- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്ത് ഓമിക്രോൺ കേസുകൾ ഉയരുന്നു; രോഗികളുടെ എണ്ണം 422 ആയി ഉയർന്നു; കൂടുതൽ രോഗബാധിതരുള്ളത് മഹാരാഷ്ട്രയിൽ; ഓമിക്രോൺ യൂറോപ്പിലേത് പോലെ ഇന്ത്യയിലും പിടിമുറുക്കുമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്
ന്യൂഡൽഹി: രാജ്യത്ത് ഓമിക്രോൺ കേസുകൾ കൂടുന്നു. ഇതുവരെ ഓമിക്രോൺ ബാധിച്ചവരുടെ എണ്ണം 422 ആയി. ഇന്നലെ 6,987 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 7,091 പേർ രോഗമുക്തി നേടി. ഇരുപത്തിനാല് മണിക്കൂറിനിടെ 162 പേർ മരിച്ചു. രാജ്യത്ത് 76,766 സജീവ കേസുകളാണ് ഉള്ളത്. ഇതുവരെ 3,42,30,354 പേർ രോഗമുക്തരായതായും 4,79,682 പേർ കോവിഡിനെ തുടർന്ന് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഓമിക്രോൺ ബാധിതരുടെ എണ്ണം കൂടുന്നു. നിലവിൽ 422 പേർക്ക് ഓമിക്രോൺ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുണ്ടായ മഹാരാഷ്ട്രയിൽതന്നെയാണ് ഓമിക്രോൺ കേസുകളും കൂടുതൽ 108. ഡൽഹിയിൽ 79, ഗുജറാത്തിൽ 43, തെലങ്കാനയിൽ 41, കേരളത്തിലും തമിഴ്‌നാട്ടിലും 34 എന്നിങ്ങനെയാണു സംസ്ഥാനങ്ങളിലെ കണക്ക്. വിവിധ സംസ്ഥാനങ്ങളിലായി 130 പേർ രോഗമുക്തി നേടി.
അതേസമയം കോവിഡിന്റെ അപകടകാരിയായ വകഭേദം യൂറോപ്പിലേത് പോലെ ഇന്ത്യയിലും പിടിമുറുക്കുമെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ദ്ധർ പറയുന്നത്. ഇത് മുന്നിൽക്കണ്ട് പ്രതിരോധ മാർഗങ്ങൾ ശക്തിപ്പെടുത്താൻ കേന്ദ്രം നിർദേശവും നൽകിക്കഴിഞ്ഞു. വിദഗ്ധരുടെ അഭിപ്രായപ്രകാരം 2022 ജനുവരി അവസാനത്തോടെ ഇന്ത്യയിൽ ഓമിക്രോൺ കേസുകൾ പരമാവധിയിലെത്തുമെന്നാണ് വിലയിരുത്തൽ.
ഇതുവരെയുള്ള കണക്കുകൾ അനുസരിച്ച് അപകടകരമായ നിലയിലേക്ക് കേസുകൾ ഉയർന്നിട്ടില്ല. എന്നാൽ ജനുവരി അവസാനത്തോടെ ഇത് സംഭവിക്കുമെന്ന് ഹൈദരാബാദിലെ കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഡയറക്ടർ ഡോക്ടർ സാംബിത് പറയുന്നു. ഇപ്പോൾ കേസുകൾ ഉയരുന്നത് ഓമിക്രോൺ കാരണമാണോ ഡെൽറ്റ കാരണമാണോ എന്ന് മനസ്സിലാക്കാൻ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ എ.എൻ.ഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, രാജ്യത്ത് ഓമിക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളിലേക്ക് കേന്ദ്രം പ്രത്യേക സംഘത്തെ അയക്കും. കോവിഡ് കേസുകൾ കൂടുതലുള്ള പത്ത് സംസ്ഥാനങ്ങളിലേക്കും അതോടൊപ്പം വാക്സിനേഷനിൽ പിന്നോക്കം നിൽക്കുന്ന സംസ്ഥാനങ്ങളിലുമാണ് കേന്ദ്രം സംഘങ്ങളെ അയക്കുക. കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഉത്തരവ് അനുസരിച്ച് കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, ബംഗാൾ, മിസോറാം, കർണാടക, ബിഹാർ, ഝാർഝണ്ഡ്, പഞ്ചാബ് എന്നിവയാണ് ഈ സംസ്ഥാനങ്ങൾ.
അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത് പരിഗണിച്ചാണ് കേന്ദ്ര സംഘം എത്തുന്നത്. ഉത്തർ പ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റിവെക്കുന്നത് പരിഗണിച്ചുകൂടേയെന്ന് അലഹബാദ് ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ സാഹചര്യം ചർച്ചചെയ്യാൻ തിങ്കളാഴ്ച യോഗം ചേരുന്നുണ്ട്. സംസ്ഥാനങ്ങളിൽ എത്തുന്ന കേന്ദ്രസംഘം അഞ്ച് ദിവസമാണ് ചെലവഴിക്കുക.
സംസ്ഥാനങ്ങളുമായി ചേർന്നു പ്രവർത്തിച്ചായിരിക്കും നിരീക്ഷണം. രോഗനിർണയം, പരിശോധനകൾ, വാക്സിനേഷൻ എന്നീ കാര്യങ്ങളാണ് സംഘം നിരീക്ഷിക്കുക. പോസിറ്റീവ് ആകുന്നവരിൽ നിന്ന് ഓമിക്രോൺ സ്ഥിരീകരിക്കുന്ന പട്ടികയും കേന്ദ്രസംഘം പ്രത്യേകം തയ്യാറാക്കും. ഓരോ ദിവസവും റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്യും.
മറുനാടന് ഡെസ്ക്