- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശവപ്പെട്ടിയുമായി മുൻ സൈനികൻ എത്തിയപ്പോൾ നാട്ടുകാർക്ക് സംശയം തോന്നി; കുഴിവെട്ടുന്നത് കണ്ട് പൊലീസിനെ അറിയിച്ചത് നിർണ്ണായകമായി; പോസ്റ്റ്മോർട്ടം വെളിപ്പെടുത്തിയത് ശ്വാസം മുട്ടിച്ചുള്ള കൊല; പൂവാറിൽ റിട്ടേ അദ്ധ്യാപികയെ കൊന്നത് മകൻ
തിരുവനന്തപുരം: പൂവാറിൽ റിട്ട. അദ്ധ്യാപികയെ കൊന്നത് മകൻ തന്നെ. പൂവാർ പാമ്പുകാല ഊറ്റുകുഴിയിൽ പരേതനായ പാലയ്യന്റെ ഭാര്യ ഓമന(70)യാണ് കൊല്ലപ്പെട്ടത്. മുൻ സൈനികനായ മകൻ വിപിൻദാസി(39)നെ പൊലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ചയാണ് വയോധികയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഉച്ചയോടെ വിപിൻദാസ് ശവപ്പെട്ടിയുമായി വരുന്നത് കണ്ടപ്പോഴാണ് മരണവിവരം നാട്ടുകാർ അറിയുന്നത്. വീട്ടിലേക്ക് കയറാൻ ശ്രമിച്ച അയൽക്കാരെ ഇയാൾ തടഞ്ഞു. മദ്യലഹരിയിലായിരുന്ന വിപിൻ ദാസ് മൃതദേഹം കുളിപ്പിക്കുകയും മറവുചെയ്യാൻ സ്വന്തമായി കുഴിവെട്ടുകയും ചെയ്തു.
സംശയം തോന്നിയ നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കോവിഡ് പരിശോധനയ്ക്ക് ശേഷമേ മൃതദേഹം മറവു ചെയ്യാൻ സാധിക്കുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. തുടർന്ന് പരിശോധനയ്ക്കായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റുകയുമായിരുന്നു.
പരിശോധനയ്ക്കിടെ കഴുത്തിലും വയറിലുമേറ്റ ക്ഷതം കണ്ടെത്തി. ഇതോടെ മരണം കൊലക്കേസായി. വിപിൻ ദാസും സുഹൃത്തുക്കളും വീട്ടിൽവച്ച് മദ്യപിക്കാറുണ്ടായിരുന്നെന്നും, ഇയാൾ ഓമനയെ മർദിക്കാറുണ്ടായിരുന്നെന്നും നാട്ടുകാർ പൊലീസിനോട് പറഞ്ഞു.
വീടിനോട് ചേർന്നുള്ള പറമ്പിൽ കുഴിവെട്ടുന്നത് കണ്ട് നാട്ടുകാർ അറിയിച്ചതനുസരിച്ച് പൂവാർ പൊലീസ് സ്ഥലത്തെത്തി വീട് പരിശോധിച്ചപ്പോഴാണ് തറയിൽ നിവർത്തിയിട്ട വാഴയിലയിൽ ഓമന മരിച്ചു കിടക്കുന്നത് കണ്ടത്. പോസ്റ്റുേമാർട്ടത്തിൽ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിയാണ് മരണമെന്ന് വ്യക്തമായി. വയറിലും നെഞ്ചിലും ക്ഷതമേറ്റ പാടുകളും ഉണ്ടായിരുന്നു. തുടർന്ന് വിപിനെ കസ്റ്റഡിലെടുകയായിരുന്നു.
അവിവാഹിതനായ വിപിൻദാസ് വിരമിച്ച് നാട്ടിലെത്തിയ ശേഷം അമ്മയ്ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. തികഞ്ഞ മദ്യപാനിയായ ഇയാളും അമ്മയും തമ്മിലെ പ്രശ്നങ്ങൾ നാട്ടുകാർക്ക് അറിയാമായിരുന്നു. സാധാരണ മരണമാക്കി മാറ്റി അമ്മയുടെ മൃതദേഹം സംസ്കരിക്കാനായിരുന്നു വിപിൻദാസിന്റെ പദ്ധതി.
കമുകിൻകോട് സെന്റ് മേരീസ് സ്കൂളിലെ റിട്ട. അദ്ധ്യാപികയായിരുന്ന ഓമന ഇളയ മകനായ വിപിനോടൊപ്പം വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഓമനയുടെ മൂത്തമകൻ ആരോഗ്യ വകുപ്പ് ജീവനക്കാരനായ ചന്ദ്രദാസ് ഇവരുമായി രമ്യതയിലല്ലാതായിട്ട് വർഷങ്ങളായതായി സമീപവാസികൾ പറഞ്ഞു.
അമ്മയുടെ പെൻഷൻ തുകപിടിച്ചു വാങ്ങി ധൂർത്തടിക്കുന്ന മകന്റെ നിലപാടുകൾ ചോദ്യം ചെയ്തതായിരിക്കാം അമ്മയെ വക വരുത്താൻ തീരുമാനിച്ചതിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ ഉച്ചയോടെ വീട്ടിലെത്തിച്ച മൃതദേഹം വീട്ടുവളപ്പിൽ അടക്കം ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ