മിക്രോൺ ദുരന്തം കൂടുതൽ ദുരിതത്തിലാഴ്‌ത്തിയിരിക്കുന്നത് പ്രവാസികളേയാണ്. പുതിയ വകഭേദം ആഞ്ഞടിക്കുന്ന രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കും മറ്റുള്ള രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാരിൽ 2 ശതമാനം പേർക്കും വിമാനത്താവളങ്ങളിൽ പി സി ആർ ടെസ്റ്റ് നിർബന്ധമാക്കിയതോടെ പ്രവാസികളെ പിഴിയുവാനുള്ള മറ്റൊരു സാഹചര്യം കൂടി ഒരുങ്ങിയിരിക്കുന്നു.

രോഗ പരിശോധന നടത്തി മൂന്നു മണിക്കൂറിനുള്ളിൽ ഫലം ലഭിക്കുവാൻ 500 രൂപ നൽകണം. എന്നാൽ അതേ ഫലം അരമണിക്കൂറിനുള്ളിൽ ലഭിക്കുവാനാണെങ്കിൽ നൽകേണ്ടത് 2,490 രൂപയും. കൊച്ചി അന്താരഷ്ട്ര വിമാനത്താവളത്തിലെ കാര്യമാണിത്. നിലവിൽ, ഒരു മണിക്കൂരിൽ 350 സാധാരണ ആർ ടി പി സി ആർ പരിശോധനകൾ നടത്തുവാനുള്ള സൗകര്യം വിമാനത്താവളത്തിൽ ക്രമീകരിച്ചിട്ടുണ്ട്. ഇതിനൊപ്പം അത്രയും തന്നെ എണ്ണം റാപിഡ് ആർ ടി പി സി ആർ കൂടി നടത്താനുള്ള സൗകര്യവുമൊരുക്കും.

ഇതിൽ സാധാരണ ആർ ടി പി സി ആർ പരിശോധനയുടെ ഫലം ലഭിക്കാൻ ചിലപ്പോൾ 5 മണിക്കൂർ വരെ നീളുമ്പോൾ റാപിഡ് ആർ ടി പി സി ആർ പരിശോധനാഫലം കേവല അരമണിക്കൂറിനുള്ളിൽ ലഭിക്കും. ഇതിൽ ഏത് പരിശോധന വേണമെന്നുള്ളത് യാത്രക്കാർക്ക് തെരഞ്ഞെടുക്കാം. എന്നാൽ, സർക്കാർ നിർദ്ദേശിക്കുന്ന ചാർജ്ജ് അവർ നൽകണം. ഫലം നെഗറ്റീവ് ആണെങ്കിൽ അവർക്ക് വിമാനത്താവളത്തിൽ നിന്നും അവരവരുടെ താമസസ്ഥലത്തേക്ക് പോകാം. അവിടെ 7 ദിവസത്തെ ക്വാറന്റൈന് അവർ വിധേയരാകണം.

പരിശോധന ഫലം കാത്തുനിൽക്കുന്നവർക്ക് വിശ്രമിക്കാൻ പ്രത്യേകമായി ഒരിടം കൊച്ചി വിമാനത്താവളത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. അതുപോലെ അപകടകരമായ വിധം ഓമിക്രോൺ പടരുന്ന രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കായി പ്രത്യേകം ഇമിഗ്രേഷൻ കൗണ്ടറും തുറന്നിട്ടുണ്ട്. എന്നിട്ടും ബ്രിട്ടനുൾപ്പടെ തീവ്ര ഓമിക്രോൺ ബാധയുള്ള രാജ്യങ്ങളിൽ നിന്നും എത്തുന്നവർക്ക് ഇന്ത്യൻ വിമാനത്താവളങ്ങളിൽ ആറു മണിക്കൂർ വരെയാണ് കാത്തുകെട്ടി കിടക്കേണ്ടി വരുന്നത്. പി സി ആർ ടെസ്റ്റിന്റെ ഫലം ലഭിക്കാതെ പുറത്തുകടക്കാൻ ആകില്ല എന്നതാണ് കാരണം.

തീവ്ര ഓമിക്രോൺ വ്യാപനമുള്ള രാജ്യങ്ങളിൽ നിന്നെത്തുന്നവർ വിമാനത്താവളത്തിലെത്തിയാൽ ഉടൻ കോവിഡ് പരിശോധനക്ക് വിധേയരാകണം എന്നാണ് ഇന്ത്യൻ സർക്കാർ ഉത്തരവിൽ പറയുന്നത്. ഇതിന്റെ ഫലം ലഭിക്കുന്നതുവരെ വിമാനത്താവളം വിട്ട് പോകാൻ കഴിയില്ല. അന്താരാഷ്ട്ര യാത്രക്കാരെ സസൂക്ഷ്മം നിരീക്ഷിക്കണമെന്നും, യാതോരു വിട്ടുവീഴ്‌ച്ചയും ഇക്കാര്യത്തിൽ പാടില്ലെന്നുമുള്ള കർശന നിർദ്ദേശമാന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നൽകിയിരിക്കുന്നത്. എന്നാൽ, വ്യത്യസ്ത വിമാനത്താവളങ്ങൾ ഇക്കാര്യത്തിൽ വ്യത്യസ്ത നടപടിക്രമങ്ങളാണ് കൈക്കൊള്ളുന്നത്.

മുംബൈയിൽ എത്തി, കണക്ടിങ് ഫ്ളൈറ്റിൽ മറ്റിടങ്ങളിലേക്ക് പോകേണ്ടയാത്രക്കാർക്ക് നെഗറ്റീവ് ടെസ്റ്റ് റിപ്പോർട്ട് ലഭിക്കാതെ കണക്ഷൻ ഫ്ളോറ്റിൽ കയറാൻ അനുവാദമുണ്ടായിരിക്കുന്നതല്ല. ഫലത്തിനായി പലപ്പോഴും 6 മണിക്കൂർ മുതൽ 8 മണിക്കൂർ വരെ കാത്തിരിക്കേണ്ടി വരുന്നതിനാൽ യത്രക്കാർക്ക് അത്രയും സമയം കഴിഞ്ഞുള്ള വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതായി വരുന്നു.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം യാത്രക്കാർക്ക് നൽകുന്ന നിർദ്ദേശങ്ങൾ താഴെ പറയും വിധമാണ്.

മറ്റു രാജ്യങ്ങളിൽ നിന്നോ മറ്റ് സംസ്ഥാനങ്ങളിൽ നിന്നോ എത്തുന്നവർ 14 ദിവസത്തെ ക്വാറന്റൈന് വിധേയരാകണം. രോഗലക്ഷണം പ്രദർശിപ്പിക്കാത്ത യാത്രക്കാർക്ക് ഹോം ക്വാറന്റൈൻ അനുവദനീയമാണ്. എത്തിയതിന്റെ ഏഴാം ദിവസം രോഗ പരിശോധനക്ക് വിധേയരായി നെഗറ്റീവ് റിപ്പോർട്ട് ലഭിച്ചാൽ പിന്നീടുള്ള 7 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമല്ല

ഏഴു ദിവസം കഴിഞ്ഞ് പരിശോധനയ്ക്ക് വിധേയരാകാത്തവർ 14 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമായും ചെയ്യണം.
യാത്രക്കാർക്ക് വിമാനത്താവളത്തിൽ നിന്നും പ്രീ-പെയ്ഡ് ടാക്സി സർവ്വീസ് ബുക്ക് ചെയ്യാവുന്നതാന്. അതല്ലെങ്കിൽ അവർക്ക് സ്വന്തം വാഹനവും ഒരുക്കാം. ചില തെരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിൽ എക് എസ് ആർ ടി സി സർവ്വീസ് നടത്തുന്നുമുണ്ട്.

കേരളത്തിലെത്തുന്നവർ എല്ലാവരും കേരള സർക്കാരിന്റെ ജാഗ്രത പൊർട്ടലിൽ പേർ റെജിസ്റ്റർ ചെയ്യണം. അതിനുപുറമെ അന്താരാഷ്ട്ര യാത്രക്കാർ എയർ സുവിധ പോർട്ടലിലും റെജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഇത് യാത്ര തുടങ്ങുന്നതിന് 72 മണികൂർ മുൻപെങ്കിലും ചെയ്തിരിക്കണം. കേരളത്തിൽ നിന്നും പുറത്തേക്ക് പൊകുന്ന യാത്രക്കാർ വെബ് ചെക്ക് ഇൻ സൗകര്യം ഉപയോഗിക്കേണ്ടതാണ്. അതോടൊപ്പം യാത്രപോകുന്നിടത്തെ കോവിഡ് നിയമങ്ങൾ പാലിക്കുകയും വേണം.

എന്നാൽ, മറ്റു സംസ്ഥാനങ്ങളിൽ നിന്നും ബിസിനസ്സ് ആവശ്യങ്ങൾക്കായി കേരളത്തിലെത്തുന്നവർക്ക് ഇവിടെയെത്തി 7 ദിവസത്തിനുള്ളിൽ തിരിച്ചു പോകാവുന്നതാണ്. ഇത്തരക്കാർക്ക് ക്വാറന്റൈൻ നിർബന്ധമല്ല. എന്നാൽ, ഇത് വിദേശയാത്രക്കാർക്ക് ബാധകമല്ല. ഇത് ഇന്ത്യയ്ക്കകത്തുനിന്നും എത്തുന്ന വിനോദസഞ്ചാരികൾക്കും അതുപോലെ വിദേശത്തുനിന്നുമെത്തി ട്രാൻസിറ്റ് ഫ്ളൈറ്റിൽ കൊച്ചിയിലെത്തുന്നവർക്കും ബാധകമാണ്.

വിമാനത്താവളത്തിൽ ഒരുക്കിയിരിക്കുന്ന പരിശോധന സൗകര്യം സർക്കാർ നിശ്ചയിച്ച തുക നൽകി യാത്രക്കാർ ഉപയൊഗിക്കണം.