തിരുവനന്തപുരം: ഇന്ധന വില വർധനയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ വിമർശിച്ച് ഉമ്മൻ ചാണ്ടി. കേരളത്തിൽ പെട്രോളിന് 90 രൂപയും ഡീസൽ വില 85 രൂപയും കവിഞ്ഞ് മുന്നേറുമ്പോൾ നട്ടംതിരിയുന്ന ജനങ്ങൾക്ക് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ചെറിയൊരു ഇളവുപോലും നൽകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ യുഡിഎഫ് സർക്കാർ വർധിപ്പിച്ച വിലയുടെ നികുതി ഉപേക്ഷിച്ചതുംയുപിഎ സർക്കാർ സബ്സിഡി നൽകിയതും നമ്മുടെ മുന്നിലുണ്ട്. ഇതു മാതൃകയാക്കി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇന്ധനവിലയിലെ തീവെട്ടിക്കൊള്ളയിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസം നൽകണമെന്നും അദ്ദേഹം പറഞ്ഞു.അന്താരാഷ്ട്രവിപണിയിൽ യുപിഎയുടെ കാലത്ത് ക്രൂഡോയിൽ ബാരലിന് 150 ഡോളർ വരെയായിരുന്നെങ്കിൽ ഇപ്പോഴത് 60 ഡോളറാണ്. അന്താരാഷ്ട്രവിപണിയിലെ വിലയല്ല ഇന്ധന വില നിശ്ചയിക്കുന്നതെന്നു വ്യക്തമാണ്.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തിയ നികുതിയാണ് യഥാർഥ വില്ലൻ. പെട്രോളിന്റെ അടിസ്ഥാന വില 32.27 രൂപയാണെങ്കിൽ കേന്ദ്രനികുതി 32.90 രൂപയും സംസ്ഥാന നികുതി 20.86 രൂപയുമാണ്. ഡീസലിന്റെ അടിസ്ഥാനവില 33.59 രൂപയാണെങ്കിൽ കേന്ദ്രനികുതി 31.8 രൂപയും സംസ്ഥാന നികുതി 16.08 രൂപയുമാണ്. രണ്ടു നികുതികളും കൂടി ചേർന്നാൽ അടിസ്ഥാന വിലയുടെ ഇരട്ടിയോളമാകും. ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന നികുതി നിരക്കാണിതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.