മസ്‌കത്ത്: സലാലയിൽ ബാൽക്കണിയിൽ നിന്നു വീണ് മരിച്ച യുവാവിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ട് പോകും. കോട്ടയം ഇരവിച്ചിറ സ്വദേശി പാറപ്പുറത്ത് സിജോ വർഗീസ് ആണ് കഴിഞ്ഞ വെള്ളിയാഴ്ചഔഖത്തിലുള്ള താമസ സ്ഥലത്ത് ബാൽക്കണിയിൽ നിന്ന് വീണു മരിച്ചത്. വെള്ളിയാഴ്ച രാത്രി പള്ളിയിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാനായി കുട്ടികളെ ഒരുക്കുന്നതിനിടയിലായിരുന്നു അപകടം.

കൈയിലുണ്ടായിരുന്ന ഷാമ്പു ബോട്ടിൽ താഴെ വീണപ്പോൾ അത് മുകളിലേക്ക് എറിഞ്ഞു തരാൻ അയൽവാസിയായ സ്വദേശി ബാലനോട് സിജോ ആവശ്യപ്പെടുകയായിരുന്നു. ഇത് പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കാൽവഴുതി താഴേക്ക് വീണത്. തല പൊട്ടി രക്തം വാർന്നുപോയിരുന്നു. സുൽത്താൻ ഖാബൂസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ ഭാര്യ നീതു മോൾ ആ സമയത്ത് വീട്ടിലുണ്ടായിരുന്നു. നീതു ഓടിയെത്തി പരിശോധിച്ച സമയത്ത് സിജോയ്ക്ക് ജീവനുണ്ടായിരുന്നുവെങ്കിലും ഉടൻ തന്നെ തൊട്ടടുത്തുള്ള സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു.

കഴിഞ്ഞ ഏഴ് വർഷമായി ഒമാനിലെ സ്വകാര്യ കമ്പനിയിൽ സേഫ്റ്റി ഓഫീസറായി ജോലി ചെയ്യുകയായിരുന്നു സിജോ. ദമ്പതികൾക്ക് എട്ടും ആറും രണ്ടും വയസുള്ള മൂന്ന് ആൺകുട്ടികളാണ്. മൂത്ത മകൻ ഡാൻ വർഗീസ്, സലാല ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിയാണ്. രേഖകൾ ശരിയാക്കിയ ശേഷം ചൊവ്വാഴ്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യയും മക്കളും മൃതദേഹത്തെ അനുഗമിക്കും.

അമേരിക്കയിലുള്ള സിജോ വർഗീസിന്റെ മാതാപിതാക്കൾ എത്തുന്നത് അനുസരിച്ചായിരിക്കും സംസ്‌കാര ചടങ്ങുകൾ നടക്കുക. വാകത്താനം സെന്റ് തോമസ് മലങ്കര സിറിയൻ കത്തോലിക്ക പള്ളിയിലായിരിക്കും മൃതദേഹം സംസ്‌കരിക്കുകയെന്ന് ബന്ധുക്കൾ അറിയിച്ചു. സിജോയുടെ ആകസ്മിക മരണം സലാലയിലെ മലയാളി സമൂഹത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്‌ത്തിയിരിക്കുകയാണ്