കുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഇതു പിന്നീട് ടൂറിസ്റ്റുകളുടെ എണ്ണത്തിലും മറ്റും ഏറെ വ്യത്യാസം വരുത്തുമെന്നും മുന്നറിയിപ്പു നൽകുന്നു.