- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്ത് ഡെൽറ്റയെ മറികടന്ന് ഓമിക്രോൺ ആധിപത്യം സ്ഥാപിക്കുന്നു; പനിയും തൊണ്ടവേദനയും അടക്കം ചെറിയ രോഗലക്ഷണങ്ങൾ ഉള്ളവരെ എല്ലാം പരിശോധിക്കണം എന്ന് കേന്ദ്രസർക്കാർ; റാപ്പിഡ് ആന്റിജൻ ടെസ്റ്റുകളുടെ എണ്ണം കൂട്ടുകയും ഹോം ടെസ്റ്റ് കിറ്റുകൾ പ്രോത്സാഹിപ്പിക്കുകയും വേണം
ന്യൂഡൽഹി: രോഗ ലക്ഷണങ്ങൾ കാട്ടുന്നവരെ എല്ലാം കോവിഡ് പരിശോധന നടത്തണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ. പനി, തലവേദന, തൊണ്ട വേദന, ശ്വാസം മുട്ടൽ, മേലുവേദന, മണവും രുചിയും ഇല്ലായ്മ, ക്ഷീണം, വയറിളക്കം എന്നിവ ഉള്ളവരെ കോവിഡ് സംശയിക്കുന്നവരുടെ ഗണത്തിൽ പെടുത്തി പരിശോധിക്കണം. കേസുകളുടെ എണ്ണം കൂടുന്നത് കണക്കിലെടുത്ത് മൂന്നാം തരംഗ ഭീതി നിലനിൽക്കെയാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
റാപ്പിഡ് ആന്റിജൻ ടെസ്റ്റുകളുടെ എണ്ണം കൂട്ടുകയും, ഹോം ടെസ്റ്റ് കിറ്റുകൾ പ്രോത്സാഹിപ്പിക്കുകയും വേണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. കോവിഡ് കേസുകളുടെ എണ്ണം കൂടുന്നത് കണക്കിലെടുക്കുമ്പോൾ ഡെൽറ്റ വകഭേദത്തിന്റെ സ്ഥാനം ഓമിക്രോൺ കൈയടക്കി തുടങ്ങി. വിദേശത്ത് നിന്ന് വരുന്നവരിൽ 80 ശതമാനത്തിനും ഇപ്പോൾ ഓമിക്രോണാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇതുവരെ 1270 ഓമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
കോവിഡ് പരിശോധനകളുടെ എണ്ണം പരമാവധി കൂട്ടാനാണ് കേന്ദ്ര നിർദ്ദേശം. അതുവഴി വ്യാപനം കുറയ്ക്കാമെന്നാണ് കണക്കുകൂട്ടുന്നത്.ഡിസംബർ രണ്ടിന് ആദ്യ രണ്ട് ഓമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ, ആരോഗ്യമനമന്ത്രാലയം യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിച്ച് വരികയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പതിവായി അവലോകന യോഗങ്ങൾ വിളിച്ചുചേർക്കുന്നു. ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ മരുന്നുകളുടെയും, വെന്റിലേറ്ററുകളുടെയും, ഓക്‌സിജന്റെയും ഒക്കെ സ്‌റ്റോക്ക് പതിവായി വിലയിരുത്തുന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ വാർ റൂം 24 മണിക്കൂറും ഇടതടവില്ലാതെ പ്രവർത്തിച്ചുവരുന്നു.
കോവിഡ് മൂന്നാം തരംഗ ഭീതിയിൽ പുതുവർഷത്തിലേക്ക്
വ്യാഴാഴ്ച മാത്രം 16,700 പേർക്കാണ് പുതുതായി രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ച സ്ഥിരീകരിച്ച പുതിയ കേസുകളെക്കാൾ 27 ശതമാനം കൂടുതലാണ് വ്യാഴാഴ്ച സ്ഥിരീകരിച്ച രോഗികളുടെ എണ്ണം. കോവിഡ് മൂന്നാം തരംഗമെന്ന ആശങ്കയോടെയാണ് രാജ്യം പുതുവർഷത്തിലേക്ക് കടക്കുന്നത്.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കോവിഡ് രോഗികളുടെ എണ്ണം രണ്ടര ഇരട്ടി കൂടി. പുതുവത്സര രാത്രിയിലെ ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി പ്രധാന നഗരങ്ങളിലെല്ലാം നിയന്ത്രണങ്ങൾ കടുപ്പിച്ചു.
ഓമിക്രോൺ ബാധിതരുടെ എണ്ണം 1270 ആയി ഉയർന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം മഹാരാഷ്ട്രയിൽ 420ഉം ഡൽഹിയിൽ 320ഉം രോഗികളുണ്ട്. 109 രോഗികളുള്ള കേരളമാണ് ഓമിക്രോൺ ബാധിതരുടെ എണ്ണത്തിൽ മൂന്നാമത്. ഒന്നര മുതൽ മൂന്ന് ദിവസം കൊണ്ട് ഓമിക്രോൺ വ്യാപനം ഇരട്ടിയാകുമെന്ന് നേരത്തെ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.
നിലവിൽ ഡൽഹിയിൽ സ്ഥിരീകരിച്ച ഓമിക്രോൺ കേസുകളിൽ 60 ഓളം കേസുകളുടെ സമ്പർക്കപട്ടികയോ യാത്രവിവരങ്ങളോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ട്. 60 ഓളം കേസുകളിൽ അന്താരാഷ്ട്ര യാത്രയോ ഒരു അന്താരാഷ്ട്ര യാത്രക്കാരനുമായി സമ്പർക്കമോ ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ഡൽഹി ആരോഗ്യവകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഓമിക്രോണിന്റെ വ്യാപനം കോവിഡ് കണക്കിലും പ്രതിഫലിച്ചു. പ്രതിദിന രോഗികളുടെ എണ്ണം പതിമൂവായിരത്തിൽ നിന്ന് പതിനാറായിരത്തി എഴുന്നൂറ്റി അറുപത്തി നാലിലെത്തി. എഴുപത്തിയൊന്ന് ദിവസത്തിനിടയിലെ ഏറ്റവും കൂടിയ പ്രതിദിന വർധനയാണിത്. തിങ്കളാഴ്‌ച്ച ആറായിരത്തി ഇരുന്നൂറ്റി നാല്പത്തി രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്ത് മൂന്ന് ദിവസം കഴിയുമ്പോൾ പതിനാറായിരത്തിലേക്ക് കണക്കെത്തി.
ഒക്ടോബർ 20 ന് ശേഷം ഇന്ത്യയിൽ ഒറ്റ ദിവസം റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ ഏറ്റവും ഉയർന്ന കണക്കാണ് ഡിസംബർ 30 ന് സ്ഥിരീകരിച്ചത്. ബുധനാഴ്ച 13,180 പുതിയ കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്.
മുംബൈ, ഡൽഹി, കൊൽക്കത്ത, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലെല്ലാം കേസുകൾ വർധിക്കുകയാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകൾ കുറവുള്ളത്. മഹാരാഷ്ട്രയിൽ ഒരു ദിവസം 40% വർധനവാണ് കോവിഡ് കേസുകളിൽ ഉണ്ടാവുന്നത്. ബംഗാളിൽ ഒരു ദിവസം കൊണ്ട് കോവിഡ് കേസുകൾ ഇരട്ടിയായി.
കേരളത്തിൽ 2,423 കേസുകൾ രേഖപ്പെടുത്തിയെങ്കിലും കഴിഞ്ഞ ആഴ്ചകളെക്കാൾ കോവിഡ് കേസുകൾ കുറയുകയാണ് ചെയ്യുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ പരിശോധനയിൽ എണ്ണം കുറഞ്ഞതാണ് രോഗം സ്ഥിരീകരിക്കുന്നതിൽ കുറവ് വരുത്തുന്നത് എന്ന വിമർശനവുമുണ്ട്. തമിഴ്‌നാട്ടിൽ 890 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു, നവംബർ 4 ന് ശേഷം സംസ്ഥാനത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന കണക്കാണിത്.
ഡൽഹിയിൽ ഏഴുമാസത്തിന് ശേഷമാണ് പ്രതിദിന കോവിഡ് കണക്ക് ആയിരം കടന്നത്. ഓമിക്രോൺ ഭീഷണിയുള്ളതിനാൽ പുതുവത്സര ആഘോഷങ്ങൾക്കും പിടി വീണു. ഒട്ടുമിക്ക സംസ്ഥാനങ്ങളും രാത്രി പത്ത് മുതൽ 5 വരെ രാത്രി കാല കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ്.
ശനിയാഴ്ച മുതൽ കൗമാരക്കാർക്ക് വാക്സിനേഷന് ഓൺലൈനായി രജിസ്റ്റർ ചെയ്ത് തുടങ്ങാം. ആരോഗ്യപ്രവർത്തകർക്ക് കരുതൽ ഡോസായി ഏത് വാക്സിൻ നൽകണമെന്നതിൽ തീരുമാനമായില്ല എന്ന് ആരോഗ്യ മന്ത്രാലയം ഇന്നലെ വ്യക്തമാക്കിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ