ലണ്ടൻ: ഒരാഴ്‌ച്ചകൊണ്ട് ബ്രിട്ടനിലെ കോവിഡ് വ്യാപന നിരക്കിൽ ഉണ്ടായത് 45 ശതമാനത്തിന്റെ ഇടിവ്. ഓമിക്രോൺ തരംഗംകെട്ടടങ്ങുന്നു എന്നതിന്റെ സൂചനയാണിതെന്ന് ഈ രംഗത്തെ വിദഗ്ദർ പറയുന്നു. കോവിഡ് എന്ന മാഹാമാരിയെ പിടിച്ചുകെട്ടുന്ന, ഉത്തരാർദ്ധഗോളത്തിലെ ആദ്യത്തെ രാജ്യമായിരിക്കും ബ്രിട്ടൻ എന്നാണ് ചില വിദഗ്ദർ പറയുന്നത്. ഇന്നലെ 1,20,821 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായി ആറം ദിവസമാണ് പ്രതിവാര വ്യാപനതോതിൽ കുറവുണ്ടാകുന്നത്. ഒരു മാസത്തിനകം, നാലാം തരംഗം പൂർണ്ണമായും കെട്ടടങ്ങും എന്നുതന്നെയാണ് ഇത് സൂചിപ്പിക്കുന്നത്.

അതേസമയം, കഴിഞ്ഞയാഴ്‌ച്ചയിലേതിന്റെ ഏഴിരട്ടി കോവിഡ് മരണങ്ങളാണ് ഇന്നലെ രേഖപ്പെടുത്തിയത്. 379 കോവിഡ് മരണങ്ങൾ ഇന്നലെ ബ്രിട്ടനിൽ രേഖപ്പെടുത്തി. എന്നിരുന്നൽ പോലും കഴിഞ്ഞ ജനുവരിയിലെ രണ്ടാം തരംഗത്ത് ദൃശ്യമായതിന്റെ അഞ്ചിലൊന്ന് മരണങ്ങൾ മാത്രമാണ് ഇപ്പോൾ സംഭവിക്കുന്നത് എന്നത് എടുത്തുപറയേണ്ട കാര്യമാണ്. ഇതോടെ വൈറസ് വ്യാപനത്തെ തടയാൻ ശ്രമിക്കാതെ വൈറസിനൊപ്പം ജീവിക്കുക എന്നതിന് പ്രാധാന്യം കൊടുക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള സമ്മർദ്ദം സർക്കാരിനു മേൽ ഏറിയിരിക്കുകയാണ്.

പ്ലാൻ ബി യിലെ നിയന്ത്രണങ്ങൾ ഓരോന്നായി ഈ മാസം മുതൽ തന്നെ നീക്കം ചെയ്തേക്കുമെന്ന ചില സൂചനകൾ പുറത്തുവരുന്നുണ്ട്. ഉയർന്ന രോഗവ്യാപന നിരക്കും അതുപോലെ ഉയർന്ന വാക്സിൻ നിരക്കും കൊണ്ട് ബ്രിട്ടനിലെ പോല്ലുലേഷൻ ഇമ്മ്യുണീറ്റി ഇപ്പോൾ വളരെയധികം ഉയർന്നിരിക്കുന്നു എന്നാണ് പ്രൊഫസർ ഹേമാൻ പറഞ്ഞത്. അതുകൊണ്ടു തന്നെ കോവിഡ് ബാധിച്ചവരിൽ രോഗം ഗുരുതരമാകുവാനോ മരണത്തിനോ സാധ്യത കുറവാണെന്നും അദ്ദേഹം പറയുന്നു. അതുകൊണ്ടു തന്നെ കോവിഡ് സാവധാനം മഹാമാരി എന്നതിൽ നിന്നും ഒരു പകർച്ചവ്യാധി എന്നതിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.

നാലാം തരംഗം കെട്ടടങ്ങാൻ പോകുന്നു എന്നതിന്റെ സൂചനയായി വടക്ക് കിഴക്കൻ മേഖലയൊഴിച്ച് ബ്രിട്ടന്റെ എല്ലാ ഭാഗങ്ങളിലും വ്യാപനനിരക്ക് കുത്തനെ താഴോട്ട് വരികയാണ്. ഓമിക്രോൺ ആദ്യം ആഞ്ഞടിച്ച ലണ്ടൻ നഗരത്തിലാണെങ്കിൽ, ക്രിസ്ത്മസിനു മുൻപ് തന്നെ രോഗവ്യാപന തോത് താഴേക്ക് വരാൻ തുടങ്ങിയിരുന്നു. ഇംഗ്ലണ്ടിന്റെ എട്ട് മേഖലകളിൽ ഏഴിലും രോഗവ്യാപനം ഇടിയുകയാണ്. എന്നാൽ, ക്രിസ്ത്മസ് അവധി കഴിഞ്ഞ് അടുത്തയാഴ്‌ച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുമ്പോൾ കാര്യങ്ങൾ കീഴ്മേൽ മറിയുമോ എന്ന ആശങ്ക ബാക്കിനിൽക്കുന്നു.

മുൻ തരംഗങ്ങളെ അപേക്ഷിച്ച് മരണനിരക്ക് വളരെ കുറവാണെന്ന് മാത്രമല്ല, രോഗം ഗുരുതരമായി ആശുപത്രികളിൽ അഭയം തേടുന്നവരുടെ എണ്ണവും കുറഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ, ഇനി കോവിഡിനൊപ്പം ജീവിക്കാനുള്ള പദ്ധതികൾക്കായിരിക്കും സർക്കാരും പ്രാധാന്യം നൽകുക. ഈ മാസം തന്നെ നിയന്ത്രണങ്ങൾ പിൻവലിക്കാൻ തുടങ്ങും. വർക്ക് ഫ്രം ഹോം നിയന്ത്രണം ആദ്യം പിൻവലിക്കണമെന്നാണ്മന്ത്രിമാർ പലരും ആവശ്യപ്പെടുന്നത്. ബ്രിട്ടന്റെ സമ്പാദ്വ്യവസ്ഥയ്ക്ക് ഉണർവേകാൻ അത് ആവശ്യമാണെന്നാണ് അവരുടെ പക്ഷം.

ദക്ഷിണാഫ്രിക്കയിൽ സംഭവിച്ചതുപോലെ, ആഞ്ഞടിച്ചെത്തിയ ഓമിക്രോൺ സ്വാഭാവികമായി തന്നെ പിൻവാങ്ങുകയാണെന്നാണ് മറ്റു ചില വിദഗ്ദരുടെ അഭിപ്രായം. മാത്രമല്ല, മുൻ വകഭേദങ്ങളേക്കാൾ താരതമ്യേന ദുർബലമായ വകഭേദമായതിനാൽ ഒരു മഹാമാരി എന്ന രീതിയിൽ ഇനി കോവിഡിനെ ഭയക്കേണ്ടതില്ലെന്നും അവർ പറയുന്നു. അങ്ങനെ, കോവിഡിനെ നിയന്ത്രിച്ച് ബ്രിട്ടൻ സാധാരണ ജീവിതത്തിലേക്ക് ഉടൻ മടങ്ങുമെന്ന പ്രതീക്ഷ എല്ലായിടത്തും നിറഞ്ഞിരിക്കുകയാണ്.