കൊച്ചി: വിദേശത്ത് നിന്ന് വരുന്നവർ സ്വയം നിരീക്ഷണത്തിൽ അലംഭാവം കാട്ടുന്നത് നാട്ടുകാരോടുള്ള ക്രൂരത. വിശേഷിച്ചും അതിതീവ്ര വ്യാപന ശേഷിയുള്ള ഓമിക്രോൺ ഭീഷണിയായി മാറി കഴിഞ്ഞ സാഹചര്യത്തിൽ. കഴിഞ്ഞദിവസം ഓമിക്രോൺ സ്ഥിരീകരിച്ച കോംഗോയിൽ നിന്നെത്തിയ എറണാകുളം സ്വദേശിയുടെ റൂട്ട്മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടപ്പോൾ യുവാവ് സ്വയം നിരീക്ഷണം പാലിച്ചിട്ടില്ല എന്ന് വ്യക്തമായി.

ഡിസംബർ ഏഴ് മുതൽ 11 വരെയുള്ള റൂട്ട് മാപ്പാണ് പുറത്തുവന്നിരിക്കുന്നത്. ഡിസംബർ ഏഴിന് പുലർച്ചെ മൂന്ന് മണിക്കാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ (ഫ്ളൈറ്റ് നമ്പർ AI 934) ഇയാൾ എത്തിയത്. തുടർന്ന് ഏഴ് ദിവസം സ്വയം നിരീക്ഷണത്തിൽ പോകേണ്ടതായിരുന്നു. എന്നാൽ ഇതു ലംഘിച്ചുകൊണ്ടാണ് എറണാകുളം ജില്ലയിലെ കലൂർ, പാലാരിവട്ടം, മരട് പ്രദേശങ്ങളിലെ വിവിധ ഇടങ്ങളിൽ ഇയാൾ സന്ദർശിച്ചത്.

ഒമ്പതാം തീയതി സ്വന്തം കാറിൽ പുതിയകാവിലെ ആയുർവേദ ആശുപത്രിയിൽ ആർടിപിസിആർ പരിശോധനയ്ക്കായി പോയി. പത്താം തീയതി ഊബർ ടാക്സിയിൽ പാലാരിവട്ടത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തി. പിന്നീട് വൈകീട്ട് അഞ്ചു മണിയോടെ അറേബ്യൻ ഡ്രീംസ് ഹോട്ടലിൽ എത്തി ഭക്ഷണം കഴിച്ചു. പിന്നീട് ഓട്ടോയിൽ കയറി വീട്ടിലെത്തി. അന്നുതന്നെ സഹോദരനോടൊപ്പം ബൈക്കിൽ അബാദ് ന്യൂക്ലിയസ് മാളിലെ മാക്സ് സ്റ്റോറിൽ കയറുകയും ചെയ്തു. പതിനൊന്നാം തിയതി വീണ്ടും പാലാരിവട്ടത്തെ ആശുപത്രിയിലെത്തിയതായും റൂട്ട് മാപ്പിൽ പറയുന്നു.

സ്വയം നിരീക്ഷണത്തിൽ അലംഭാവം അരുത്

സ്വയം നീക്ഷണത്തിൽ കഴിയുന്ന ഹൈ റിസ്‌ക് അല്ലാത്ത രാജ്യത്തിൽ നിന്നും വന്നയാൾക്ക് ഓമിക്രോൺ സ്ഥിരീകരിച്ച സ്ഥിതിക്ക് സ്വയം നിരീക്ഷണത്തിൽ കഴിയുന്നവർ ആരും അലംഭാവം കാണിക്കരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കേന്ദ്ര മാർഗനിർദ്ദേശ പ്രകാരം റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് 7 ദിവസം ക്വാറന്റൈനും 7 ദിവസം സ്വയം നിരീക്ഷണവുമാണ്. അല്ലാത്ത രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് 14 ദിവസം സ്വയം നിരീക്ഷണമാണുള്ളത്. ഈ പ്രത്യേക സാഹചര്യത്തിൽ രണ്ട് വിഭാഗക്കാരും ആരോഗ്യ വകുപ്പ് നൽകുന്ന മാർഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം. അതിതീവ്ര വ്യാപന ശേഷിയുള്ള വൈറസായതിനാൽ ഹൈ റിസ്‌ക് അല്ലാത്ത രാജ്യങ്ങളിൽ നിന്നും വരുന്നവരും ജാഗ്രത പാലിക്കേണ്ടതാണ്. സ്വയം നിരീക്ഷണ വ്യവസ്ഥകൾ കൃത്യമായി പാലിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

എന്താണ് സ്വയം നിരീക്ഷണം?

* വീടുകളിലും പുറത്ത് പോകുമ്പോഴും എൻ 95 മാസ്‌കോ ഡബിൾ മാസ്‌കോ ഉപയോഗിക്കേണ്ടതാണ്.
* ക്വാറന്റൈനിലുള്ള വ്യക്തി വീട്ടിലെ പ്രായമായവരുമായും മറ്റ് രോഗബാധയുള്ള വ്യക്തികളുമായും കുട്ടികളുമായും ഈ ദിവസങ്ങളിൽ അടുത്ത സമ്പർക്കം പുലർത്തരുത്.
* സാമൂഹിക ഇടപെടലുകൾ, ആൾക്കൂട്ടങ്ങളുള്ള സ്ഥലങ്ങൾ, തീയറ്ററുകൾ, മാളുകൾ എന്നിവ സന്ദർശിക്കുന്നത് ഒഴിവാക്കണം.
* ആൾക്കൂട്ടമുള്ള പൊതുപരിപാടികൾ, ചടങ്ങുകൾ, പൊതു ഗതാഗതം എന്നിവ ഒഴിവാക്കണം.
* എല്ലായിടത്തും സാമൂഹിക അകലം പാലിക്കേണ്ടതാണ്.
* കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കണം.
* ഷേക്ക് ഹാൻഡ് ഒഴിവാക്കുക.
* രോഗലക്ഷണങ്ങൾ ഉണ്ടോയെന്ന് സ്വയം നിരീക്ഷിക്കണം. എന്തെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കിൽ ഉടൻ ക്വാറന്റൈനിലാകുകയും ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കുകയും വേണം.

സംശയങ്ങൾക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിൽ വിളിക്കാവുന്നതാണ്.

രാജ്യത്ത് ഓമിക്രോൺ കേസുകൾ 87 ആയി

രാജ്യത്ത് ഓമിക്രോൺ കേസുകളുടെ എണ്ണം 87 ആയി ഉയർന്നു. കർണാടകയിൽ അഞ്ചും തെലങ്കാനയിൽ നാലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

ഡെൽറ്റയേക്കാൾ 70 മടങ്ങ് വേഗത്തിൽ വ്യാപിക്കും

ഹോങ്കോങ്ങിൽ നടത്തിയ പഠനപ്രകാരം ഓമിക്രോൺ ഡെൽറ്റയേക്കാൾ 70 മടങ്ങ് വേഗത്തിൽ പടരും. അതേസമയം, ശ്വാസകോശത്തിൽ, ഒറിജിനൽ വകഭേദത്തേക്കാൾ, 10 മടങ്ങ് കുറഞ്ഞ തോതിലാണ് ഇരട്ടിക്കുന്നതെന്നും കണ്ടെത്തി. അതുകൊണ്ടാവാം രോഗ തീവ്രത കുറഞ്ഞിരിക്കുന്നതെന്നും നിരീക്ഷണമുണ്ട് .