മസ്‌കത്ത്: ഒമാനിൽനിന്ന് ജോലി ഉപേക്ഷിച്ച് മടങ്ങുന്നവരും പുതിയ സിം കാർഡ് എടുക്കുന്നവരും പഴയ സിം കാർഡുകൾ കാൻസൽ ചെയ്യണമെന്നും ിം കാർഡുകൾ കൈമാറ്റം ചെയ്ത് ഉപയോഗിക്കരുതെന്നും ടെലികോം റെഗുലേറ്ററി അഥോറിറ്റിയുടെ മുന്നറിയിപ്പ്.

നിയമവിരുദ്ധമായ കാര്യങ്ങൾക്ക് കാർഡുകൾ ഉപയോഗിക്കുന്ന പക്ഷം കാർഡ് രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നവരാകും അതിന് ഉത്തരവാദിയെന്ന് അഥോറിറ്റി വക്താവ് ഹിലാൽ അൽ സിയാബി ഇംഗ്‌ളീഷ് ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. ഒമാനിൽനിന്ന് ജോലി ഉപേക്ഷിച്ച് മടങ്ങുന്നവർ കാർഡുകൾ ദുരുപയോഗപ്പെടുത്തുന്നില്‌ളെന്ന് ഉറപ്പാക്കാൻ സിം കാർഡുകൾ കാൻസൽ ചെയ്യണം.

ട്രായുടെ മൈ നമ്പർ, മൈ ഐഡന്റിറ്റി പരിപാടിക്ക് മികച്ച പ്രതികരണമാണ്
ലഭിക്കുന്നത്. വ്യാജ ഐ.ഡികൾ ഉണ്ടാക്കൽ, ആൾമാറാട്ടം, സിം കാർഡുമായി
ബന്ധപ്പെട്ട മറ്റ് കുറ്റകൃത്യങ്ങൾ തുടങ്ങിയ പരാതികൾ വർധിച്ച സാഹചര്യത്തിൽ വിവിധ ടെലികോം ഓപറേറ്റർമാരുമായി ചേർന്നാണ് ബോധവത്കരണ പരിപാടികൾ നടത്തുന്നത്. സിം കാർഡുകൾ മറ്റുള്ളവർക്ക് ഉപയോഗിക്കാൻ നൽകുന്നതിനെ തുടർന്നുണ്ടാകാൻ സാധ്യതയുള്ള നിയമക്കുരുക്കുകളെ കുറിച്ചും സാമ്പത്തിക ബാധ്യതകളെ കുറിച്ചും അറിവ് പകരുന്നതാകും കാമ്പയിൻ.

ജോലി ഉപേക്ഷിച്ച് പോകുന്നവർക്ക് പുറമെ മൊബൈൽ കണക്ഷൻ മാറുന്നവരും ആദ്യ സിം കാൻസൽ ചെയ്തിരിക്കണം. ഒരാൾക്ക് സ്വന്തം പേരിൽ പത്ത് കാർഡുകൾ വരെ കൈവശം വെക്കാൻ അനുമതിയുണ്ട്. എന്നാൽ, ഇവയെല്ലാം സ്വന്തം ഉത്തരവാദിത്തത്തിൽ വേണം
ഉപയോഗിക്കാനെന്നും അൽ സിയാബി പറഞ്ഞു.