മസ്‌കറ്റ്: ഒമാൻ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള 2040 ഡിജിറ്റൽ-എഐ ട്രാൻഫോർമേഷൻ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി മൈക്രോസോഫ്റ്റ് എഐ ടെക്‌നോളജീസുമായി ചേർന്ന് മെർപ് സിസ്റ്റംസ് സർക്കാർ കമ്പനിയായ ഒമാൻടെല്ലുമായി കരാറിലേർപ്പെട്ടു. ഒമാനിലെ ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളും സേവനങ്ങളും വിപ്ലവകരമായ രീതിയിൽ മാറ്റുന്നതിന്റെ ഭാഗമായാണ് അത്യാധുനിക എഐ സാങ്കേതികവിദ്യ ഉൾപ്പെടുത്തി ഈ മേഖല പരിഷ്‌കരിക്കുന്നത്. ഇൻഫോപാർക്ക് ചേർത്തല കാമ്പസിലാണ് മെർപ് സിസ്റ്റംസിന്റെ ആസ്ഥാനം.

പ്രവർത്തന ക്ഷമത വർധിപ്പിക്കൽ, ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തൽ, നൂതന ഡിജിറ്റൽ ഉത്പന്നങ്ങൾ വികസിപ്പിക്കൽ മുതലായവയാണ് ഈ കരാറിലൂടെ ഒമാനും മെർപും ലക്ഷ്യമിടുന്നത്. ഒമാൻ സർക്കാരിന്റെ വിവിധ സേവനങ്ങൾ പൂർണമായും ഡിജിറ്റൽവത്കരിക്കും. പേപ്പർ രേഖകൾ, ഡിജിറ്റൽ രേഖകൾ എന്നിവ ഓർഗനൈസ്ഡ് ഡാറ്റാ രൂപത്തിലേക്ക് മാറ്റും. ഇതിലൂടെ ബിസിനസ് ആവശ്യങ്ങൾ ഏറെ ലളിതമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് മനുഷ്യവിഭവ ശേഷി ഉപയോഗം പരിഷ്‌കരിക്കും. അഭിമുഖമടക്കമുള്ള കാര്യങ്ങൾ എഐ അവതാർ ടൂൾ ഉപയോഗിച്ചാണ് ചെയ്യുക. ഒമാൻടെല്ലിന്റെ ഇന്റർനെറ്റ് ശൃംഖല മെച്ചപ്പെടുത്തുന്നതു വഴി അതിവേഗ ഇന്റർനെറ്റ് സാധ്യമാക്കും. ഒമാനി പ്രൊഫഷണലുകളെ എഐ സാങ്കേതികവിദ്യയിൽ പരിശീലനവും നൽകും.

ഡിജിറ്റൽ മികവിലേക്കുള്ള യാത്രയിൽ മെർപ് സിസ്റ്റംസുമായുള്ള സഹകരണം നാഴികക്കല്ലാണെന്ന് ഒമാൻടെൽ സിഇഒ തലാൽ അൽ മാമാരി പറഞ്ഞു. ഒമാനെ പൂർണമായും ഡിജിറ്റൽ കണക്ടിവിറ്റിയുള്ള രാജ്യമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

എഐ സാങ്കേതികവിദ്യയുപയോഗിച്ച് ഒമാൻടെല്ലിന്റെ ഡിജിറ്റൽ ട്രാൻഫോർമേഷൻ ചെയ്യുന്നത് ഏറെ പ്രധാനമാണെന്ന് മൈക്രോസോഫ്റ്റ് ഒമാൻ മേധാവി ഷേഖ് സൈഫ് പറഞ്ഞു. ഈ ലക്ഷ്യത്തിലേക്കുള്ള പ്രധാന പങ്കാളിയാണ് മെർപ് സിസ്റ്റംസെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നൂതനത്വത്തിലൂടെ നേതൃത്വം നൽകുകയെന്ന നയത്തിന്റെ ചുവടുപിടിച്ചാണ് ഒമാൻ ടെല്ലുമായുള്ള കരാർ യാഥാർഥ്യമായതെന്ന് മെർപ് സിസ്റ്റംസ് സിഇഒ പ്രേം നായർ പറഞ്ഞു. മൈക്രോസോഫ്റ്റ് എഐയുമായുള്ള സഹകരണത്തോടെ ആധുനിക ടെക്‌നോളജി മേഖലയിൽ പുതിയ അളവ്‌കോൽ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒമാൻടെല്ലുമായുള്ള കരാറിലൂടെ കൂടുതൽ എഐ അധിഷ്ഠിത സാങ്കേതിക വിദ്യകരാറുകൾ ഇൻഫോപാർക്ക് ചേർത്തലയിലെ മികവിന്റെ കേന്ദ്രത്തിലേക്ക് എത്തിക്കുമെന്ന് മെർപ് സിസ്റ്റംസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ സാബു മാധവകുറുപ്പ് പറഞ്ഞു. ഇതിലൂടെ എഐ സാങ്കേതികവിദ്യയിൽ കൂടുതൽ തൊഴിലവസരങ്ങൾ ഇൻഫോപാർക്ക് ചേർത്തലയിൽ ഉണ്ടാവുകയും കൂടുതൽ ഒമാനി സ്ഥാപനങ്ങളുമായി കരാറിലേർപ്പെടാൻ മെർപിനെ സഹായിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

വാണിജ്യസംരംഭങ്ങൾക്ക് ഡിജിറ്റൽ ക്രയശേഷി പൂർണമായും കൈവരിക്കുന്നതിന് സഹായിക്കുന്ന ഗോൾ സർട്ടിഫിക്കേഷനുള്ള സ്ഥാപനമാണ് മെർപ് സിസ്റ്റംസ്. മൈക്രോസോഫ്റ്റ് പവർ, ഡൈനാമിക് 365, മൈക്രോസോഫ്റ്റ് എഐ എന്നിവയാണ് ഇവർ ഉപയോഗപ്പെടുത്തുന്നത്.