- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്ത് ആദ്യമായി ഒമിക്രോൺ ബാധിച്ചവരിൽ ഒരാൾ പോസിറ്റീവായ ശേഷം ദുബായിലേക്ക് പറന്നു; പോയത് പോസിറ്റീവായി ഒരാഴ്ച പിന്നിട്ടപ്പോൾ; നവംബർ 20 ന് ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തിയ 66 കാരനായ വിദേശി കഴിഞ്ഞിരുന്നത് ബെംഗളൂരുവിലെ ഹോട്ടലിൽ
ബെഗംളൂരു: രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചതോടെ കനത്ത ജാഗ്രത. സ്ഥിതിഗതികൾ നിയന്ത്രണ വിധേയം എന്നാണ് കേന്ദ്രസർക്കാരിന്റെ അറിയിപ്പ്. അതേസമയം, ആദ്യത്തെ രണ്ട് ഒമിക്രോൺ കേസുകളിൽ ഒരാളായ 66 കാരൻ പോസിറ്റീവായ ശേഷം ദുബായിൽ പോയതായി വിവരം. ബെംഗളൂരു മുൻസിപ്പൽ കോർപറേഷന്റെ രേഖകൾ പ്രകാരം അയാൾ ദക്ഷിണാഫ്രിക്കയിൽ നിന്ന് നവംബർ 20 നാണ് എത്തിയത്. കോവിഡ് നെഗറ്റീവ് പരിശോധനാ റിപ്പോർട്ടുമായാണ് എത്തിയത്. ഇയാൾ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. അതേ ദിവസം തന്നെ ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യുകയും, കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയും ചെയ്തു. സർക്കാർ ഡോക്ടർ ഇദ്ദേഹത്തെ പരിശോധിച്ചപ്പോൾ രോഗ ലക്ഷണങ്ങൾ ഒന്നും കണ്ടില്ല. സ്വയം നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടു.
ദക്ഷിണാഫ്രിക്ക പോലെ ഹൈ റിസ്്ക് രാജ്യത്ത് നിന്ന് വന്നതായതുകൊണ്ട് തന്നെ സാമ്പിളുകൾ വീണ്ടും ശേഖരിച്ച് ജെനോം സീക്വൻസിങ്ങിനായി നവംബർ 22 ന് അയച്ചു. ഇദ്ദേഹവുമായി സമ്പർക്കത്തിൽ വന്ന 24 പേരെ പരിശോധിച്ചെങ്കിലും, നെഗറ്റീവായിരുന്നു. 240 സെക്കൻഡറി കോണ്ടാക്റ്റുകളും നെഗറ്റീവായിരുന്നു.
നവംബർ 23 ന് ഇദ്ദേഹം ഒരു സ്വകാര്യ ലാബിൽ പരിശോധിക്കുകയും കോവിഡ് നെഗറ്റീവാണെന്ന് കണ്ടെത്തുകയും ചെയ്തു. നവംബർ 27 ന് അർദ്ധരാത്രി ഹോട്ടലിൽ നിന്ന് ചെക്ക ഔട്ട് ചെയ്ത് വിമാനത്താവളത്തിലേക്ക് കാബ് വിളിച്ച് ദുബായിക്ക് വിമാനം കയറി പോയി.
ഈ യാത്രക്കാരന് ഒമിക്രോൺ ഉണ്ടെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചത് വ്യാഴാഴ്ച മാത്രവും. യാത്രക്കാരന്റെ പേരുവിവരങ്ങൾ സ്വകാര്യത മാനിച്ച് പുറത്തുവിട്ടിട്ടില്ല.
ഒമിക്രോൺ ബാധിച്ച രണ്ടാമത്തെയാളായ 46കാരൻ ബെംഗളൂരുവിലെ ആരോഗ്യപ്രവർത്തകനാണ്.
ഇവരുമായി സമ്പർക്കം പുലർത്തിയ എല്ലാ ആളുകളെയും കണ്ടെത്തി പരിശോധന നടത്തിവരികയാണെന്നും ഇവർക്ക് ഗുരുതര രോഗലക്ഷണങ്ങളില്ലെന്നും ആരോഗ്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. പത്തു പേരുടെ ഫലം കാത്തിരിക്കുകയാണ്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും എന്നാൽ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ