മസ്‌കത്ത്: ഒമാനിൽ നിരവധി സർക്കാർ സേവനങ്ങളുടെ സർവീസ് ഫീസുകൾ കുറയ്ക്കുന്നു. ചില സേവനങ്ങളുടെ ഫീസുകൾ പൂർണമായി എടുത്തുകളയുകയും മറ്റ് ചില ഫീസുകൾ സംയോജിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഒമാൻ ധനകാര്യ മന്ത്രാലയം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 2023ന്റെ ആദ്യ പാദത്തിൽ പുതുക്കിയ ഫീസ് ഘടന രാജ്യത്ത് പ്രാബല്യത്തിൽ വരും.

ഒമാനിൽ നടപ്പാക്കുന്ന 'ഗവൺമെന്റ് സർവീസസ് പ്രൈസിങ് ഗൈഡിന്റെ' രണ്ടാം ഘട്ടമാണ് അടുത്ത വർഷം ആദ്യ പാദത്തിൽ പ്രാബല്യത്തിൽ വരുന്നത്. സുപ്രീം ജുഡീഷ്യൽ കൗൺസിൽ, വാണിജ്യ - വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയം, പരിസ്ഥിതി അഥോറിറ്റി, മുനിസിപ്പാലിറ്റി വിഭാഗം, സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അഥോറിറ്റി എന്നിവയുമായി ബന്ധപ്പെട്ട ഫീസുകളിലാണ് ഇളവുകൾ വരുന്നത്.

സുപ്രീം ജുഡീഷ്യൽ കൗൺസിലിലെ 16 സർഫീസ് ഫീസുകൾ കുറയ്ക്കുകയോ റദ്ദാക്കുകയോ സംയോജിപ്പിക്കുകയോ ചെയ്യും. വാണിജ്യ - വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിലെ 127 ഫീസുകളിലും ഇതോടൊപ്പം മാറ്റം വരും. ബൗദ്ധിക സ്വത്തവകാശ സേവനങ്ങളുടെയും, കമ്പനികളുടെയും വ്യക്തികളുടെയും പേറ്റന്റ് രജിസ്‌ട്രേഷൻ ഉൾപ്പെടെയുള്ളവയുടെയും ഫീസുകൾ ഇതിൽ ഉൾപ്പെടുന്നു. മുനിസിപ്പാലിറ്റി മേഖലയിലെ 109 ഫീസുകളാണ് കുറച്ചത്. നിലവിലുള്ള കടലാസ് ഫോമുകൾ നിർത്തലാക്കി അവയ്ക്ക് പകരം ഡിജിറ്റൽ ഫോമുകൾ കൊണ്ടുവരും. വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങളും ലഘൂകരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷവും നിരവധി സർക്കാർ സേവനങ്ങളുടെ ഫീസുകൾ കുറച്ചുകൊണ്ട് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.