മസ്‌കറ്റ്:ഒമാനിൽ ദുരിതം വിതച്ചുകൊണ്ട് ശക്തമായ മഴയും ആലിപ്പഴ വർഷവും തുടരുന്നു. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ മൂന്ന് ദിവസമായി കനത്ത മഴയിൽ വൻനാശനഷ്ടങ്ങളും രേഖപ്പെടുത്തി. ഇതിനകം രണ്ടുപേരാണ് മരിച്ചത്. ഈയടുത്ത കാലത്തുണ്ടായ ഏറ്റവും ശക്തമായ മഴയായാണ് ഇതിനെ വിലയിരുത്തുന്നത്.

വാദികളും റോഡുകളും വെള്ളത്താൽ പലയിടത്തും നിറഞ്ഞു. വരുന്ന 4ദിവസത്തേക്ക് കൂടി മഴയും കാറ്റും ഉണ്ടാകുമെന്ന് കാൽനടക്കാർക്കും വാഹനങ്ങൾക്കും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. മസ്‌കത്ത്, തെക്ക്‌വടക്കൻ ബാത്തിന അടക്കം മേഖലകളിൽ ഇടിയോടെ മഴക്ക് സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വെള്ളം കയറിയതോടെ പ്രധാന റോഡുകളിലടക്കം ഗതാഗതം തടസ്സപ്പെട്ടു. മിന്നലിനെ തുടർന്നും മരം വീണും പലയിടത്തും വൈദ്യുതി തടസ്സപ്പെട്ടു. രാത്രി വൈകിയും വൈദ്യുതിബന്ധം പുന$സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. റുസ്താഖ്, സുവൈഖ്, ഖദറ, ബിദായ, മുസന്ന, മബേല, മസ്‌കത്ത്, റൂവി, മത്ര, മുസന്ന, സൊഹാർ, ലിവ, ബുറൈമി തുടങ്ങിയ സ്ഥലങ്ങളിലാണ് ചൊവ്വാഴ്ച ഉച്ചക്കുശേഷം ശക്തമായ മഴയുണ്ടായത്.

തെക്ക്, വടക്കൻ ബാത്തിന, മസ്‌കത്ത് ഗവർണറേറ്റുകളുടെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും ശക്തമായ മഴയുണ്ടായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മസ്‌കത്തിൽനിന്ന് സീബ് ഭാഗത്തേക്കുള്ള ഗതാഗതം മണിക്കൂറുകൾ തടസ്സപ്പെട്ടു. രാത്രി എട്ടരയോടെയാണ് ഇവിടെ ഗതാഗതം പുന$സ്ഥാപിച്ചത്.

വാദികളിൽ പ്രവാസിയടക്കം നിരവധി പേർ കുടുങ്ങിയ സംഭവങ്ങളും വിവിധയിടങ്ങളിൽ റിപ്പോർട്ട് ചെയ്തു. വാദി അൽ സുഹൈലയിലാണ് പ്രവാസി കുടുങ്ങിയത്. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കേണ്ടതാണ്.