തിരുവനന്തപുരം: സംസ്ഥാന സർക്കാർ നിയോഗിച്ച അന്വേഷണ കമ്മീഷൻ മുമ്പാകെ ഹാജരായി മൊഴി നൽകിയ ആദ്യത്തെ മുഖ്യമന്ത്രിയാണ് ഉമ്മൻ ചാണ്ടി. അതുകൊണ്ട് തന്നെ സോളാർ അന്വേഷണ കമ്മീഷൻ മുമ്പാകെ ഉമ്മൻ ചാണ്ടി ഹാജരായത് ദേശീയ മാദ്ധ്യമങ്ങളിൽ അടക്കം വലിയ വാർത്തയായിരുന്നു. സോളാർ വിവാദത്തിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെ ഓരോന്നായി നിഷേധിച്ചു കൊണ്ടാണ് ഉമ്മൻ ചാണ്ടി കമ്മീഷൻ മുമ്പാകെ എത്തിയത്. ജസ്റ്റിസ് ശിവരാജൻ മുമ്പാകെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ 12 കാര്യങ്ങൾ ഉമ്മൻ ചാണ്ടി അക്കമിട്ട് നിരത്തിയിട്ടുണ്ട്.

സരിതയെ കണ്ടെന്ന ആരോപണത്തിൽ നേരത്തേ നിയമസഭയിൽ നൽകിയ വിശദീകരണത്തിൽ തനിക്ക് പിശകുപറ്റിയെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. തിയതി സംബന്ധിച്ച് ഉദ്യോഗസ്ഥർ നൽകിയ വിവരങ്ങളാണ് നിയമസഭയിൽ വിശദീകരിച്ചത്. ഇതുമൂലമാണ് പിഴവ് സംഭവിച്ചതെന്നും അദ്ദേഹം വിശദീരിച്ചു. സോളാർ ഇടപാടിൽ സർക്കാരിന് സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ല. സോളാർ കേസ് മൂലം പ്രതികളെ സഹായിക്കാൻ താനോ തന്റെ ഓഫിസോ കൂട്ടുനിന്നിട്ടില്ല. എന്നാൽ തന്റെ പേഴ്‌സണൽ സ്റ്റാഫിലെ ചില അംഗങ്ങൾക്ക് ഇക്കാര്യത്തിൽ ജാഗ്രതക്കുറവുണ്ടായി. ഇതേതുടർന്ന് ആരോപണവിധേയരാവരെ ഒഴിവാക്കി.

ബിജു രാധാകൃഷ്ണൻ തന്നെ കണ്ടത് വ്യക്തിപരമായി പരാതി പറയാനാണ്. അതിലെ ഉള്ളടക്കം വെളിപ്പെടുത്താൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീധരൻ നായരെയും സരിതയേയും ഒരുമിച്ച് കണ്ടിട്ടില്ല. ക്രഷർ യൂണിറ്റിന്റെ കാര്യത്തെക്കുറിച്ച് സംസാരിക്കാനാണ് ശ്രീധരൻ നായർ തന്നെ സന്ദർശിച്ചത് എന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

സത്യവാങ്മൂലത്തിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്:

ബഹുമാനപ്പെട്ട സോളാർ സ്‌കാം എൻക്വയറി കമ്മീഷൻ മുമ്പാകെ

ഞാൻ, ഉമ്മൻ ചാണ്ടി, S/o കെഒ ചാണ്ടി, 72 വയസ്സ്, കേരളാ മുഖ്യമന്ത്രി, ക്ലിഫ് ഹൗസ്, നന്തൻകോട്, തിരുവനന്തപുരം ബോധിപ്പിക്കുന്ന സത്യവാങ്മൂലം

(1) സോളാർ തട്ടിപ്പും ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച ആരോപണങ്ങൾ പ്രതിപക്ഷം കേരളാ നിയമസഭയിൽ 2013 ജൂൺ/ ജൂലൈ മാസങ്ങളിൽ ഉന്നയിച്ചതിനെത്തുടർന്ന് നടന്ന ചർച്ചകളിൽ പങ്കെടുത്തുകൊണ്ട് മുഖ്യമന്ത്രി എന്ന നിലയിൽ ഞാൻ പ്രധാനമായും താഴെ പറയുന്ന മൂന്ന് കാര്യങ്ങൾ വ്യക്തമാക്കി.

1. സംസ്ഥാന ഗവൺമെന്റിന് ഇക്കാര്യത്തിൽ യാതൊരുവിധത്തിലുമുള്ള സാമ്പത്തിക നഷ്ടവും ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല ഗവൺമെന്റിന്റെയോ ഗവൺമെന്റ് ഏജൻസികളുടെയോ ഭാഗത്തു നിന്നും യാതൊരു തരത്തിലുമുള്ള ആനുകൂല്യങ്ങളും തട്ടിപ്പുകാർക്ക് നൽകിയിട്ടില്ല.

2. സോളാർ കുറ്റകൃത്യങ്ങളിൽ പങ്കാളികളായ മുഴുവൻ വ്യക്തികളെയും മാതൃകാപരമായി ശിക്ഷിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കും.

3. ഇതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന എല്ലാ ആരോപണങ്ങളും വിശദമായി പരിശോധിച്ച് നടപടി സ്വീകരിക്കും.

(2) എന്നാൽ എന്റെ മറുപടിയിൽ തൃപ്തരാകാതെ പ്രതിപക്ഷം വ്യക്തമായ തെളിവുകളുടെ പിൻബലമില്ലാതെ ആരോപണങ്ങളും അഭ്യൂഹങ്ങളും കിംവദന്തികളും നിരന്തമായി പ്രചരിപ്പിക്കുകയും, േസാളാർ വിഷത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുകയും അതനുസരിച്ച് ബഹുമാനപ്പെട്ട ഈ കമ്മീഷനെ നിയമിച്ചിട്ടുള്ളതുമാണ്. ദൗർഭാഗ്യവശാൽ ബഹുമാനപ്പെട്ട കമ്മീഷനുമായി സഹകരിക്കില്ല എന്ന് പരസ്യമായി പ്രഖ്യാപിച്ച് തങ്ങളുടെ ആവശ്യമനുസരിച്ച് നിയമിച്ച ബഹമാനപ്പെട്ട കമ്മീഷനെ ബഹിഷ്‌ക്കരിക്കുന്ന സമീപനമാണ് പ്രതിപക്ഷ കക്ഷികൾ തുടക്കത്തിൽ സ്വീകരിച്ചത്. പിന്നീടാകട്ടെ ഉത്തരവാദിത്തപ്പെട്ട കമ്മീഷൻ എന്ന നിലയിൽ, കമ്മീഷന്റെ പ്രവർത്തനത്തിന് സഹായകരമായ തെളിവുകൾ ഹാജരാക്കുന്നതിന് പകരം തങ്ങൾ പ്രചരിപ്പിച്ച ആരോപണങ്ങളും കിംവദന്തികളും വീണ്ടും അവതരിപ്പിച്ച് സങ്കുചിത രാഷ്ട്രീയ നേട്ടം ഉണ്ടാക്കുവാനുള്ള പരിശ്രമമാണ് നടത്തുന്നത്.

(3) ബഹുമാനപ്പെട്ട കമ്മീഷന്റെ ഇതുവരെയുള്ള പ്രവർത്തനത്തിൽ എന്നെ സംബന്ധിച്ച പ്രധാന പരാമർശങ്ങളിന്മേൽ അതിന്റെ വസ്തുതകൾ താഴെ വിശദീകരിക്കുന്നു.

(4) കോന്നി സ്വദേശിയായ വ്യവസായി ശ്രീ. മല്ലേലിൽ ശ്രീധരൻനായെര ഒരു കോൺഗ്രസ് അനുഭാവി എന്ന നിലയിലും ക്രഷർ ഉടമകളുടെ സംഘടനാ നേതാവെന്ന നിലയിലും എനിക്കറിയാം. 2012 മധ്യത്തോടുകൂടി ഒരു ദിവസം അദ്ദേഹം എന്റെ ഓഫീസിൽ വരുകയും ക്രഷർ ഉടമകളുടേതായ ഒരു നിവേദനം എനിക്ക് നൽകുകയും ചെയ്തു എന്നത് യാഥാർത്ഥ്യമാണ്. എന്നാൽ ശ്രീധരൻ നായരോടൊപ്പം സരിതാ നായർ കൂടി ഉണ്ടായിരുന്നുവെന്നും, സോളാർ പദ്ധതിയെക്കുറിച്ചും മറ്റും സംസാരിച്ചുവെന്നുമുള്ള ശ്രീധരൻ നായരുടെ പ്രസ്താവന സത്യസന്ധമല്ല. ബിജു രാധാകൃഷ്ണനും സരിതാ നായരും ഉൾപ്പെടുന്ന സോളാർ കമ്പനിയെക്കുറിച്ചും അവരുടെ തട്ടിപ്പിനെ പറ്റിയും മറ്റും ഞാൻ മനസ്സിലാക്കുന്നത് തട്ടിപ്പ് സംബന്ധിച്ച ആരോപണങ്ങൾ പറത്തുവരുമ്പോൾ മാത്രമാണ്. അതിനു മുമ്പ് അവരെക്കുറിച്ച ഏതെങ്കിലും ഔദ്യോഗിക റിപ്പോർട്ടുകളോ രഹസ്യാന്വേഷണ റിപ്പോർട്ടുകളോ എനിക്ക് ലഭിക്കുകയോ മറ്റാരെങ്കിലും അതേക്കുറിച്ച് എന്റെ ശ്രദ്ധയിൽപ്പെടുത്തുകയോ ഉണ്ടായിട്ടില്ല.

(5) എന്നാൽ ബിജു രാധാകൃഷ്ണൻ എന്ന വ്യക്തി 2012 ൽ ഒരു ദിവസം എന്നെ എറണാകുളം ഗസ്റ്റ്ഹൗസിൽ വച്ച് സന്ദർശിച്ചിട്ടുണ്ട്. അന്ന് അയാൾ ഡോക്ടർ ആർ ബി നായർ എന്ന പേരിലായിരുന്നു എന്നെ കാണാൻ വന്നത്. വയനാട് എംപി ശ്രീ. എംഐ ഷാനവാസാണ് സന്ദർശനാനുമതി ആവശ്യപ്പെട്ടത്. മറ്റൊരു വ്യക്തിയോടൊപ്പം എന്നെ വന്നുകണ്ട ബിജു രാധാകൃഷ്ണൻ അയാളുടെ കുടുംബസംബന്ധമായ ചില പരാതികളാണ് എന്നോട് പറഞ്ഞത്. അല്ലാതെ മറ്റ് യാതൊരു കാര്യവും ആ അവസരത്തിൽ എന്നോട് സംസാരിച്ചിട്ടില്ല. കുടുംബസംബന്ധമായ കാര്യങ്ങൾ വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഒന്നായതിനാൽ അതിന്റെ വിവരങ്ങൾ വെളിപ്പെടുത്തുന്നത് ശരിയല്ല എന്ന സമീപനമാണ് ഞാൻ എല്ലായപ്പോഴും സ്വീകരിച്ചിട്ടുള്ളത്. എനിയ്‌ക്കെതിരെ അടിസ്ഥാനരഹിതമായ ആക്ഷേപങ്ങൾ ഉയർന്നുവന്നപ്പോൾ പോലും അതിനെ പ്രതിരോധിക്കുവാൻ ഞാൻ എന്റെ നിലപാട് മാറ്റിയിട്ടില്ല.

(6) ദേശീയ വികസന സമിതി യോഗത്തിൽ പങ്കെടുക്കുവാൻ ഡൽഹി സന്ദർശിച്ച വേളയിൽ വിജ്ഞാൻ ഭവന് പുറത്തുവച്ച് സരിതാ നായർ മുഖ്യമന്ത്രിയെ കണ്ടു എന്ന നിലയിൽ ഒരു ആരോപണമുണ്ടായി. എന്നാൽ ഈ ആരോപണം തെറ്റായതിനാൽ ഞാൻ ഉടനെ തന്നെ നിയമസഭയിൽ ഇത് നിഷേധിച്ചിട്ടുള്ളതുമാണ്. നിഷേധിക്കുമ്പോൾ ദേശീയ വികസന സമിതി യോഗത്തിന്റെ തീയതി ഡിസംബർ 27 എന്നതിന് പകരം 29 എന്ന് ഒരു പിശക് കടന്നുകൂടി. ആറേഴ് മാസം മുമ്പ് നടന്ന ഒരു പൊതു ചടങ്ങിന്റെ തീയതി ബന്ധപ്പെട്ട ഉദ്യേഗസ്ഥരിൽ നിന്ന് ശേഖരിച്ച് നൽകുന്നതിനിടയിൽ പറ്റിയ ഒരു പിശകാണത്. എന്നാൽ അതുപോലും പെരുപ്പിച്ചു കാണിക്കുവാനുള്ള ബോധപൂർവ്വമായ ശ്രമമാണ് പ്രതിപക്ഷത്തുനിന്നും ഉണ്ടായത്.

(7) മുഖ്യമന്ത്രിയുടെ ലെറ്റർഹെഡിൽ തട്ടിപ്പുകാർക്ക് ശുപാർശ കത്തുകൾ നൽകിയെന്ന പരാമർശത്തെ സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിൽ തട്ടിപ്പിനിരയായവരെ സ്വാധീനിക്കുവാൻ വേണ്ടി സോളാർ കേസ് പ്രതികൾ ഉപയോഗിച്ച കത്തുകൾ വ്യാജമാണെന്ന് ബോദ്ധ്യപ്പെടുകയും അപ്രകാരം വ്യാജ കത്തുകളും മറ്റും നിർമ്മിച്ച് ഉപയോഗിച്ച കാര്യം വിചാരണ കോടതിയിൽ തെളിഞ്ഞിട്ടുള്ളതുമാണ്.

(8) കൂടാതെ ബഹുമാനപ്പെട്ട കമ്മീഷൻ മാമ്പാകെ സിഡബ്യൂ4, സിഡബ്യൂ7, സിഡബ്യൂ41, സിഡബ്യൂ64, സിഡബ്യൂ65, സിഡബ്യൂ71, സിഡബ്യൂ79, സിഡബ്യൂ80, സിഡബ്യൂ105 തുടങ്ങിയവർ നടത്തിയ പ്രസ്താവനകൾ വസ്തുതകളല്ല, മറിച്ച് അടിസ്ഥാനരഹിതവും, വാസ്തവവിരുദ്ധവും ദുരുദ്ദേശപരവുമായ ആരോപണങ്ങൾ മാത്രമാണ്. ഇവരുടെ കമ്മീഷൻ മുമ്പാകെ എന്നെ പരാമർശിച്ചിട്ടുള്ള പ്രസ്താവനകൾ കളവായതിനാൽ നിഷേധിക്കുന്നു.

(9) സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിൽ തെറ്റായി പ്രവർത്തിച്ച വ്യക്തികൾക്കെതിരെ അക്കാര്യം ശ്രദ്ധയിൽപ്പെട്ട ഉടനെ കർശനമായ നടപടി സ്വീകരിക്കുന്ന സമീപനമാണ് ഗവൺമെന്റ് സ്വീകരിച്ചിട്ടുള്ളത്. പ്രതിപക്ഷ ആരോപണങ്ങൾ നിയമസഭയിൽ വന്ന ഉടനെ തന്നെ ഇന്റലിജൻസ് എഡിജിപിയിൽ നിന്ന് ഒരു റിപ്പോർട്ട് സത്വരമായി 13-06-2013 ൽ വാങ്ങുകയും അതിന്റെ അടിസഥാനത്തിൽ എന്റെ ഓഫീസ് ക്ലർക്കായിരുന്ന ടെനി ജോപ്പൻ, സുരക്ഷയിൽ ഉണ്ടായിരുന്ന സലീംരാജ് എന്നിവരെ ഡ്യൂട്ടിയിൽ നിന്ന് നീക്കുകയും ചെയ്തു. തുടർന്ന് സോളാർ കേസുകൾ അന്വേഷിക്കുവാൻ എഡിജിപി സൗത്ത്‌സോണിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയുണ്ടായി. എഡിജിപി സൗത്ത്‌സോണിന്റെ റിപ്പോർട്ടിന്റെ വെളിച്ചത്തിൽ സലീംരാജിനെ സംസ്ഥാന പൊലീസ് മേധാവി സസ്‌പെൻഡ് ചെയ്യുകയും അഡീഷണൽ പിഎ ആയിരുന്ന ജിക്കുമോൻ ജേക്കബ്ബിനെ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. പ്രത്യേക അന്വേഷണസംഘം സ്വതന്ത്രമായി കേസ്സുകൾ അന്വേഷിച്ച് മുന്നോട്ട് പോയതിനാലാണ് കോന്നി പൊലീസ് സ്റ്റേഷൻ ക്രൈം നമ്പർ 656/13 കേസ്സിൽ ടെനി ജോപ്പനെ അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിച്ചിട്ടുള്ളത്.

(10) ഞാൻ നിയമസഭയിൽ ആവർത്തിച്ച് ഉറപ്പുനൽകിയിരുന്നത് പോലെ സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് കുറ്റവാളികളുടെ പേരിൽ ശക്തവും മാതൃകാപരവുമായ നടപടി സ്വീകരിച്ചതിനാലാണ് എനിക്ക് ദീർഘകാലമായി ബന്ധമുള്ള വ്യക്തികളായിട്ടുപോലും എന്റെ പേഴ്‌സണൽ സ്റ്റാഫിന്റെ ഭാഗത്തുനിന്നും മതിയായ ജാഗ്രത ഇല്ലാതെയും തെറ്റായ രീതിയിലുമുള്ള പ്രവൃത്തികൾ ഉണ്ടായപ്പോൾ അതിനനുസൃതമായ ശക്തമായ നടപടി സ്വീകരിച്ചത്. പക്ഷേ, ദൗർഭാഗ്യവശാൽ ഉന്നത വിദ്യാഭ്യാസവും വ്യവസായ പശ്ചാത്തലവുമുള്ള വ്യക്തികളെപ്പോലും ഇന്ത്യൻ പ്രസിഡന്റ് ഇപ്പോഴത്തെ ഇന്ത്യൻ പ്രധാനമന്ത്രി, കേന്ദ്ര സംസ്ഥാന മന്ത്രിമാർ തുടങ്ങിയവരുടെയൊക്കെ പേര് ദുരുപയോഗം ചെയ്ത് വലയിൽ വീഴ്‌ത്തിയ ഒരു തട്ടിപ്പ് സംഘത്തിന്റെ കെണിയിൽ എന്റെ ഓഫീസിലെ ചില സ്റ്റാഫ് ഉൾപ്പെട്ടതിനെ പർവ്വതീകരിച്ച് എനിക്കെതിരായ ഒരു രാഷ്ട്രീയ ആക്രമണമായി മാറ്റുന്ന തത്വദീക്ഷയില്ലാത്ത സമീപനമാണ് പ്രതിപക്ഷത്തു നിന്നും ഈ കമ്മീഷനിൽ പോലും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

(11) 2005 മുതൽ തട്ടിപ്പു കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള സോളാർ കേസിലെ മുഖ്യപ്രതികളായ ബിജു രാധാകൃഷ്ണൻ, സരിതാ നായർ എന്നിവർക്ക് ആദ്യമായി ഒരു തട്ടിപ്പുകേസിൽ ശിക്ഷ ലഭിക്കുന്നത് ഈ ഗവൺമെന്റ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കി ചാർജ്ജ് ചെയ്ത ആറന്മുള പൊലീസ് സ്റ്റേഷൻ ക്രൈം നമ്പർ 817/13 കേസ്സിൽ മാത്രമാണ്. അതിലുപരി, സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയ കേസ്സിൽ (ക്രൈം നമ്പർ 153/2006 of Kottarakkara PS) കഴിഞ്ഞ ഇടതുപക്ഷ ഗവൺമെന്റിന്റെ കാലത്ത് വെറും 498 (A) ഐപിസി കേസ് എന്ന നിലയിൽ ബിജു രാധാകൃഷ്ണനെ സഹായിക്കുന്ന സമീപനമുണ്ടായപ്പോൾ 17-06-2013 ൽ അറസ്റ്റിലായ ബിജു രാധാകൃഷ്ണനെതിരെ 302 ഐപിസി അനുസരിച്ചുള്ള കേസ് ചാർജ്ജ് ചെയ്ത് അർഹിക്കുന്ന ശിക്ഷ ഉറപ്പാക്കാൻ കഴിയുകയും ചെയ്തു. സോളാർ ആരോപണങ്ങൾ ഉയർന്നു വന്നശേഷം ഈ ഗവൺമെന്റ് സ്വീകരിച്ച നിശ്ചയദാർഢ്യത്തോടുകൂടിയുള്ള നടപടികളുടെ കാര്യക്ഷമതയും വിജയവുമാണ് ഇത് സൂചിപ്പിക്കുന്നത്.

(12) ബഹുമാനപ്പെട്ട കമ്മീഷന്റെ തെളിവെടുപ്പ് അതിന്റെ അന്തിമഘട്ടത്തിലേക്ക് നീങ്ങുമ്പോഴും സംസ്ഥാന സർക്കാരിന് എന്തെങ്കിലും സാമ്പത്തിക നഷ്ടം ഉണ്ടായെന്നോ ഈ സോളാർ കമ്പനിക്കോ അതിന്റെ നടത്തിപ്പുകാർക്കോ ഈ സർക്കാർ എന്തെങ്കിലും സൗജന്യവും ചെയ്തു കൊടുത്തുവെന്നോ അവരുടെ നടത്തിപ്പിന് സർക്കാരിൽ നിന്നോ എന്റെ ഭാഗത്തുനിന്നോ എന്തെങ്കിലും സഹായങ്ങൾ ഉണ്ടായെന്നോ ഏതെങ്കിലും കുറ്റവാളികളെ ക്രിമിനൽ കേസുകളിൽ നിന്നും ഒഴിവാക്കിയെന്നോ സ്ഥാപിക്കാൻ വിശ്വസനീയമായ യാതൊരു തെളിവും ഹാജരാക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല. ഈ ഘട്ടത്തിൽ സുശക്തമായ നിയമ നടപടി സ്വീകരിച്ചതിന്റെ പക ചൂഷണം ചെയ്തുകൊണ്ട് സോളാർ തട്ടിപ്പിലെ പ്രതികളുടെ സഹായത്തോടുകൂടി സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടി അമ്പതോളം വർഷങ്ങളായി പൊതുജീവിതത്തിൽ നിൽക്കുന്ന എന്നെ സ്വഭാവഹത്യ നടത്തി അവഹേളിക്കുന്നതിനുവേണ്ടി ബഹുമാനപ്പെട്ട കമ്മീഷനെപ്പോലും ദുരുപയോളം ചെയ്യുവാൻ ശ്രമിക്കുന്ന പ്രവണതയാണ് പ്രതിപക്ഷത്തു നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ബഹുമാനപ്പെട്ട കമ്മീഷന് കൂടുതലായി എന്നിൽ നിന്നും മനസ്സിലാക്കേണ്ട വിവരങ്ങൾ വസ്തുതാപരമായി വിശദീകരിക്കുവാൻ ഞാൻ നേരിട്ട് ഹാജരാകുന്നു.

മേൽ വിവരിച്ച വസ്തുതാവിവരങ്ങൾ എന്റെ അറിവിൽപ്പെട്ടിടത്തോളം ശരിയും സത്യവുമാണ്.

ഇത് സത്യം സത്യം സത്യം..

ഉമ്മൻ ചാണ്ടി