മസ്‌കറ്റ്: ഒമാനിൽ സർക്കാർ കമ്പനികളുടെ സ്വകാര്യവത്കരണത്തിന് വഴിയൊരുക്കുന്ന നടപടികളുമായി അതിവേഗം മുന്നോട്ട്. വിവിധ കമ്പനികളിലെ സർക്കാർ ഓഹരികൾ പുതുതായി രൂപവത്കരിച്ച ഹോൾഡിങ് കമ്പനികൾക്കും സ്വതന്ത്രാധികാരമുള്ള വെൽത്ത് ഫണ്ടുകൾക്കും കൈമാറുന്നതിനുള്ള നടപടികൾ ധനകാര്യമന്ത്രാലയം ആരംഭിച്ചു.

എണ്ണവില ഇടിഞ്ഞതുമൂലം ഉടലെടുത്ത സാമ്പത്തിക കമ്മി ഒഴിവാക്കാനാണ് നീക്കം വേഗത്തിലാക്കുന്നത്. ചില കമ്പനികൾ സർക്കാറിനുണ്ടാക്കുന്ന നഷ്ടം ഒഴിവാക്കാനും സേവനങ്ങൾ മെച്ചപ്പെടുത്താനുമാണ് പുതിയ നീക്കമെന്ന് ധനകാര്യം മന്ത്രാലയം അധികൃതർ അറിയിച്ചു.

കഴിഞ്ഞ ജുണിൽ നടന്ന മജ്ലിസു ശൂറ സമ്മേളനം ഒമാൻ നടപ്പു ബജറ്റിലെ കമ്മി വിശദമായി ചർച്ചചെയ്യുകയും എണ്ണ വില ഇടിഞ്ഞ സാഹചര്യത്തിൽ ഇത് നികത്താനുള്ള മാർഗങ്ങൾ ആരായുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി സർക്കാർ മേഖലയിലുള്ള സ്ഥാപനങ്ങളുടെ നിലവാരവും മറ്റും പഠിക്കാനും റിപ്പോർട്ട് സമർപ്പിക്കാനും പ്രത്യേക സമിതിയെയും നിയമിച്ചിരുന്നു. ഈ സമിതി വിശദമായ റിപ്പോർട്ട് തയാറാക്കുകയും അടുത്തിടെ നടക്കാനിരിക്കുന്ന ശൂറ കൗൺസിലിൽ സമർപ്പിക്കുകയും ചെയ്യും.

കൂടുതൽ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുന്നതിനുള്ള നിർദേശങ്ങൾ റിപ്പോർട്ടിൽ ഉണ്ടാകുമെന്നാണ് അറിയുന്നത്.എണ്ണ വില ഇടിഞ്ഞതുമൂലം രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി നേരിടാൻ നിരവധി നടപടികൾ സർക്കാർ കൈക്കൊണ്ടിരുന്നു. നടപ്പ് സാമ്പത്തിക വർഷത്തെ സാമ്പത്തിക കമ്മി കുറക്കാൻ ലക്ഷ്യമിട്ടാണ് ഈ നടപടികൾ. വിസ ഫീസ് അടക്കം എല്ലാ സേവനങ്ങൾക്കുമുള്ള സേവന നിരക്കുകൾ വർധിപ്പിച്ചതടക്കമുള്ള നടപടികൾ ഇതിൽ ഉൾപ്പെടും. എണ്ണ സബ്സിഡി അടക്കം നിരവധി സബ്സിഡികളും എടുത്തുകളഞ്ഞിരുന്നു.