- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ ഡി.എ.സി മാതൃക നടപ്പിലാക്കുന്നതിനുള്ള ചർച്ചകൾക്ക് തുടക്കം
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡിഫറന്റ് ആർട് സെന്റർ ഭിന്നശേഷിക്കുട്ടികൾക്കായി വികസിപ്പിച്ചെടുത്ത ഇന്ദ്രജാലാധിഷ്ഠിതമായ ബോധന മാതൃക ഒമാനിൽ നടപ്പിലാക്കുന്നതിനുള്ള ചർച്ചകൾക്ക് ആരംഭം കുറിച്ചു. ഒമാൻ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓട്ടിസം അവബോധ പരിപാടിയിൽ ഡി.എ.സി ബോധന മാതൃക അവതരിപ്പിച്ചിരുന്നു.
തുടർന്നാണ് ഡി.എ.സി മാതൃക ഒമാനിലും നടപ്പിലാക്കുന്നതിനെക്കുറിച്ച് ചർച്ച നടത്തിയത്. ചർച്ചയിൽ ഒമാൻ സോഷ്യൽ ഡെവലപ്മെന്റ് അണ്ടർ സെക്രട്ടറി റാഷിദ് ബിൻ അഹമ്മദ് അൽ ഷംസി, നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി വൈസ് ചാൻസിലർ ഡോ. അലിഅൽ ബിമാനി, ഓട്ടിസം സൊസൈറ്റി ചെയർമാൻ പ്രൊഫ. യഹിയ അൽഫാരിസി, ഗൾഫാർ മുഹമ്മദാലി, ഇന്ത്യൻ സോഷ്യൽ ക്ലബ് ചെയർമാൻ ബാബു രാജേന്ദ്രൻ, ലോകാരോഗ്യസംഘടന നാഷണൽ പ്രൊഫഷണൽ ഓഫീസർ ഡോ. മുഹമ്മദ് അഷീൽ, ഡിഫറന്റ് ആർട് സെന്റർ എക്സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട് എന്നിവർ പങ്കെടുത്തു.
ഡി.എ.സി മാതൃക ഒമാനിൽ നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചത് സെന്ററിന്റെ പഠനരീതിയുടെ സ്വീകാര്യതയെയാണ് സൂചിപ്പിക്കുന്നതെന്നും ഡി.എ.സിക്ക് ലഭിച്ച വലിയൊരു ബഹുമതിയാണെന്നും ഗോപിനാഥ് മുതുകാട് പറഞ്ഞു.
ഭിന്നശേഷിക്കുട്ടികളിൽ ഇന്ദ്രജാലാധിഷ്ഠിതമായി നൃത്തം, സംഗീതം, ഉപകരണസംഗീതം, ചിത്രരചന തുടങ്ങിയ വിവിധ കലാരൂപങ്ങളിൽ പരിശീലനം നൽകുന്ന നൂതന പഠനരീതിയാണ് ഡിഫറന്റ് ആർട് സെന്ററിൽ നടപ്പിലാക്കിയിരിക്കുന്നത്. ഈ പഠനരീതിയുടെ അടിസ്ഥാനത്തിൽ ഭിന്നശേഷിക്കുട്ടികളുടെ സൈക്കോ മോട്ടോർ തലങ്ങളിൽ വ്യതിയാനം ഉണ്ടായതായി ഗവൺമെന്റ് ഏജൻസികളായ ചൈൽഡ് ഡെവലപ്മെന്റ് സെന്റർ, ഐക്കൺസ് എന്നിവർ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. ഈ റിപ്പോർട്ട് അടക്കമാണ് കോൺഫറൻസിൽ ഗോപിനാഥ് മുതുകാട്, ഡോ.മുഹമ്മദ് അഷീൽ, ഡി.എ.സി സീനിയർ കോർപ്പറേറ്റ് റിലേഷൻഷിപ്പ് മാനേജർ മിനുഅശോക് എന്നിവർ സംയുക്തമായി പഠനരീതി വിദഗ്ദ്ധർക്ക് മുന്നിൽ അവതരിപ്പിച്ചത്.
ഓട്ടിസം അവബോധ പരിപാടിയിൽ ഡിഫറന്റ് ആർട് സെന്ററിൽ നിന്ന് പരിശീലനം നേടിയ വിഷ്ണു.ആർ, ക്രിസ്റ്റീൻ റോസ് ടോജോ, റുക്സാന അൻവർ, ആർദ്ര അനിൽ, അപർണ സുരേഷ് എന്നീ കുട്ടികളുടെ ഇന്ദ്രജാലവും സംഗീതവും ഇഴകലർത്തിയ ഫ്യൂഷൻ പ്രകടനങ്ങൾ സദസ് ഒന്നടങ്കം കരഘോഷത്തോടെയാണ് സ്വീകരിച്ചത്. മാജിക്കിൽ വിഷ്ണുവും അപർണയും ആർദ്രയും കീബോർഡിൽ ക്രിസ്റ്റീനും വയലിനിൽ റുക്സാനയും വിസ്മയവിരുന്നൊരുക്കിയത് കാണികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.
കൈകളുടെ ചലനങ്ങൾ അത്രയധികം കൃത്യമല്ലാത്ത വിഷ്ണുവും ക്രിസ്റ്റീനയും അവതരിപ്പിച്ച മാസ്മരിക പ്രകടനത്തിനു മുന്നിൽ സദസ്സ് ഒന്നടങ്കം എഴുന്നേറ്റ് നിന്നാണ് ആദരവ് പ്രകടിപ്പിച്ചത്. ഒമാൻ യൂണിവേഴ്സിറ്റി ഫാക്കൽറ്റിമാർ, ഗവൺമെന്റ് പ്രതിനിധികൾ, ഭിന്നശേഷി മേഖലയിലെ പ്രഗത്ഭർ എന്നിവർക്ക് മുമ്പിലായിരുന്നു പ്രകടനം. പ്രകടനത്തിനൊടുവിൽ കുട്ടികളെ സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു.