- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ലയും കുടുംബവും വീണ്ടും വീട്ടുതടങ്കലിൽ; 'പുതിയ കശ്മീർ ഇതാണ്'; 'യാതൊരു വിശദീകരണവുമില്ലാതെ ഞങ്ങളെ വീട്ടിൽ പൂട്ടിയിട്ടിരിക്കുന്നു'; ഗുപ്കാറിലെ വീടിനു പുറത്ത് വാഹനങ്ങളിലെത്തിയ പൊലീസ് സംഘത്തിന്റെ ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ച് നാഷനൽ കോൺഫറൻസ് നേതാവ്
ശ്രീനഗർ: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ലയെയും കുടുംബത്തെയും വീണ്ടും വീട്ടുതടങ്കലിലാക്കി. ട്വിറ്ററിലൂടെയാണ് വിവരം നാഷനൽ കോൺഫറൻസ് നേതാവായ ഉമർ അറിയിച്ചത്. തന്റെ പിതാവും പാർട്ടി അധ്യക്ഷനുമായ ഫാറൂഖ് അബ്ദുല്ല, സഹോദരി, കുട്ടികൾ എന്നിവരെയും അധികൃതർ വീട്ടിൽ പൂട്ടിയിട്ടിരിക്കുകയാണെന്നും ഉമർ ട്വീറ്റ് ചെയ്തു.
'2019 ആഗസ്റ്റിനു ശേഷമുള്ള പുതിയ ജമ്മു കശ്മീരാണിത്. യാതൊരു വിശദീകരണവുമില്ലാതെ ഞങ്ങളെ വീട്ടിൽ പൂട്ടിയിട്ടിരിക്കുകയാണ്. സിറ്റിങ് എംപി കൂടിയായ പിതാവിനെയും എന്നെയും വീട്ടുതടങ്കലിലാക്കിയത് ദൗർഭാഗ്യകരമാണ്. സഹോദരിയേയും കുട്ടികളേയും അവരുടെ വീട്ടിലും പൂട്ടിയിട്ടിരിക്കുകയാണ്' ഉമർ ട്വിറ്ററിൽ കുറിച്ചു. വീട്ടുജോലിക്കാരെ അകത്തേക്ക് കടത്തിവിടുന്നില്ലെന്ന് മറ്റൊരു ട്വീറ്റിൽ ഉമർ ആരോപിച്ചു.
പി.ഡി.പി അധ്യക്ഷയും മുന്മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തിയെ ശനിയാഴ്ച വീട്ടുതടങ്കലിലാക്കിയിരുന്നു. 2019ലെ പുൽവാമ ആക്രമണത്തിന്റെ രണ്ടാം വാർഷിക ദിനമായതിനാൽ നേതാക്കൾക്കും വി.ഐ.പികൾക്കും സുരക്ഷാ ഭീഷണിയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ജമ്മു കശ്മീർ പൊലീസ് പ്രസ്താവനയിൽ വ്യക്തമാക്കി.
ഗുപ്കാറിലെ വീടിനു പുറത്ത് വാഹനങ്ങളിലെത്തിയ പൊലീസ് സംഘത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചാണ് ഉമർ അബ്ദുള്ള വിവരം അറിയിച്ചത്. അതേസമയം വീട്‌വിട്ട് പുറത്ത്‌പോകരുതെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ വർധിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഞായറാഴ്ച ജമ്മുവിലെ ബസ്സ്റ്റാൻഡിൽ വെച്ച് സ്‌ഫോടക വസ്തുക്കൾ കണ്ടെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ. സ്‌ഫോടക വസ്തുക്കൾ നിർവീര്യമാക്കാൻ ശ്രമം തുടങ്ങി.