- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ന് സ്ഥിരീകരിച്ചത് മൂന്നു കേസുകൾ; രാജ്യത്തെ ഓമിക്രോൺ ബാധിതരുടെ എണ്ണം 26 ആയി ഉയർന്നു; രോഗമുക്തി നേടിയവരുടെ എണ്ണം 7 ആയി; രോഗ്യവ്യാപനം വർധിക്കുമ്പോൾ മാസ്‌ക് ധരിക്കുന്നതിൽ അലംഭാവം പാടില്ലെന്ന് കേന്ദ്രം; അപകട സാധ്യത ഒഴിഞ്ഞിട്ടില്ലെന്നും മുന്നറിയിപ്പ്
ന്യൂഡൽഹി: ഓമിക്രോൺ കേസുകൾ കൂടി വരുന്ന പശ്ചാത്തലത്തിൽ മാസ്‌ക് ധരിക്കുന്നതിൽ പുലർത്തുന്ന അലംഭാവത്തിനെതിരെ കേന്ദ്രസർക്കാർ. മാസ്‌ക് ധരിക്കുന്നവരുടെ എണ്ണം കുറയുകയാണ്. ഇത് അപകടസാധ്യത വർധിപ്പിക്കുന്നതായി കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകി. ലോകത്തെ സ്ഥിതിഗതികൾ ആശങ്കപ്പെടുത്തുന്നതാണ്. രാജ്യത്തും അപകടസാധ്യത നിലനിൽക്കുന്ന സാഹചര്യമാണെന്നും കേന്ദ്ര ആരോഗ്യ ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ പറഞ്ഞു.
രാജ്യത്ത് ഇതുവരെ ഓമിക്രോൺ ബാധിച്ചവർക്ക് നേരിയ രോഗലക്ഷണങ്ങൾ മാത്രമാണുള്ളത്. രാജ്യത്ത് കണ്ടെത്തിയ മൊത്തം കോവിഡ് വകഭേദങ്ങളിൽ ഒമൈക്രോണിന്റെ സാന്നിധ്യം 0.04 ശതമാനത്തിലും താഴെയാണെന്നും ലാവ് അഗർവാൾ വ്യക്തമാക്കി.ആരോഗ്യപരിപാലന രംഗത്ത് ഒരു അശ്രദ്ധ കുറവും ഉണ്ടാവാൻ പാടില്ല. കോവിഡ് വ്യാപനം ഉണ്ടായ യൂറോപ്പിൽ നിന്നുള്ള പാഠം മറക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സുരക്ഷയുടെ കാര്യത്തിൽ അപകടസാധ്യത നിലനിൽക്കുന്നുണ്ട്. മാസ്‌ക് ഉപയോഗിക്കുന്നത് കുറഞ്ഞിട്ടുണ്ട്. രണ്ട് ഡോസ് വാക്സിനും മാസ്‌കും നിർബന്ധമാണെന്ന കാര്യം മറക്കരുതെന്ന് നീതി ആയോഗ് അംഗം ഡോ വി കെ പോൾ മാധ്യമങ്ങളോട് പ്രതികരിച്ചു.മാസ്‌ക് ഉപയോഗം കുറയുന്നതിൽ ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആഗോളതലത്തിൽ ഒമൈക്രോണുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങൾ അസ്വസ്ഥത ഉണ്ടാക്കുന്നതായും വി കെ പോൾ പറഞ്ഞു.
രാജ്യത്ത് ഇന്ന് മൂന്ന് പേർക്ക് കൂടി ഓമിക്രോൺ സ്ഥിരീകരിച്ചു. ഗുജറാത്തിൽ രണ്ടും മഹാരാഷ്ട്രയിൽ ഒരാൾക്കുമാണ് വൈറസ് ബാധ കണ്ടെത്തിയത്. മഹാരാഷ്ട്രയിൽ ധാരാവിയിൽ നിന്നാണ് പുതിയ കേസ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ടാൻസാനിയയിൽ നിന്ന് എത്തിയ 49കാരനാണ് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര സംസ്ഥാനത്ത് ഇത് വരെ 11 പേർക്കാണ് ഓമിക്രോൺ സ്ഥിരീകരിച്ചത്. ഇതിൽ ഏഴ് പേർ രോഗമുക്തരായി കഴിഞ്ഞു. രണ്ട് പേർ ആശുപത്രി വിടുകയും ചെയ്തു.
പുതിയ കേസ് അടക്കം രാജ്യത്ത് ഇതുവരെ 26 പേർക്കാണ് കൊവിഡിന്റെ ഓമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്. രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, ഡൽഹി എന്നിവിടങ്ങളിലാണ് ഇത് വരെ രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ചവരിൽ ഗുരുതര ലക്ഷണങ്ങളില്ല എന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കോവിഡ് വാക്‌സീന്റെ ബൂസ്റ്റർ ഡോസ് നൽകുന്നത് സംബന്ധിച്ച തീരുമാനം വിദഗ്ധരുടെ നിർദേശമനുസരിച്ചാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവിയ ആവർത്തിച്ചു. ലോക്‌സഭയിൽ എൻ കെ പ്രമേചന്ദ്രൻ എംപിയുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി. വാക്‌സിനേഷനെ കുറിച്ച് പഠിക്കുന്ന സമിതികൾ ഇതുവരെ ബൂസ്റ്റർ ഡോസ് നിർദേശിച്ചിട്ടില്ല എന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം കോവിഷീൽഡിന്റെ ബൂസ്റ്റർ ഡോസിന് അനുമതി തേടിയുള്ള സിറം ഇൻസ്റ്റിറ്റിയട്ടിന്റെ അപേക്ഷ വിദഗ്ധ സമിതി പരിഗണിക്കും
മറുനാടന് മലയാളി ബ്യൂറോ