- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ദക്ഷിണാഫ്രിക്കൻ പൗരന്മാരിൽ ഡെൽറ്റാ വകഭേദമെന്ന് പ്രാഥമിക വിലയിരുത്തൽ; വിശദ സ്രവ പരിശോധനാ ഫലം നിർണ്ണായകം; ഒമിക്രോൺ ഇന്ത്യയിലും എത്തിയോ? ബംഗളൂരുവിലെ അന്തിമ ഫലം നിർണ്ണായകം
ബെംഗളൂരു: ഒമിക്രോൺ ഇന്ത്യയിലും എത്തിയോ? കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോൺ ഭീതിക്കിടെ, ബെംഗളൂരുവിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ദക്ഷിണാഫ്രിക്കൻ പൗരന്മാരാണ് പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. സ്രവപരിശോധനാഫലം വരാൻ 48 മണിക്കൂർ എടുത്തേക്കും. അതിന് ശേഷം മാത്രമേ ഇവർക്ക് ഒമിക്രോൺ ആണോ എന്ന് വ്യക്തമാകൂ. ഡെൽറ്റാ വകഭേദമാണ് ഇവരിൽ കണ്ടെത്തിയതെന്നാണ് പ്രാഥമിക സൂചനകൾ.
ഇവരുടെ സ്രവ സാമ്പിളുകൾ ശേഖരിച്ചതായും വിശദപരിശോധനയ്ക്ക് അയച്ചതായും ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്തു. ഇരുവരെയും ക്വാറന്റൈൻ ചെയ്തതായും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു. നവംബർ ഒന്നിനും 26-നും ഇടയിൽ 94 പേരാണ് ദക്ഷിണാഫ്രിക്കയിൽനിന്നെത്തിയത്. ഇതിൽ രണ്ടുപേരാണ് പതിവ് കോവിഡ് 19 പരിശോധനയിൽ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിട്ടുള്ളത്. ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല.- ബെംഗളൂരു റൂറൽ ഡെപ്യൂട്ടി കമ്മീഷണർ കെ. ശ്രീനിവാസ് പറഞ്ഞു.
അതിനിടെ അന്താരാഷ്ട്ര യാത്രാനിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തുന്നതിൽ പുനഃപരിശോധന വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിട്ടുണ്ട്. ഒമിക്രോൺ വലിയ ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തിൽ വിളിച്ചുചേർത്ത ഉന്നതതലയോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പുതിയ വകഭേദത്തിന്റെ സാന്നിധ്യമുള്ള രാജ്യങ്ങളിൽനിന്ന് വരുന്നവരെ മുഴുവൻ പരിശോധിക്കണം. കോവിഡ്കാല പെരുമാറ്റരീതികൾ കർശനമായി ഉറപ്പുവരുത്തണം- പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
കോവിഡിന്റെ വ്യാപനശേഷി ഏറ്റവും കൂടിയതും അതിമാരകവുമായ വകഭേദത്തെ ചെറുക്കാൻ അതിർത്തികൾ അടച്ചും നിരീക്ഷണം ശക്തമാക്കിയും യുദ്ധസമാന നീക്കവുമായി ലോകരാജ്യങ്ങൾ തയ്യാറെടുക്കുകയാണ്. ദക്ഷിണാഫ്രിക്കൻ രാജ്യങ്ങൾക്ക് കൂടുതൽ രാജ്യങ്ങൾ യാത്രാനിരോധനം ഏർപ്പെടുത്തി. കഴിഞ്ഞ 24ന് ദക്ഷിണാഫ്രിക്കയിൽ സ്ഥിരീകരിച്ച പുതിയ വകഭേദത്തിന് ഒമിക്രോൺ (ഗ്രീക്ക് അക്ഷരമാലയിലെ പതിനഞ്ചാമത്തെ അക്ഷരം) എന്ന് ലോകാരോഗ്യസംഘടന നാമകരണം ചെയ്തു. ആശങ്കാജനകമായ വകഭേദങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി. ബോട്സ്വാന, ബെൽജിയം, ഹോങ്കോങ്, ഇസ്രയേൽ എന്നിവിടങ്ങൾക്കു പിന്നാലെ ജർമനിയിലും ചെക്ക് റിപ്പബ്ലിക്കിലും ബ്രിട്ടണിലും ഒമിക്രോൺ എത്തി. കോവിഡ് സ്ഥിതി രൂക്ഷമായ യൂറോപ്യൻ രാജ്യങ്ങളിൽ അതിവേ?ഗ വ്യാപനശേഷിയുള്ള വൈറസ് എത്തിയത് സ്ഥിതി സങ്കീർണമാക്കി.
ദക്ഷിണാഫ്രിക്കയിൽനിന്ന് നെതർലാൻഡ്സിന്റെ തലസ്ഥാനമായ ആംസ്റ്റർഡാമിൽ വിമാനമിറങ്ങിയ അറുനൂറിലേറെ യാത്രക്കാർ ഒമിക്രോൺ ഭീതിയിലാണ്. ഇവരിൽ രോഗം സ്ഥിരീകരിച്ച 61 പേരെ വിമാനത്താവളത്തിന് സമീപത്തെ ഹോട്ടലിൽ സമ്പർക്കവിലക്കിലാക്കി. നെതർലാൻഡ്സിൽ ഭാഗിക അടച്ചിടൽ ഏർപ്പെടുത്തി. അമേരിക്കയും ബ്രിട്ടനും യൂറോപ്യൻയൂണിയനും നിരവധി ആഫ്രിക്കൻ രാജ്യക്കാർക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തി. ഓസ്ട്രേലിയ 14 ദിവസത്തേക്ക് ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള വിമാനസർവീസ് റദ്ദാക്കി. ഇറാൻ, ബ്രസീൽ, ക്യാനഡ, തായ്ലൻഡ്, ഇസ്രയേൽ, തുർക്കി, സ്വിറ്റ്സർലൻഡ്, ശ്രീലങ്ക, യുഎഇ, ഒമാൻ തുടങ്ങിയ രാജ്യങ്ങളും വിലക്കേർപ്പെടുത്തി.
അതിനിടെ പുതിയ വകഭേദത്തെ കണ്ടെത്തിയതിന്റെ പേരിൽ ലോകരാജ്യങ്ങൾ ഒറ്റപ്പെടുത്തി ശിക്ഷിക്കരുതെന്ന് ദക്ഷിണാഫ്രിക്ക പ്രതികരിച്ചു. ഒമിക്രോൺ ഇതിനോടകം മറ്റിടങ്ങളിലേക്ക് എത്തിപ്പെട്ടിട്ടുണ്ടാകാം എന്നതിനാൽ യാത്രാനിരോധനങ്ങളിൽ കഴമ്പില്ലെന്ന് പകർച്ചവ്യാധിവിദഗ്ദ്ധർ ചൂണ്ടിക്കാട്ടി. ഒമിക്രോൺ വകഭേദത്തിന് വൻതോതിൽ രൂപാന്തരത്വം സംഭവിക്കുന്നുണ്ടെന്നും അതിൽ ചിലത് ഉൽക്കണ്ഠാജനകമാണെന്നും ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടി. രോഗം വന്നുമാറിയവരിലും രോഗകാരിയാകുന്നുവെന്നതാണ് ഒമിക്രോണിന്റെ പ്രധാനഭീഷണി. ആഫ്രിക്കയിൽ ആറുശതമാനം പേർ മാത്രമേ പൂർണമായി വാക്സിനെടുത്തിട്ടുള്ളൂ.
ഒമിക്രോൺ നേരിടാൻ കേരളത്തിലും ജാഗ്രതാ നടപടികൾ സ്വീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. വിമാനത്താവളങ്ങളിൽ കൂടുതൽ പരിശോധനയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ജനങ്ങൾ കോവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിക്കണം. പുതിയ വകദേഭം ഉണ്ടോയെന്നറിയാൻ ജനിതക ശ്രേണീകരണം നടത്തുന്നുണ്ട്. നിലവിൽ കണ്ടെത്തിയിട്ടില്ല. വിദേശത്തുനിന്നെത്തുന്നവർക്ക് സമ്പർക്കവിലക്ക് ഉറപ്പാക്കുമെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ