- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അന്ന് വീട്ടിലെ ടിവി കേടായതുകൊണ്ട് സുഹൃതി ഒന്നും കാര്യമായി അറിഞ്ഞില്ല': സന്തോഷത്തോടെ ഓമനക്കുട്ടൻ ചിരിക്കുമ്പോൾ ഇളിഭ്യരാകുന്നത് രാഷ്ട്രീയ നേട്ടത്തിനായി കള്ളവീഡിയോ ചമച്ചവർ; പ്രളയ ദുരിതാശ്വാസ ക്യാമ്പിലേക്ക് ഭക്ഷ്യധാന്യങ്ങൾ എത്തിച്ചപ്പോൾ വില്ലനാക്കി; ഇന്ന് മകളുടെ എംബിബിഎസ് നേട്ടം ആഘോഷിക്കുന്നു
ആലപ്പുഴ: 'ഞാനുള്ളപ്പോൾ എന്റെ അയൽക്കാരൻ പട്ടിണികിടക്കരുത്' എന്നാണ് ഓമനക്കുട്ടന്റ ഫിലോസഫി. പോക്കറ്റിൽ പത്തു രൂപയെ ഉള്ളൂവങ്കിൽ, അതാവശ്യം വരുന്നൊരുത്തനെ കണ്ടാൽ എടുത്തുകൊടുക്കാൻ രണ്ടാമതൊന്ന് ആലോചിക്കരുതെന്ന് അച്ഛൻ പറഞ്ഞിട്ടുള്ള പാഠം മറക്കാറില്ല ഈ മനുഷ്യൻ. പ്രളയ കാലത്ത് ദുരിതാശ്വാസക്യാമ്പിൽ അരി എത്തിക്കാൻ അന്തേവാസികളിൽ നിന്ന് പണപ്പിരിവ് നടത്തിയെന്ന പേരിൽ ചില മാധ്യമങ്ങൾ കുറച്ചുനേരത്തേക്ക് കുറ്റവാളിയാക്കിയ നിരപരാധിയായ ഓമനക്കുട്ടൻ. രാഷ്ട്രീയ എതിരാളികളുടെ ഗൂഢാലോചനയിൽ പെട്ടുപോയപ്പോൾ സിപിഎം പോലും ഓമനക്കുട്ടനെ കുറച്ചുനേരത്തേക്ക് തള്ളിപ്പറഞ്ഞു. സത്യമറിഞ്ഞപ്പോൾ തിരുത്തിയെങ്കിലും. പ്രളയകാലത്ത് മാത്രമല്ല കൊറോണകാലത്തും പട്ടിണിക്കാർക്ക് സ്വന്തം കൃഷിവിഭവങ്ങളുമായി ഓമനക്കുട്ടൻ എത്തി. ഏതായാലും ഇപ്പോൾ ഓമനക്കുട്ടൻ വാർത്തകളിൽ നിറയുന്നത് മകൾ സുഹൃതിയുടെ പേരിലാണ്. സുഹൃതി കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് അഡ്മിഷൻ നേടിയിരിക്കുന്നു.
ചേർത്തല തെക്ക് പഞ്ചായത്ത് ആറാം വാർഡ് ഭാവനാലയത്തിൽ ഇപ്പോൾ ഉത്സവം തന്നെ. കൊല്ലം പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജിൽ മെറിറ്റ് സീറ്റിലാണ് സുഹൃതിക്ക് കഴിഞ്ഞദിവസം പ്രവേശനം ലഭിച്ചത്. പ്ലസ്ടുവിനുശേഷം മെഡിക്കൽ എൻട്രൻസ് പരിശീലനത്തിലായിരുന്നു സുഹൃതി. അർത്തുങ്കൽ സെന്റ് ഫ്രാൻസിസ് എച്ച്എസ്എസിൽനിന്നാണ് സുകൃതി പ്ലസ് ടു പാസായത്. പിന്നീട് തൃശൂർ റിജു ആൻഡ് പിഎസ്കെ ക്ലാസസിലായിരുന്നു എൻട്രൻസ് പരിശീലനം. പത്താം ക്ലാസ് കഴിഞ്ഞതോടെ എൻട്രൻസ് പരിശീലനത്തിനായി സുഹൃതി തയ്യാറെടുത്തു. അച്ഛനും അമ്മ രാജേശ്വരിയും എല്ലാറ്റിനും തുണയായി. കൂലിപ്പണിയെടുത്തും സ്വന്തമായി കൃഷി ചെയ്തുമൊക്കെ ലഭിക്കുന്ന ചെറിയ വരുമാനത്തിൽനിന്ന് മിച്ചം പിടിച്ചാണ് സുഹൃതിയുടെയും ഇളയ മകൾ ദൃതിനയുടെയും പഠനകാര്യങ്ങൾ മുടക്കാതെ കൊണ്ടുപോയത്.
പഴയ വ്യാജ പ്രചാരണങ്ങളുടെ നീറ്റൽ പതിയെ അകലുന്നതിനിടെയാണ് മകൾ ഡോക്ടറാകാൻ പോകുന്നുവെന്ന വിവരം ഓമനക്കുട്ടനെ ആവേശഭരിതനാക്കുന്നത്. 'വളരെ വിഷമിച്ച നാളുകളായിരുന്നു..അതൊക്കെ മാറിയിരിക്കുന്നു.' കഴിഞ്ഞ പ്രളയകാലത്ത് ആലപ്പുഴ ചേർത്തല തെക്കുപഞ്ചായത്ത് ആറാംവാർഡ് പട്ടികജാതി, പട്ടിക വർഗ കമ്യൂണിറ്റി ഹാളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് ഓമന കുട്ടനെ തകർത്തുകളഞ്ഞ സംഭവങ്ങൾ അരങ്ങേറിയത്. ഭക്ഷ്യസാധനങ്ങൾ തീർന്നതോടെ ഓമനകുട്ടൻ മുൻകൈയെടുത്ത് ക്യാമ്പിലേക്ക് ഭക്ഷണ സാധനങ്ങൾ എത്തിച്ചു. എന്നാൽ ഓട്ടോയ്ക്ക് കൊടുക്കാൻ കയ്യിൽ പണമില്ലാതെ വന്നതോടെ ക്യാമ്പിലുള്ളവരിൽ നിന്ന് പണം പിരിച്ച് ഓട്ടോ കൂലി നൽകി. ഈ ദൃശ്യങ്ങൾ ഒരാൾ പകർത്തി പുറത്തുവിട്ടു. ഇതോടെ ഓമനക്കുട്ടൻ ക്യാമ്പിൽ പണപ്പിരിവ് നടത്തിയെന്ന പേരിൽ പ്രചാരണം ശക്തമാകുകയും മാധ്യമങ്ങൾ വാർത്തയാക്കുകയും ചെയ്തു. പൊലീസ് ഓമനക്കുട്ടനെതിരെ കേസെടുക്കുകയും ചെയ്തു.
ഇതോടെ സിപിഎം ലോക്കൽ കമ്മിറ്റി അംഗം കൂടിയായ ഓമനക്കുട്ടനെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചു. അന്വേഷണ വിധേയമായി പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു. എന്നാൽ, ഓമനക്കുട്ടനെ പിന്തുണച്ച് ക്യാമ്പിലുള്ളവർ തന്നെ രംഗത്തെത്തി. ക്യാമ്പിെന്റ സുഗമമായ നടത്തിപ്പിനാണ് ഓമനക്കുട്ടൻ പിരിവ് നടത്തിയതെന്ന് ബോധ്യപ്പെട്ടതോടെ പാർട്ടി സസ്പെൻഷൻ പിൻവലിച്ചു. സർക്കാർ ഓമനക്കുട്ടനോട് മാപ്പ് പറയുകയും ചെയ്തു. സത്യം പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ അടക്കം ഓമനക്കുട്ടന് അഭിനന്ദ പ്രവാഹമായി. എന്നിരുന്നാലും തന്റെ നാട്ടുകാരിൽ ചിലർ തന്നെ തനിക്കെതിരെ പാരയുമായി വന്നത് അദ്ദേഹത്തെ വേദനിപ്പിച്ചു. അതെല്ലാം ഓമനക്കുട്ടൻ മറക്കുകയാണ്, മകളുടെ നേട്ടത്തിലൂടെ.
ക്യാമ്പിൽ പണപ്പിരിവ് നടത്തിയെന്ന വാർത്തകൾ ഏറെ വേദനിപ്പിച്ചിരുന്നു. മക്കളുടെ പഠനം നല്ലതുപോലെ നടക്കുന്ന സമയത്താണ് ആരോപണങ്ങൾ വേട്ടയാടിയത്. വീട്ടിൽ ടിവി കേടായിരുന്നതുകൊണ്ട് സുകൃതി വിശദമായി കാര്യങ്ങൾ അറിയാതിരുന്നത് ആശ്വാസമായി. എന്നാൽ കൂടെയുണ്ടായിരുന്ന ഇളയമകൾ ദൃതിന എല്ലാം കാണുകയും കേൾക്കുകയും ചെയ്തിരുന്നു. മക്കളെ ഒരുപാട് വേദനിപ്പിച്ച സംഭവമായിരുന്നു അത്. എന്നാൽ തന്നെ അറിയുന്നവർ ഒപ്പം നിന്നു. സത്യാവസ്ഥ തിരിച്ചറിഞ്ഞപ്പോൾ ഒത്തിരിപ്പേർ ആശ്വാസവുമായി എത്തുകയും ചെയ്തു. മനസ് നീറിയ ആ നിമിഷങ്ങളെല്ലാം ഇപ്പോൾ മറക്കുകയാണ്. മകളുടെ ആഗ്രഹങ്ങൾക്ക് താങ്ങായി നിന്നു. ഇനി അവർ പഠിച്ച് മുന്നേറിക്കോളും'-ഓമനക്കുട്ടൻ പറയുന്നു.
ഓമനക്കുട്ടന്റെ ബന്ധുവായ അനീഷ് വി.ബി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അച്ഛനെ പോലെ തന്നെ നന്മയുള്ളവളായി, മനുഷ്യ സ്നേഹിയായ ഒരു ഡോക്ടർ ആയി പഠിച്ചു വരട്ടെ എന്ന് ആശംസിക്കുന്നെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഓമനക്കുട്ടനെ വാഴ്ത്താനും ഇകഴ്ത്താനും ഒരുപോലെ നിന്ന സോഷ്യൽ മീഡിയ പുതിയ വാർത്തയും വൈറലാക്കി.
കുടുക്കാൻ വീഡിയോ പിടിച്ചവനോടും വിരോധമില്ല
കൊറോണ കാലത്തും ഓമനക്കുട്ടൻ സന്നദ്ധസേവനത്തിലൂടെ നാട്ടുകാർക്ക് പ്രിയപ്പെട്ടവനായി.
സ്വന്തം കൃഷിയിടത്തിലെ പച്ചക്കറികൾ മുഴുവൻ സാമൂഹിക അടുക്കളയിലേക്ക് സംഭാവന ചെയ്തു ഓമനക്കുട്ടൻ. ആരും ആവശ്യപ്പെടാതെ സ്വയമെടുത്ത തീരുമാനം. സിപിഎമ്മിന്റെ കുറുപ്പൻകുളങ്ങര ലോക്കൽ കമ്മിറ്റിയംഗമാണ് ഓമനക്കുട്ടൻ. 12,000 രൂപ മുടക്കിയിറക്കിയ കൃഷിയിൽ നിന്ന് രണ്ടു മൂന്നു മാസത്തെ അദ്ധ്വാനത്തിന്റെ ഫലമായി മോശമല്ലാത്ത വിളവും കിട്ടി. ചന്തയിൽ കൊണ്ടു പോയി വിറ്റാൽ ഒന്നു രണ്ടു മാസം വീടു മുന്നോട്ടു കൊണ്ടുപോകാനുള്ളത് കിട്ടുമായിരുന്നു. കൂലിപ്പണിക്കാരനാണെങ്കിലും, കമ്യൂണിറ്റി കിച്ചനാകുമ്പോൾ ധാരാളം പേർ പട്ടിണി കിടക്കാതിരിക്കും. അതുകൊണ്ടാണ് വിളവെല്ലാം അവർക്ക് കൊടുത്തത്.
പ്രളയകാലത്തെ പിരിവ് വിവാദം രാഷ്ട്രീയ ഗൂഢലോചനയായിരുന്നു എന്നാണ് ഓമനക്കുട്ടൻ പറയുക. 'ക്യാമ്പിൽ താമസിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തവർ തന്നെ ചെയ്ത ചതി. അവരത് മനഃപൂർവം ചെയ്തതല്ല, ചെയ്യിപ്പിച്ചതാണ്. ഇപ്പോഴതെക്കുറിച്ചോർത്ത് കുറ്റബോധവുമുണ്ടവർക്ക്. അക്കാര്യത്തെ കുറിച്ച് ഞാനവരോട് ചോദിക്കാനൊന്നും പോയിട്ടില്ല.' തന്നെ കുടുക്കാൻ മൊബൈലിൽ വീഡിയോ പിടിച്ച ആളുടെ അമ്മയെ കണ്ടപ്പോഴും സ്നേഹത്തോടെ ചിരിക്കുക മാത്രമാണ് ചെയ്തത്. ആ ചെറുപ്പക്കാരനോടും ഓമനക്കുട്ടന് വിരോധമില്ല. അവന് തന്നെ അറിയാം ചെയ്തത് തെറ്റായിപ്പോയെന്ന്. പിന്നെ തങ്ങളായി എന്തു പറയാനും ചെയ്യാനുമാണ് എന്നാണ് ഈ മനുഷ്യൻ പറയുക. അതാണ് ഓമനക്കുട്ടൻ.