ന്യൂഡൽഹി: വിവിധ രാജ്യങ്ങളിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ കണ്ടെത്തിയ പശ്ചാത്തലത്തിൽ രാജ്യത്ത് കോവിഡ് നിയന്ത്രണം ഡിസംബർ 31 വരെ നീട്ടി. മുൻകരുതലിന്റെ ഭാഗമായാണ് നിലവിലുള്ള കോവിഡ് നിയന്ത്രണം നീട്ടാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചത്. പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങി കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള നിർദേശങ്ങൾ പാലിക്കാനാണ് ജനങ്ങൾക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയത്.

അതിനിടെ, പരിശോധനകൾ വർധിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. ഇതുവരെ ഒരു പുതിയ കേസ് പോലും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാലും മുൻകരുതലും ജാഗ്രതയും തുടരണമെന്ന് ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ രാജ്യസഭയിൽ ചോദ്യോത്തരവേളയിൽ പറഞ്ഞു.