- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓമിക്രോൺ ഭീഷണി: അതീവ ജാഗ്രതയിൽ സംസ്ഥാനം; ആരോഗ്യവകുപ്പ് അടിയന്തര ഉന്നതതലയോഗം വിളിച്ചു; ഓമിക്രോൺ സ്ഥിരീകരിച്ചവരുമായി സമ്പർക്കമുണ്ടായിരുന്നവരെ കണ്ടെത്താനും ഇവരെ പരിശോധനയ്ക്ക് വിധേയമാക്കാനുമുള്ള ശ്രമം തുടരുന്നു; കേന്ദ്ര സംഘം കേരളത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ ഓമിക്രോൺ വൈറസ് ബാധ കണ്ടെത്തിയ സാഹചര്യത്തിൽ ആരോഗ്യമന്ത്രി വീണാജോർജ് അടിയന്തര ഉന്നതതലയോഗം വിളിച്ചു. ഇന്നാണ് യോഗം ചേരുന്നത്. ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും എല്ലാ ജില്ലാ മെഡിക്കൽ ഓഫീസർമാരും യോഗത്തിൽ പങ്കെടുക്കും. ഇന്നലെ നാലുപേർക്ക് കൂടി സംസ്ഥാനത്ത് ഓമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് യോഗം വിളിച്ചത്. ഓമിക്രോൺ സ്ഥിരീകരിച്ചവരുമായി സമ്പർക്കമുണ്ടായിരുന്നവരെ കണ്ടെത്താനും ഇവരെ പരിശോധനയ്ക്ക് വിധേയമാക്കാനുമുള്ള ശ്രമം നടക്കുകയാണ്. ഇതുസംബന്ധിച്ച കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും.
കൂടുതൽ ഓമിക്രോൺ കേസുകൾ ഉണ്ടായാൽ പ്രതിരോധപ്രവർത്തനങ്ങൾ എങ്ങനെ വേണമെന്നതും യോഗം ചർച്ച ചെയ്യും. ഇതിനായി ആശുപത്രികൾ സജ്ജമാക്കുന്നതിലെ നടപടികളും യോഗം വിലയിരുത്തും. മൂന്നാം തരംഗം മുന്നിൽ കണ്ട് പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നതിനാൽ വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വരില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.
നാലുപേർക്കുകൂടി ഓമിക്രോൺ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ആരോഗ്യവകുപ്പ് അതീവജാഗ്രതയിലാണ്. രോഗബാധിതരുടെ സമ്പർക്കപ്പട്ടികയിലുള്ള, ലക്ഷണങ്ങളുള്ളവർക്ക് ഇന്ന് കോവിഡ് പരിശോധന നടത്തും. പോസിറ്റീവാകുന്നവരുടെ ഫലം ജനിതക ശ്രേണീകരണത്തിന് അയക്കും. എറണാകുളത്തും തിരുവനന്തപുരത്തും രോഗം സ്ഥിരീകരിച്ച എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണ്.
ആദ്യം ഓമിക്രോൺ സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ ഭാര്യയും ഭാര്യമാതാവുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ച രണ്ടുപേർ. കോംഗോയിൽ നിന്നെത്തിയ എറണാകുളം സ്വദേശിയും യുകെയിൽ നിന്നെത്തിയ തിരുവനന്തപുരം സ്വദേശിനിയുമാണ് മറ്റുള്ളവർ. സംസ്ഥാനത്ത് ഇതുവരെ അഞ്ച് പേർക്കാണ് രോഗ ബാധ കണ്ടെത്തിയത്.
ബ്രിട്ടനിൽ നിന്നു കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ഉള്ളൂർ പോങ്ങുംമൂട് സ്വദേശിയായ യുവതി (25), കോംഗോയിൽ നിന്നു കൊച്ചി വിമാനത്താവളത്തിലെത്തിയ ഉദയംപേരൂർ സ്വദേശി (34), ബ്രിട്ടനിൽ നിന്നും കൊച്ചിയിലെത്തി കഴിഞ്ഞ ഞായറാഴ്ച ഓമിക്രോൺ സ്ഥിരീകരിച്ച ആളുടെ ഭാര്യ (36), ഭാര്യാമാതാവ് (55) എന്നിവർക്കാണ് ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചത്.
കേരളത്തിൽ സന്ദർശനം നടത്തുന്ന കേന്ദ്ര സംഘം ഇന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. സംഘം തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ സന്ദർശനം നടത്തിയിരുന്നു. കോവിഡ് മരണങ്ങൾ സംബന്ധിച്ച കേസ് ഷീറ്റുകൾ പരിശോധിച്ചു. വ്യക്തതയില്ലാത്ത കാര്യങ്ങൾ ഇന്നത്തെ യോഗത്തിൽ വിശദീകരിക്കാൻ നിർദേശിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ