- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
രാജ്യം ഇപ്പോൾ നേരിടുന്നത് കോവിഡ് മൂന്നാം തരംഗത്തെ; ചാലകശക്തി ആകുന്നത് വകഭേദമായ ഓമിക്രോണും; മെട്രോ നഗരങ്ങളിൽ 75 ശതമാനം കേസുകളും ഓമിക്രോൺ മൂലം; ഇതുവരെ 1700 കേസുകൾ; മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു; മുംബൈയിൽ ഇന്നുമാത്രം 8,082 കേസുകൾ
ന്യൂഡൽഹി: രാജ്യം കോവിഡ് മൂന്നാം തരംഗത്തെ നേരിടുകയാണെന്ന് വിദഗ്ദ്ധർ. മെട്രോ നഗരങ്ങളായ മുംബൈയിലും, ഡൽഹിയിലും, കൊൽക്കത്തയിലുമായി 75 ശതമാനം കേസുകളും കോവിഡ് വകഭേദമായ ഓമിക്രോണാണ് റിപ്പോർട്ട് ചെയ്യുന്നത്. ഡിസംബർ ആദ്യമാണ് രാജ്യത്ത് ഓമിക്രോൺ ആദ്യം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞാഴ്ച അത് 12 ശതമാനമായി ഉയർന്നെങ്കിൽ ഈയാഴ്ച അത് 28 ശതമാനമായി ഉയർന്നു. കോവിഡ് രോഗികളുടെ എണ്ണം കൂടാൻ കാരണം ഓമിക്രോൺ ആണെന്ന് ചുരുക്കം. നിലവിൽ മൂന്നാം തരംഗത്തെ നമ്മൾ നേരിടുകയാണെന്ന് വാക്‌സിൻ ദൗത്യ സംഘത്തിന്റെ തലവൻ ഡോ.എൻ.കെ. അറോറ എൻഡിടിവിയോട് പറഞ്ഞു.
ഇന്ത്യയില് 1700 ഓമിക്രോൺ കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കുടുതൽ. 510 കേസുകൾ. പുതിയ കോവിഡ് കേസുകളുടെ എണ്ണത്തിൽ 22 ശതമാനം വർദ്ധനയാണ് കാണുന്നത്. മൂന്നാം തരംഗത്തിന്റെ ചാലകശക്തി തീർച്ചയായും ഓമിക്രോൺ ആണെന്നും ഡോ.എൻ.കെ.അറോറ പറയുന്നു.
ഡൽഹിയിൽ കഴിഞ്ഞ രണ്ടു ദിവസവും റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിൽ 84 ശതമാനവും ഓമിക്രോൺ വകഭേദമാണെന്ന് ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞു. ഇന്ന് നാലായിരത്തോളം കേസുകൾ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. പുതിയ തരംഗം ഓമിക്രോൺ വകഭേദം മൂലമാണെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഡൽഹി നഗരത്തിൽ മാത്രം പോസിറ്റിവിറ്റി നിരക്ക് 6 ശതമാനമായി ഉയർന്നു. ഈ ആഴ്ചയിൽ കോവിഡ് തരംഗം സംസ്ഥാനത്ത് മൂർധന്യാവസ്ഥയിൽ എത്തുമെന്നാണ് കരുതുന്നതെന്നും ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ വ്യക്തമാക്കി.
ജനുവരിയിലെ ആദ്യ രണ്ടു ദിവസങ്ങളിൽ ഓഗസ്റ്റ് മുതൽ നവംബർ വരെയുള്ള മാസങ്ങളിലേതിനേക്കാൾ കൂടുതൽ കേസുകളാണ് ഡൽഹിയിൽ സ്ഥിരീകരിച്ചത്. ഓഗസ്റ്റ് മുതൽ നവംബർ വരെ 4669 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ജനുവരി ഒന്ന്, രണ്ട് ദിവസങ്ങളിൽ കോവിഡ് കേസുകൾ 5910 ആയിട്ടാണ് ഉയർന്നത്.
കർണാടകയിൽ വൈറസ് ബാധ 241 ശതമാനമാണ് വർധിച്ചത്. സംസ്ഥാനത്ത് 10,292 രോഗബാധിതരാണ് ചികിത്സയിലുള്ളത്. ബംഗലൂരു നഗരത്തിൽ മാത്രം 8671 പേർ രോഗബാധിതരാണ്. ബംഗലൂരു നഗരത്തിലാണ് രോഗബാധ ഏറ്റവും കൂടുതൽ. സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് 1.08 ശതമാനവും മരണ നിരക്ക് 0.5 ശതമാനവുമായതായി കർണാടക ആരോഗ്യവകുപ്പ് അറിയിച്ചു.
മഹാരാഷ്ട്രയിൽ രണ്ടാഴ്ചയായി കോവിഡ് കേസുകൾ കുത്തനെ വർധിക്കുകയാണ്. 42,024 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മുംബൈയിൽ ഇന്ന് പുതിയതായി 8082 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 90 ശതമാനം കേസുകളും ലക്ഷണം ഇല്ലാത്തവയാണ്. മുംബൈയിൽ 503 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. ഇതിൽ 56 പേർക്ക് ഓക്സിജൻ സഹായം വേണ്ട അവസ്ഥയാണ്. മുംബൈയിൽ മാത്രം കോവിഡ് കേസുകളിൽ 26 ശതമാനത്തിന്റെ വർധനവാണ് ഉള്ളതെന്നും സംസ്ഥാന ആരോഗ്യവകുപ്പ് വ്യക്തമാക്കി.
അതിനിടെ കോവിഡ് വ്യാപനം രൂക്ഷമാകുന്നത് കണക്കിലെടുത്ത് ഗോവയിൽ സ്‌കൂളുകളും കോളജുകളും അടച്ചു. ജനുവരി 26 വരെയാണ് അടച്ചത്. രാത്രികാല കർഫ്യൂവും സംസ്ഥാനത്ത് ഏർപ്പെടുത്തി. രാത്രി 11 മുതൽ രാവിലെ ആറു വരെയാണ് കർഫ്യൂ. സ്‌കൂളുകളും കോളജുകളും അടച്ച സാഹചര്യത്തിൽ ഓൺലൈൻ ക്ലാസ്സുകൾ നടത്തുമെന്ന് ഗോവ സർക്കാർ കോവിഡ് ടാസ്‌ക്ഫോഴ്സ് സംഘത്തലവൻ ഡോ. ശേഖർ സൽക്കാർ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ