മുംബൈ: മഹാരാഷ്ട്രയിൽ ഏഴു പേർക്കു കൂടി ഓമിക്രോൺ സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. വിദേശത്തുനിന്ന് മടങ്ങിയെത്തിയ നാലു പേർക്കും അവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ട മൂന്നു പേർക്കുമാണ് ഓമിക്രോൺ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കേസുകൾ എട്ടും രാജ്യത്ത് പന്ത്രണ്ടും ആയി.

ഇവരിൽ 6 പേർ പിംപ്രിചിൻച്വാദിൽ നിന്നുള്ളവരാണ് .ഒരാൾ പൂണെയിൽ നിന്നാണ്. പിംപ്രി ചിൻച്വാദിൽ രോഗം സ്ഥിരീകരിച്ചത് നൈജീരിയയിൽ നിന്നെത്തിയ മൂന്നുപേർക്കും അവരുമായി സമ്പർക്കം ഉണ്ടായ മൂന്നുപേർക്കുമാണ്. 45 വയസുള്ള ഇന്ത്യൻ വംശജയായ നൈജീരിയൻ പൗര, അവരുടെ പന്ത്രണ്ടും പതിനെട്ടും വയസ്സുള്ള രണ്ട് പെൺമക്കൾ എന്നിവർക്കാണ് ഓമിക്രോൺ.

സഹോദരനെ കാണാൻ വേണ്ടി നവംബർ 24 നാണ് എത്തിയത്. 45 വയസ്സുള്ള സഹോദരൻ അദ്ദേഹത്തിന്റെ 7, ഒന്നര വയസ്സുള്ള രണ്ട് പെൺമക്കൾ എന്നിവർക്കും രോഗം സ്ഥിരീകരിച്ചു. സമ്പർക്കത്തിൽ ഉണ്ടായിരുന്ന 13 പേരുടെ സാമ്പിൾ ആണ് പരിശോധിച്ചത്.

പൂണെയിൽ രോഗം സ്ഥിരീകരിച്ചയാൾ നവംബർ 18 മുതൽ 25 വരെ ഫിൻലണ്ട് സന്ദർശിച്ചിരുന്നു. 29ന് ചെറിയ രോഗലക്ഷണങ്ങൾ കണ്ടതോടെ സാമ്പിൾ പരിശോധിക്കുകയായിരുന്നു. ഇപ്പോൾ ആരോഗ്യനില തൃപ്തികരമാണ്. മഹാരാഷ്ട്രയിലെ താനെയിൽ ഓമിക്രോൺ സ്ഥിരീകരിച്ചയാൾ വാക്‌സീനെടുത്തിരുന്നില്ല. എന്നാൽ ഇദ്ദേഹവുമായി സമ്പർക്കത്തിൽ വന്നവർക്കാർക്കും രോഗമില്ല.

ഞായറാഴ്ച രാവിലെ ഡൽഹിയിലും ഒരു കേസ് റിപ്പോർട്ട് ചെയ്തിരുന്നു. നേരത്തേ സിംബാബ്വെയിൽനിന്നു കഴിഞ്ഞമാസം 28ന് ഗുജറാത്തിലെ ജാംനഗറിലെത്തിയ 72 വയസ്സുകാരനും ദക്ഷിണാഫ്രിക്കയിൽ നിന്നു കഴിഞ്ഞ മാസം 24ന് മുംബൈ ഡോംബിവ്ലിയിലെത്തിയ 33 വയസ്സുകാരനും ശനിയാഴ്ച ഓമിക്രോൺ സ്ഥിരീകരിച്ചിരുന്നു. നേരത്തേ സ്ഥിരീകരിച്ച രണ്ടു പേരും ബെംഗളൂരുവിലായിരുന്നു. ഇതിൽ ദക്ഷിണാഫ്രിക്കൻ പൗരനായ ഒരാൾ രാജ്യം വിട്ടിരുന്നു.

രാജ്യത്താകെ ഓമിക്രോൺ ബാധിതരുടെ എണ്ണം 12 ആയി. മൂന്ന് സംസ്ഥാനങ്ങൾക്ക് പിന്നാലെ ഡൽഹിയിൽ ഇന്ന് ഓമിക്രോൺ സ്ഥിരീകരിച്ചത്. ടാൻസാനിയയിൽ നിന്നെത്തി ഡൽഹി എൽഎൻജെപി ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന 37കാരനാണ് ഓമിക്രോൺ സ്ഥിരീകരിച്ചത്. 12 പേരുടെ സാമ്പിൾ ജനിത ശ്രേണീകരണം നടത്തിയതിൽ ഒന്നിലാണ് പുതിയ വകഭേദം കണ്ടത്. 5 സാമ്പിളുകളുടെ കൂടി ഫലം വരാനുണ്ട്. ഓമിക്രോൺ ബാധിതന് നേരിയ രോഗലക്ഷണങ്ങളേയുള്ളൂവെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

ബംഗളൂരുവിൽ ഡോക്ടർക്ക് ഓമിക്രോൺ ബാധിച്ച പശ്ചാത്തലത്തിൽ ആയിരത്തിലേറെ പേരെ നിരീക്ഷിക്കേണ്ടിവരുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. ഗുജറാത്തിൽ ഓമിക്രോൺ ബാധിതനായ 72കാരന്റെ സമ്പർക്കപട്ടികയിലെ മുഴുവൻ പേരെയും കണ്ടെത്താനായിട്ടില്ല. ബംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന വിദേശ മെഡിക്കൽ കോൺഫറൻസിൽ നിന്ന് 46കാരനായ ഡോക്ടർക്ക് ഓമിക്രോൺ ബാധിച്ചെന്നാണ് നിഗമനം.

സർക്കാരിനെ അറിയിക്കാതെ നടത്തിയ കോൺഫറൻസിൽ ദക്ഷിണാഫ്രിക്ക, സിംബാബ്വേ എന്നിവിടങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തുിരുന്നു. കോൺഫറൻസിൽ പങ്കെടുത്തവർ മാളുകളും റസ്റ്റോറന്റുകളും സന്ദർശിച്ചു. 46 കാരനായ ഡോക്ടറുടേതടക്കം സമ്പർക്ക പട്ടിക വിപുലീകരിക്കുമ്പോൾ ആയിരത്തിലേറെ പേരെ നിരീക്ഷിക്കേണ്ടിവരും. ദക്ഷിണാഫ്രിക്കൻ സ്വദേശിക്ക് ദുബായിലേക്ക് മടങ്ങാൻ വ്യാജ നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകിയ സ്വകാര്യ ലാബ് സർക്കാർ നിർദ്ദേശത്തെ തുടർന്ന് അടച്ചുപൂട്ടി.

ഡൽഹിയിലടക്കം ഓമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ പരിശോധന വാക്‌സിനേഷൻ നിരക്കുകൾ ആരോഗ്യമന്ത്രാലയം അവലോകനം ചെയ്യും. കൂടുതൽ യാത്രക്കാർ എത്തുന്ന സാഹചര്യത്തിൽ വിമാനത്താവളങ്ങളിലെ പരിശോധന കൗണ്ടറുകളുടെ എണ്ണം കൂട്ടണമെന്ന ആവശ്യവും കേന്ദ്രത്തിന് മുന്നിലുണ്ട്.