- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് ഒരാൾക്കു കൂടി ഓമിക്രോൺ; മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചത് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ മംഗളുരു സ്വദേശിക്ക്; മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ; ഇന്ത്യയിൽ ഓമിക്രോൺ കേസുകൾ ദിനംപ്രതി 14 ലക്ഷം വരെ ഉയർന്നേക്കുമെന്ന് മുന്നറിയിപ്പ്
മഞ്ചേരി: സംസ്ഥാനത്ത് ഒരാൾക്ക് കൂടി ഓമിക്രോൺ സ്ഥിരീകരിച്ചു. മലപ്പുറത്ത് ചികിത്സയിൽ കഴിയുന്ന ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം 12ന് ഒമാനിൽനിന്ന് എത്തിയ മംഗുളുരു സ്വദേശിയായ 36കാരനാണ് രോഗം സ്ഥിരീകരിച്ചത്. കരിപ്പൂർ വിമാനത്താവളം വഴിയാണ് ഇദ്ദേഹം നാട്ടിലെത്തിയത്. ഇപ്പോൾ മഞ്ചേരി മെഡിക്കൽ കോളജിൽ ഇയാൾ ചികിത്സയിലാണ്.
കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. രോഗം സ്ഥിരീകരിച്ച വ്യക്തി നേരത്തെ ടാൻസാനിയ സന്ദർശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ ശേഷം നടത്തിയ ആർടിപിസിആർ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. അതിന് ശേഷം കൃത്യമായ യാത്രാരേഖകൾ പരിശോധിച്ചതിൽ നിന്നാണ് ഇദ്ദേഹം ടാൻസാനിയയിൽ രണ്ടാഴ്ച മുൻപ് സന്ദർശനം നടത്തിയെന്ന വിവരം ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓമിക്രോൺ പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് ഇദ്ദേഹത്തിന് ഓമിക്രോൺ സ്ഥിരീകരിക്കുന്നത്.
മലപ്പുറത്തും ഓമിക്രോൺ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഡിഎംഒയുടെ നേതൃത്വത്തിൽ അടിയന്തരയോഗം ചേരുകയാണ്. എന്തൊക്കെ നടപടികൾ സ്വീകരിക്കണമെന്ന കാര്യത്തിലും തീരുമാനം ഉടൻ ഉണ്ടാകും. രോഗം സ്ഥിരീകരിച്ച മംഗളൂരു സ്വദേശി സഞ്ചരിച്ച വിമാനത്തിലുണ്ടായിരുന്ന എല്ലാവരോടും നിരീക്ഷണത്തിൽ പോകാൻ ഇതിനോടകം തന്നെ നിർദ്ദേശം നൽകിയതായാണ് വിവരം. ഇന്നലെ രണ്ടു പേർക്ക് സംസ്ഥാനത്ത് ഓമിക്രോൺ സ്ഥിരീകരിച്ചിരുന്നു. യു.എ.ഇയിൽനിന്ന് എറണാകുളത്ത് എത്തിയ ദമ്പതികൾക്കാണ് രോഗം കണ്ടെത്തിയിരുന്നത്.
അതേസമയം ഇന്ത്യയിൽ ഓമിക്രോൺ വ്യാപനം രൂക്ഷമാവാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ രംഗത്തുവന്നു. രാജ്യത്ത് പ്രതിദിനം രോഗബാധിതരുടെ എണ്ണം 14 ലക്ഷം വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കോവിഡ് ടാസ്‌ക് ഫോഴ്‌സ് മേധാവി മുന്നറിയിപ്പ് നൽകി. യു.കെ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ രോഗവ്യാപന തോതുമായി താരത്യമ്യപ്പെടുത്തുമ്പോഴുള്ള കണക്കാണിത്. അനാവശ്യ യാത്രകൾ, തിരക്ക്, പുതുവത്സര ആഘോഷങ്ങൾ എന്നിവയിൽ ജാഗ്രത പാലിക്കണമെന്നും കോവിഡ് ടാസ്‌ക് ഫോഴ്‌സ് മേധാവി വി.കെ പോൾ പറഞ്ഞു.
ഈ രീതിയിൽ കടന്നുപോകുകയാണെങ്കിൽ ഓമിക്രോൺ ഡെൽറ്റയെ മറികടക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഡെൽറ്റ വ്യാപനം കുറവായിരുന്ന ദക്ഷിണാഫ്രിക്കയിൽ അതിനേക്കാൾ വേഗതയിലാണ് ഒമിക്രോണിന്റെ വ്യാപനമുള്ളതെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.
രാജ്യത്ത് നിലവിൽ ഏറ്റവും കൂടുതൽ ഓമിക്രോൺ കേസുകൾ ഉള്ളത് മഹാരാഷ്ട്രയിലാണ്. മുംബൈയിൽ 32 ഓമിക്രോൺ ബാധിതരാണുള്ളത്. ഡൽഹിയിൽ പത്ത് പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. കർണാടക, ഗുജറാത്ത്, കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ഓമിക്രോൺ കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ