മസ്‌കത്ത്: ഒമാന്റെ പൊതുമേഖലാ ബസ് സർവിസായ മുവാസലാത്ത് പ്രഖ്യാപിച്ച നിരക്കിളവ് നാളെ അവസാനിക്കും. മാർച്ച് ഒന്നുമുതൽ കുറഞ്ഞ നിരക്ക് 200 ബൈസയായി ഉയരും. നിലവിൽ 100 ബൈസയാണ് മിനിമം നിരക്ക്. റൂവിയിൽനിന്ന് മബേലയിലേക്കും വാദി കബീർ, വാദി അദൈ എന്നിവിടങ്ങളിലേക്കുമാണ് മുവാസലാത്ത് സർവിസ് നടത്തുന്നത്. വാദീ കബീർ, വാദീ അദൈ എന്നീ റൂട്ടുകളിൽ 100 ബൈസയാണ് ഈടാക്കുന്നത്. ഇത് 200 ബൈസയായി ഉയരും.

റൂവി മബേല റൂട്ടിനെ മൂന്നു സോണുകളായി തിരിച്ചിട്ടുണ്ട്. റൂവി മുതൽ ഖുറം വരെ എ സോണിൽ ഉൾപ്പെടും. എ സോണിനുള്ളിൽ എവിടെ ഇറങ്ങിയാലും ചൊവ്വാഴ്ച മുതൽ 200 ബൈസ നൽകണം. റുവി മുതൽ അസൈബ വരെയാണ് ബി സോൺ. നിലവിൽ ഈ സോണിൽ 200 ബൈസയാണ് നിരക്ക്. എ സോണിൽനിന്ന് ബി സോണിലെ സരൂജ്, അൽ ഖുവൈർ, അൽ ഗുബ്‌റ, അസൈബ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ ഒന്നാം തീയതി മുതൽ 300 ബൈസ നൽകണം. അസൈബ മുതൽ മബേല വരെയാണ് സി സോൺ.

എ സോണിൽനിന്ന് സി സോണിലേക്കുള്ള യാത്രാ നിരക്ക് 300 ബൈസയിൽനിന്ന് 500 ബൈസയായി ഉയരും. ടാക്‌സികൾ റൂവിയിൽനിന്ന് വത്തയ്യ വരെ 200 ബൈസയും അൽ ഖുവൈർ വരെ 300 ബൈസയും അൽ ഗുബ്‌റ വരെ 400 ബൈസയും വിമാനത്താവളം വരെ 500 ബൈസയും മബേല വരെ 700 ബൈസയുമാണ് ഈടാക്കുന്നത്. പെട്രോൾ വില ഉയർന്നതിനെ തുടർന്ന് പലരും കൂടിയ നിരക്ക് ഈടാക്കുന്നുണ്ട്.