- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദക്ഷിണാഫ്രിക്ക ഓമിക്രോണിനെയും അതിജീവിച്ചു; കത്തിപ്പടർന്ന പുതിയ വകഭേദം അധികം നാശം വിതയ്ക്കാതെ കീഴോട്ട്; ആർജ്ജിത പ്രതിരോധത്തിലൂടെ മഹാമാരിയെ തോൽപ്പിച്ച രാജ്യത്തിന്റെ കഥ
ജോഹന്നാസ് ബർഗ്: ഏറെ ആശങ്ക പരത്തിയ ദക്ഷിണാഫ്രിക്കയിലെ ഓമിക്രോൺ വ്യാപനം ദുർബലപ്പെടുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. ജനങ്ങൾ കോവിഡ് -19 ന് എതിരായി ആർജ്ജിച്ച ടി-കോശ പ്രതിരോധശേഷിയാണ് അധികം ആളുകൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടാതെ തടഞ്ഞതെന്ന് വിദ്ഗദർ പറയുന്നു. മാത്രമല്ല, ഇതിന്റെ പേരിൽ ഒരു ലോക്ക്ഡൗണിന് ഒരുങ്ങാതിരുന്ന സർക്കാരിനെ അവർ പ്രശംസിക്കുകയും ചെയ്യുന്നു. ഇന്നലെ 17,154 പേർക്കാണ് ദക്ഷിണാഫ്രിക്കയിൽ പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. ഇത് കഴിഞ്ഞയാഴ്ച്ചയിലേതിനേക്കാൾ 4.8 ശതമാനം മാത്രമാണ് വർദ്ധിച്ചത്. മാത്രമല്ല തൊട്ടു മുൻപത്തെ ദിവസത്തേക്കാൾ 1000 പേർ മാത്രമാണ് കൂടുതലായി രോഗികളായത്.
ആഴ്ച്ചയുടേ ആരംഭത്തിൽ പ്രതിവാരം 90 ശതമാനം വരെയായിരുന്നു പുതിയ രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിരുന്നത് എന്നോർക്കണം. മാത്രമല്ല, കഴിഞ്ഞ വ്യാഴാഴ്ച്ച്, തൊട്ടുമുൻപത്തെ വ്യാഴാഴ്ച്ചയിലേതിനേക്കാൾ ഇരട്ടിയോളം പുതിയ രോഗികൾ ഉണ്ടാവുകയും ചെയ്തു. ഡെൽറ്റ വൈറസ് ആഞ്ഞടിച്ച സമയത്ത് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളുടെ എണ്ണത്തേക്കാൾ കുറവായിരുന്നു ഓമിക്രോൺ മൂലം പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം. ഇത് ഓമിക്രോൺ താരതമ്യേന ദുർബലമായ വകഭേദമാണെന്ന അനുമാനത്തിൽ എത്താൻ സഹായിച്ചു.
എന്നിരുന്നാലും ഈ അനുമാനം പൂർണ്ണമായും ശരിയാകണമെന്നില്ല എന്നും വിദഗ്ദർ പറയുന്നു. ഓമിക്രോൺ ബാധിച്ചവരിൽ ഏറെയും പേർ യുവാക്കളായതിനാലായിരിക്കാം രോഗം ഗുരുതരമാകാതിരുന്നത് എന്ന് അവർ പറയുന്നു. മാത്രമല്ല ജോഹന്നാസ്ബർഗിലെ ജനസംഖ്യയിൽ 76 ശതമാനം പേർക്കും നേരത്തേയും കോവിഡ് ബാധിച്ചിരുന്നു. ഇതിലൂടെ ആർജ്ജിച്ച പ്രതിരോധശേഷിയാകാം രോഗം ഗുരുതരമാകാതെ തടഞ്ഞതെന്നും അവർ സൂചിപ്പിക്കുന്നു.അതേസമയം ഇന്നലെ 36 കോവിഡ് മരണങ്ങളാണ് ദക്ഷിണാഫ്രിക്കയിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ ബുധനാഴ്ച്ചയ്ക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന മരണനിരക്കാണിത്.
അതുപോലെ, രാജ്യത്തിന്റെ ഓമിക്രോൺ തലസ്ഥാനമായി മാറിയ ഗൗടാംഗ് പ്രവിശ്യയിൽ തുടർച്ചയായ രണ്ടാം ദിവസവും വ്യാപനതോതിലെ വർദ്ധനവ് കുറവായി തന്നെ തുടർന്നു. വ്യാഴാഴ്ച്ച പ്രതിവാര വർദ്ധനവ് 43 ശതമാനമായിരുന്നു ഇവിടെ. ഇപ്പോഴും ഓമിക്രോണിന്റെ സാന്നിദ്ധ്യം ഇവിടെ റിപ്പോർട്ട് ചെയ്യപ്പെടുന്നുവെങ്കിലും മൂർദ്ധന്യഘട്ടം കഴിഞ്ഞിരിക്കുന്നു എന്നാണ് വിദഗ്ദരുടെ അഭിപ്രായം. ഇവിടെയും ആശുപത്രികളിൽ പ്രവേശനം തേടുന്ന കോവിഡ് രോഗികളുടെ എണ്ണം കഴിഞ്ഞ തരംഗകാലത്തെ അപേക്ഷിച്ച് കുറവായിരുന്നു. മരണനിരക്കും അതുപോലെ.
ഈ പ്രവിശ്യയിലെ 73 ശതമാനത്തോളം പേർ വാക്സിൻ എടുത്തവരോ അല്ലെങ്കിൽ നേരത്തേ കോവിഡ് വന്ന് സുഖം പ്രാപിച്ചവരോ ആണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.ഇതിലൂടെ നേടിയെടുത്ത പ്രതിരോധശേഷിയാണ് രോഗം മൂർച്ഛിക്കാതെ രക്ഷിച്ചതെന്നും വിദഗ്ദർ അഭിപ്രായപ്പെടുന്നു.
മറുനാടന് ഡെസ്ക്