- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓമിക്രോൺ: അതീവ ജാഗ്രതയോടെ കേരളം; അപകടകരമാക്കുന്നത് അതിതീവ്ര വ്യാപനശേഷി; മാസ്‌ക് ധരിക്കുന്നത് അടക്കം കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണം; സ്ഥിരീകരിക്കുക ജനിതക നിർണയ പരിശോധനയിലൂടെ; വാക്സിനേഷൻ പ്രധാനം; രോഗ പ്രതിരോധത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ഓമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മറ്റ് രാജ്യങ്ങളിൽ ഓമിക്രോൺ സ്ഥിരീകരിച്ചപ്പോൾ തന്നെ സംസ്ഥാനം ജാഗ്രത പുലർത്തിയിരുന്നു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നിരന്തരം യോഗം ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. കേന്ദ്ര മാർഗനിർദ്ദേശങ്ങളനുസരിച്ച് എയർപോർട്ട് മുതൽ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വളരെ നേരത്തെ രോഗബാധിതരെ കണ്ടെത്തുന്നതിനും അവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനും അതിലൂടെ രോഗ വ്യാപനം തടയുകയുകയുമാണ് ലക്ഷ്യം. വിദേശ രാജ്യങ്ങളിൽ നിന്നും എത്തുന്നവരിൽ പോസിറ്റീവാകുന്നവരെ ആശുപത്രികളിലെ പ്രത്യേക വാർഡിലേക്കും റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്നവരിൽ നെഗറ്റീവാകുന്നവരെ ഹോം ക്വാറന്റൈലേക്കുമാണ് മാറ്റുന്നത്. അല്ലാത്തവർക്ക് സ്വയം നിരീക്ഷണമാണ്. ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്നവരിൽ ആർടിപിസിആർ പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകൾ ഓമിക്രോൺ ജനിതക പരിശോധനയ്ക്ക് അയയച്ചു വരുന്നതായും മന്ത്രി വ്യക്തമാക്കി.
എന്താണ് ഓമിക്രോൺ?
സാർസ് കൊറോണ വൈറസ്-2ന്റെ പുതിയ വകഭേദമാണ് ഓമിക്രോൺ അഥവാ ബി. 1. 1. 529. കഴിഞ്ഞ നവംബർ 22ന് ദക്ഷിണ ആഫ്രിക്കയിലാണ് ഓമിക്രോൺ റിപ്പോർട്ട് ചെയ്തത്. ഈ വകഭേദത്തിന് 30 തവണയിൽ കൂടുതൽ പ്രോട്ടീൻ വ്യതിയാനം സംഭവിച്ചിട്ടുണ്ട്. കൂടുതലായുള്ള പകർച്ചാശേഷി, പ്രതിരോധ ശക്തിയെ തകർക്കാനുള്ള കഴിവ്, ദക്ഷിണാഫ്രിക്കയിൽ കേസുകളുടെ എണ്ണത്തിൽ പെട്ടെന്നുണ്ടായ വർദ്ധനവ് ഇവ പരിഗണിച്ചാണ് ലോകാരോഗ്യസംഘടന ഇതിനെ വേരിയന്റ് ഓഫ് കൺസേൺ ആയി പ്രഖ്യാപിച്ചത്.
പരിശോധന എങ്ങനെ?
സാർസ് കൊറോണ 2 വൈറസിനെ കണ്ടുപിടിക്കുവാൻ സാധാരണയായി ഉപയോഗിക്കുന്നതും കൂടുതൽ സ്വീകാര്യവുമായ മാർഗമാണ് ആർ.റ്റി.പി.സി.ആർ. എങ്കിലും ഓമിക്രോൺ സാന്നിദ്ധ്യം സ്ഥിരീകരിക്കുന്നത് ഓമിക്രോൺ ജനിതക നിർണയ പരിശോധന നടത്തിയാണ്.
എങ്ങനെ സുരക്ഷിതരാകാം?
അതിതീവ്ര വ്യാപനശേഷിയാണ് ഓമിക്രോണെ കൂടുതൽ അപകടകരമാക്കുന്നത്. ഇതുവരെ കൊവിഡിനെതിരെ സ്വീകരിച്ചിട്ടുള്ള പ്രതിശോധ നടപടികൾ തുടരണം. മാസ്‌ക് ശരിയായി ധരിക്കുക, രണ്ട് ഡോസ് വാക്സിൻ എടുക്കുക, ശാരീരിക അകലം പാലിക്കുക,കൈകൾ ഇടയ്ക്കിടയ്ക്ക് ശുചിയാക്കുക, മുറികളിലും മറ്റും കഴിയുന്നത്ര വായു സഞ്ചാരം ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങൾ നിർബന്ധമായും ചെയ്യണം.
വാക്സിനേഷൻ പ്രധാനം
വാക്സിനെടുക്കാത്തവർ ഉടൻ തന്നെ വാക്സിൻ സ്വീകരിക്കേണ്ടതാണ്. വാക്സിൻ നൽകുന്ന സുരക്ഷ ആന്റിബോഡി, കോശങ്ങളുടെ പ്രതിരോധശേഷി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ കൊവിഡിനെതിരെ സുരക്ഷ നൽകുവാൻ വാക്സിനുകൾക്ക് കഴിയും. കോവിഡ് രോഗ തീവ്രത കുറയ്ക്കുവാൻ വാക്സിനുകൾക്ക് കഴിയും. അതിനാൽ ഇപ്പോൾ ലഭ്യമായിട്ടുള്ള വാക്സിനുകൾ രണ്ട് ഡോസ് എടുക്കേണ്ടത് അനിവാര്യമാണ്. കോവിഡ് വാക്സിൻ ഇതുവരെയും എടുക്കാത്തവർ ഉടൻ തന്നെ വാക്സിൻ സ്വീകരിക്കണം.
വൈറസുകൾക്ക് പകരാനും പെരുകാനും ശേഷി ഉള്ളിടത്തോളം അതിന് വകഭേദങ്ങൾ ഉണ്ടാകും. വകഭേദങ്ങൾ അപകടകാരികൾ അല്ലെങ്കിൽ അതിനെ ശ്രദ്ധിക്കേണ്ടി വരില്ലായിരുന്നു. കൂടുതൽ പകർച്ചാ ശേഷി, ഒരു പ്രാവശ്യം രോഗം ബാധിച്ചവർക്ക് വീണ്ടും രോഗം വരുക എന്നിങ്ങനെ ഉണ്ടാകുമ്പോഴാണ് വകഭേദത്തിനെ കൂടുതൽ ശ്രദ്ധിക്കുക. വകഭേദങ്ങൾ ഉണ്ടാകാതിരിക്കുവാനുള്ള ഏറ്റവും പ്രധാന നടപടി കോവിഡ് ബാധ കുറയ്ക്കുക എന്നതാണ്. അതിനാൽ എല്ലാവരും കോവിഡ് മാർഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ