തിരുവനന്തപുരം: സംസ്ഥാനത്ത് അറ്റ് റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്ന മൂന്ന് പേർ കോവിഡ് പോസിറ്റീവ്. ആരോഗ്യമന്ത്രി വീണാ ജോർജ് ആണ് ഇക്കാര്യം അറിയിച്ചത്. നാല് പേർ ഫലം കാത്തിരിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. മൂന്നുപേരുടെ സ്രവം ജീനോം സീക്വൻസിംഗിന് അയച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഓമിക്രോൺ ഭീഷണിയുള്ള രാജ്യങ്ങളിൽ നിന്നു വന്നവർ പോസിറ്റിവ് ആയാൽ ജീനോം സീക്വൻസിങ് നടത്തണമെന്നാണ് ചട്ടം. അത് അനുസരിച്ചാണ് മൂന്നു പേരുടെയും സാംപിളുകൾ പരിശോധനയ്ക്ക് അയച്ചത്.

ഡിഎംഒമാർക്ക് വാർത്താ വിലക്ക് ഏർപ്പെടുത്തിയെന്നത് ശരിയല്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് പലപ്പോഴും തെറ്റായ വാർത്തകൾ വരുന്നുണ്ട്. വകുപ്പിന്റെ വാർത്തകൾക്ക് ഏകീകൃത രൂപം കിട്ടാൻ ലക്ഷ്യമിട്ടാണ് ഇപ്പോൾ ആരോഗ്യ വകുപ്പ് ഡയറക്ടർ സർക്കുലർ ഇറക്കിയത്. ഇതിൽ പുനപ്പരിശോധനയില്ലെന്ന് മന്ത്രി പറഞ്ഞു.

അട്ടപ്പാടിയിൽ നടത്തിയ മിന്നൽ സന്ദർശനവുമായി ബന്ധപ്പെട്ട് നോഡൽ ഓഫിസർ നടത്തിയ പരാമർശങ്ങൾക്കു മറുപടി പറയാനില്ല. ആശുപത്രികളിലെ മിന്നൽ സന്ദർശനം തുടരുമെന്ന് മന്ത്രി പറഞ്ഞു. തന്നെ ഇല്ലാത്ത യോഗത്തിന്റെ പേരിൽ തിരുവനന്തപുരത്തേക്കു വിളിപ്പിച്ചാണ് അട്ടപ്പാടിയിൽ മന്ത്രി മിന്നൽ സന്ദർശനം നടത്തിയതെന്ന് നോഡൽ ഓഫിസർ പ്രഭു ദാസ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു