- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാ യാത്രക്കാരും യാത്രയ്ക്ക് 72 മണിക്കൂർ മുൻപെങ്കിലും ആർടിപിസിആർ പരിശോധന നടത്തണം; സുവിധ പോർട്ടലിൽ സത്യവാങ്മൂലം അപ്ലോഡ് ചെയ്യണം; 'റിസ്‌ക്' രാജ്യങ്ങളിൽനിന്നുള്ളവർക്ക് വിമാനത്താവളത്തിൽ ആർടിപിസിആർ പരിശോധന; ഒമിക്രോണിനെ കണ്ടെത്താൻ കരുതലുകളുമായി ഇന്ത്യ; ക്വാറന്റീൻ ശക്തമാക്കും
ന്യൂഡൽഹി: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിൽ ഇന്ത്യ കൂടുതൽ കരുതലുകൾ എടുക്കും. ഒമിക്രോൺ കൂടുതൽ രാജ്യങ്ങളിൽ സ്ഥിരീകരിച്ചിരിക്കെ, വിദേശത്തുനിന്നു നവംബർ ആദ്യ ആഴ്ച മുതൽ ഇന്ത്യയിലെത്തിയവരുടെ യാത്രാവിവരങ്ങൾ പരിശോധിക്കും. കോവിഡ് വിദഗ്ധ സമിതി കേന്ദ്ര സർക്കാരിനോട് ഇക്കാര്യം ശുപാർശ ചെയ്തു. എവിടേയും ഈ വൈറസ് വകഭേദം കണ്ടെത്താമെന്ന സാഹചര്യമുള്ളതു കൊണ്ടാണ് ഇത്. കോവിഡ് പരിശോധന, വിദേശത്തുനിന്ന് എത്തുന്നവർക്കുള്ള മുൻകരുതൽ നടപടികൾ എന്നിവ സംബന്ധിച്ച മാർഗരേഖ പരിഷ്‌കരിക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചു.
വിദേശത്തുനിന്നെത്തുന്നവർക്കായി കേന്ദ്ര സർക്കാർ പുതിയ മാർഗരേഖ പുറത്തിറക്കി. കേന്ദ്ര സർക്കാർ 26നു പുറത്തിറക്കിയ 'റിസ്‌ക്' പട്ടികയിലുള്ള രാജ്യങ്ങളിൽനിന്നെത്തുന്നവരാണ് 7 ദിവസം ക്വാറന്റീൻ ഉറപ്പാക്കേണ്ടത്. ഈ പട്ടികയിൽ ഗൾഫ് രാജ്യങ്ങളില്ല. യൂറോപ്യൻ രാജ്യങ്ങൾ, യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീൽ, ബംഗ്ലാദേശ്, ബോട്‌സ്വാന, ചൈന, മൊറീഷ്യസ്, ന്യൂസീലൻഡ്, സിംബാബ്വെ, സിംഗപ്പൂർ, ഇസ്രയേൽ, ഹോങ്കോങ് എന്നിവയാണ് ഈ രാജ്യങ്ങൾ.
എല്ലാ യാത്രക്കാരും യാത്രയ്ക്ക് 72 മണിക്കൂർ മുൻപെങ്കിലും ആർടിപിസിആർ പരിശോധന നടത്തണം. സുവിധ പോർട്ടലിൽ സത്യവാങ്മൂലം അപ്ലോഡ് ചെയ്യണം. യാത്രയ്ക്കു മുൻപുള്ള 14 ദിവസത്തെ വിവരം നൽകണം. 'റിസ്‌ക്' രാജ്യങ്ങളിൽനിന്നുള്ളവർക്ക് വിമാനത്താവളത്തിൽ ആർടിപിസിആർ പരിശോധന. പോസിറ്റീവെങ്കിൽ ഐസലേഷൻ സൗകര്യമുള്ള ആശുപത്രിയിൽ ചികിത്സയും സാംപിളിന്റെ ജനികത ശ്രേണീകരണവും. നെഗറ്റീവാണെങ്കിൽ 7 ദിവസം ക്വാറന്റീൻ. എട്ടാം ദിവസത്തെ പരിശോധനയിൽ നെഗറ്റീവ് ആണെങ്കിൽ തുടർന്ന് 7 ദിവസം സ്വയംനിരീക്ഷണം.
പോസിറ്റീവ് ആകുന്നവർക്ക് ഒമിക്രോൺ അല്ലെന്നു സ്ഥിരീകരിച്ചാൽ നെഗറ്റീവ് ആകുമ്പോൾ ആശുപത്രി വിടാം. ഒമിക്രോൺ ആണെങ്കിൽ കർശന ഐസലേഷനുണ്ടാകും. റിസ്‌ക് പട്ടികയിലില്ലാത്ത രാജ്യത്തു നിന്നുള്ള യാത്രക്കാരിൽ 5 % പേർക്കു കോവിഡ് പരിശോധന. പോസിറ്റീവായാൽ ജനിതക ശ്രേണീകരണവും ഐസലേഷനും ബാധകം. നെഗറ്റീവായാൽ 14 ദിവസത്തെ സ്വയം നിരീക്ഷണം. ക്വാറന്റീനിലോ സ്വയം നിരീക്ഷണത്തിലോ കഴിയുന്നതിനിടെ രോഗലക്ഷണം വന്നാൽ വീണ്ടും പരിശോധന നടത്തും.
24നാണു സ്ഥിരീകരിച്ചതെങ്കിലും നവംബർ ആദ്യ ആഴ്ച തന്നെ തെക്കേ ആഫ്രിക്കൻ രാജ്യങ്ങളിൽ ഒമിക്രോൺ വകഭേദമുണ്ടായിരുന്നു.െ ദക്ഷിണാഫ്രിക്കയിൽ നവംബർ 9നു ശേഖരിച്ച സാംപിളിൽ ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്. ഒമിക്രോൺ സ്ഥിരീകരിച്ച രാജ്യങ്ങൾ, സമീപനാളുകളിൽ ഈ രാജ്യങ്ങൾ വഴിയെത്തിയവർ തുടങ്ങിയവരെ കണ്ടെത്തുകയാണു ലക്ഷ്യം. ഇതിന് ഇമിഗ്രേഷൻ വിഭാഗത്തിന്റെ സഹായം തേടും. 'റിസ്‌ക്' പട്ടികയിലുള്ള രാജ്യങ്ങളിൽനിന്നുള്ളവർക്കു തുടർനിരീക്ഷണം, എല്ലാ സംസ്ഥാനങ്ങളിലും കൂടുതൽ ആർടിപിസിആർ പരിശോധന തുടങ്ങിയ നിർദേശങ്ങളുണ്ട്.
രാജ്യാന്തര തലത്തിലെ പതിവു വിമാന സർവീസുകൾ വരുംദിവസങ്ങളിലെ സാഹചര്യം കൂടി വിലയിരുത്തിയ ശേഷം മാത്രം പുനരാരംഭിക്കാനാണ് തീരുമാനം. ഒമിക്രോണിന്റെ തീവ്ര വ്യാപനശേഷി പരിഗണിക്കുമ്പോൾ മൂന്നാഴ്ചയ്ക്കിടെ കൂടുതൽ രാജ്യങ്ങളിൽ വൈറസ് എത്തിയിരിക്കാനാണു സാധ്യത. നെതർലൻഡ്‌സിൽ മാത്രം 13 പേർക്കു സ്ഥിരീകരിച്ചു. ഓസ്‌ട്രേലിയയിൽ രണ്ടു പേർക്കും ചെക്ക് റിപ്പബ്ലിക്കിൽ ഒരാൾക്കും പുതുതായി കണ്ടെത്തി. ഇറ്റലി, ജർമനി, യുകെ, ഇസ്രയേൽ, ഹോങ്കോങ്, ബോട്‌സ്വാന, ബൽജിയം എന്നിവിടങ്ങളിലും ഒമിക്രോൺ കേസുകളുണ്ട്. ഓസ്ട്രിയയും സംശയിക്കുന്നു.
കിഴക്കൻ ആഫ്രിക്കയിലെ മലാവിയിൽനിന്നുള്ളയാൾക്ക് ഇസ്രയേലിലും മൊസാംബിക്കിൽനിന്നുള്ളയാൾക്ക് ഇറ്റലിയിലും ഒമിക്രോൺ സ്ഥിരീകരിച്ചത് വ്യാപനത്തിന്റെ സൂചന നൽകുന്നു.
മറുനാടന് മലയാളി ബ്യൂറോ