- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹാരാഷ്ട്രയിൽ രണ്ട് ഓമിക്രോൺ കേസുകൾ കൂടി; വൈറസ് ബാധ ദക്ഷിണാഫ്രിക്കയിലും യുഎസിലും നിന്ന് മടങ്ങി വന്നവർക്ക്; രാജ്യത്തെ ആകെ കേസുകൾ 23 ആയി ഉയർന്നു; തെലങ്കാനയിലും കർണാടകയിലും കോവിഡ് കേസുകൾ ഉയരുന്നതിൽ ആശങ്ക; ഓമിക്രോൺ തീവ്രത മൂലമെന്ന് സംശയം
ന്യുഡൽഹി: മഹാരാഷ്ട്രയിൽ രണ്ട് ഓമിക്രോൺ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ, രാജ്യത്തെ കേസുകൾ 23 ആയി ഉയർന്നു. ദക്ഷിണാഫ്രിക്കയിൽ നിന്ന് മടങ്ങി വന്ന 37 കാരനും, അദ്ദേഹത്തിന്റെ സുഹൃത്ത് യുഎസിൽ നിന്ന് മടങ്ങിയ 36 കാരനും ആണ് വൈറസ് ബാധ എന്ന് മഹാരാഷ്ട്ര സർക്കാർ അറിയിച്ചു.
അതേസമയം, തെലങ്കാന, കർണാടക സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്നത് ആശങ്ക ഉയർത്തുന്നു. ഈ രണ്ടുസംസ്ഥാനങ്ങളിലായി കഴിഞ്ഞ 72 മണിക്കൂറിനിടെ,നൂറിലേറെ വിദ്യാർത്ഥികൾ കോവിഡ് പോസിറ്റീവായി. ഓമിക്രോൺ വകഭേദത്തിന്റെ തീവ്രത മൂലമാണ് ഇതെന്നാണ് കരുതുന്നത്.
തെലങ്കാനയിലെ ചൽമേദ ആനന്ദ് റാവു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ 43 ഓളം കുട്ടികൾ കഴിഞ്ഞാഴ്ചാവസാനം പോസിറ്റീവായി. ഇതോടെ കാമ്പസും അടച്ചിടേണ്ടി വന്നു. കഴിഞ്ഞാഴ്ച കാമ്പസിൽ നടത്തിയ ഒരുപരിപാടിയാണ് പകർച്ചയ്ക്ക് കാരണമെന്ന് കരുതുന്നു. പലരും മാസ്‌ക് ധരിക്കാതെയാണ് ഈ പരിപാടിയിൽ പങ്കെടുത്തത്. 200 ഓളം പേരെ ഇതിനകം ടെസ്റ്റ് ചെയ്തു. കാമ്പസിലെ ആയിരത്തോളം പേരെയും പരിശോധിക്കും. ഇവരിൽ എത്ര പേർ വാക്‌സിൻ എടുത്തവരെന്ന് വ്യക്തമല്ല.
കർണാടകയിൽ ചിക്മംഗ്ലൂരിലെ ജവഹർ നവോദയ വിദ്യാലയയിലെ 59 വിദ്യാർത്ഥികൾക്കും, 10 ജീവനക്കാർക്കും കോവിഡ് റിപ്പോർട്ട് ചെയ്തു. ആർക്കും രോഗലക്ഷണങ്ങൾ ഇല്ല. രണ്ടാഴ്ച മുമ്പ ധാർവാഡിലെ ഒരു കോളേജിൽ 306 പേർ പോസിറ്റീവായിരുന്നു. മൂന്നുദിവസം നീണ്ട ഫ്രേഷേഴ്‌സ് പാർട്ടിയാണ് രോഗവ്യാപനത്തിന് ഇടയാക്കിയത്. എന്നാൽ, മിക്കവരും വാക്‌സിൻ എടുത്തവരാണെന്ന ആശ്വാമുണ്ട്.
സ്‌കൂളുകൾ, കോളേജുകൾ, റസിഡൻഷ്യൽ അപ്പാർട്ട്‌മെന്റുകൾ എന്നീ രണ്ടു ക്ലസ്റ്ററുകളിൽ നിന്നാണ് പുതിയ കേസുകൾ വരുന്നത് എന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അടുത്തിടെ പറഞ്ഞിരുന്നു. ആവശ്യമെങ്കിൽ സ്‌കൂളുകൾ അടച്ചിടാനും ആലോചിക്കുന്നുണ്ട്. എന്നാൽ, ഇപ്പോൾ അതിന്റെ ആവശ്യമില്ലെന്നാണ് വിദഗ്ധാഭിപ്രായം. കർണാടകയിലാണ് ഇന്ത്യയിലെ ആദ്യത്തെ കോവിഡ് ഓമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്ത്ത്.
അതേസമയം ഗുജറാത്തിൽ ഓമിക്രോൺ സ്ഥിരീകരിച്ചയാളുടെ ഭാര്യയും ഭാര്യാ സഹോദരനും കോവിഡ് പോസിറ്റിവ് ആയി. ഇവരുടെ സാംപിളുകൾ ജനിതക ശ്രേണി പരിശോധനയ്ക്കായി അയച്ചു. ഇരുവരെയും ഐസൊലേഷൻ വാർഡിലേക്കു മാറ്റിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
സിംബാബ്വെയിൽ നിന്നു മടങ്ങിയെത്തിയ എഴുപത്തിരണ്ടുകാരന് ശനിയാഴ്ചയാണ്, ഓമിക്രോൺ വകഭേദം കണ്ടെത്തിയത്. അറ്റ് റിസ്‌ക് കാറ്റഗറിയിൽ പെടുത്തിയിട്ടുള്ള ആഫ്രിക്കൻ രാജ്യത്തുനിന്നു വന്ന ഇദ്ദേഹവും ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. രണ്ടു വാക്സിനും എടുത്തിട്ടുള്ള ഇദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ഭാര്യ ഇദ്ദേഹത്തോടൊപ്പം സിംബാബ്വെയിൽ നിന്നു വന്നതാണ്. സഹോദരൻ ജാംനഗറിൽ സ്ഥിരതാമസക്കാരനും. കുടുംബത്തിലെ മറ്റുള്ളവരുടെ പരിശോധനാ ഫലം നെഗറ്റിവ് ആണെന്ന് ജാംനഗർ തദ്ദേശ ഭരണ അധികാരികൾ പറഞ്ഞു. മുൻകരുതൽ നടപടികളുടെ ഭാഗമായി ഇവരുടെ വീടിരിക്കുന്ന പ്രദേശം മൈക്രോ കണ്ടയ്ന്മെന്റ് സോൺ ആയി പ്രഖ്യാപിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ