മസ്‌കത്ത്: വിവിധ ജോലികൾക്ക് ഏർപ്പെടുത്തിയ വിസാ നിരോധനം ആറ് മാസത്തേക്ക് കൂടി നീട്ടി മാനവവിഭവ മന്ത്രാലയം ഉത്തരവിറക്കി. ഡിസംബർ ഒന്ന് വരെ വിവിധ ജോലികൾക്ക് വിസ അനുവദിക്കില്ല. ഒട്ടക പരിപാലനം, സെയിൽസ് പ്രമോട്ടർ, സെയിൽസ് റപ്രസെന്റേറ്റീവ്, പർച്ചേഴ്സ് റപ്രസെന്റേറ്റീവ്, കൺസ്ട്രക്ഷൻ, ക്ലീനിങ് എന്നീ ജോലികൾക്കുള്ള വിസാ നിരോധനമാണ് തുടരുക.

വർഷങ്ങളായി തുടരുന്ന വിസാ നിരോധനമാണ് നീട്ടിയിരിക്കുന്നത്. മാനവവിഭവ മന്ത്രാലയം പുറത്തിറക്കിയ സർക്കുലറിലാണ് വിസാ നിരോധന ഉത്തരവുള്ളത്. ഈ മാസം ഒന്ന് മുതൽ ഉത്തരവ് പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

2013 നവംബർ, ഡിസംബർ മാസങ്ങളിലായാണ് താൽക്കാലിക വിസ നിരോധനം പ്രാബല്യത്തിൽ വന്നത്. ആറുമാസ കാലാവധി കഴിയുമ്പോൾ വീണ്ടും നിരോധനം പുതുക്കുകയാണ് അധികൃതർ ചെയ്യുന്നത്.നിലവിൽ ഈ വിസകളിൽ ജോലിചെയ്യുന്നവർക്ക് നിരോധനം ബാധകമല്ല.