മസ്‌കത്ത്: ഒമാനിൽ നിന്ന് ദുബൈയിലേക്ക് റോഡുമാർഗം യാത്രചെയ്യുന്നവർക്ക് ഇ-വിസ നിർബന്ധമാക്കിയ നടപടിയിൽ ഇളവ് വരുത്താൻ തീരുമാനം. അധികതുക നൽകിയാൽ ഓൺ അറൈവൽ വിസ അനുവദിക്കും വിധമാണ് സംവിധാനത്തിൽ മാറ്റംവരുത്തിയത്. 220 ദിർഹമാണ് ഇ- വിസക്കുള്ള ഫീസ്.

എന്നാൽ, 120 ദിർഹം അധികം നൽകിയാൽ മുമ്പത്തെപ്പോലെ ഓൺ അറൈവൽ വിസ സംവിധാനം ലഭ്യമാകും. അത്യാവശ്യക്കാർക്ക് ഉപയോഗിക്കുന്നതിനായാണ് നിബന്ധനകളിൽ മാറ്റം വരുത്തിയതെന്ന് അറിയുന്നു. എന്നാൽ, നിബന്ധനകളിലെ ഇളവു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകൾ ലഭ്യമായിട്ടില്ല.

ഒമാനിൽനിന്ന് ദുബൈയിലേക്ക് പോകുന്നവർക്ക് കഴിഞ്ഞ ഏപ്രിൽ 29 മുതൽ ഇ-വിസ സംവിധാനം നിർബന്ധമാക്കിയിരുന്നെങ്കിലും റോഡ് അതിർത്തികളിൽ ഇളവ് അനുവദിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ ജൂൺ 15 മുതലാണ് റോഡതിർത്തിയിലും നിയമം കർക്കശമാക്കിയതായി കാണിച്ച് ബോർഡ് സ്ഥാപിച്ചത്. ഇതറിയാതെ ദുബൈയിലേക്ക് പോവുകയായിരുന്ന കച്ചവടക്കാർ അടക്കമുള്ളവരെ തിരിച്ചുവിടുകയും ചെയ്തിരുന്നു. ഇ-വിസ നിർബന്ധമാക്കിയതോടെ നിരവധി ട്രാവൽ ഏജൻസികളിലും ഓൺലൈൻ അപേക്ഷാ സേവനം ആരംഭിച്ചിരുന്നു.