തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും തമാശ നിറഞ്ഞ ഉദ്ഘാടനം ഏതെന്ന് ചോദിച്ചാൽ അത് കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനമായിരുന്നു എന്നാണ് ഇടതുനേതാക്കൾ പറയുന്നതത്. റൺവേയുടെ നിർമ്മാണം പോലും പൂർണ്ണമായും പൂർത്തിയാക്കാതെ വിമാനത്താവളത്തിൽ ഹെലികോപ്ടർ പോലൊരു വിമാനമിറങ്ങി അത് വൻ നേട്ടമായി ഉയർത്തിക്കാണിക്കുകയാണ് സർക്കാർ ചെയ്തത്. എന്നാൽ, ഉദ്ഘാടനത്തെ കേരളം മുഴുവൻ പരിഹസിച്ചു. ഇപ്പോഴിതാ കണ്ണൂർ വിമാനത്താവളത്തിന്റെ വ്യാജചിത്രം കാണിച്ച് മുഖ്യമന്ത്രിയും പുലിവാല് പിടിച്ചു.

കണ്ണൂർ വിമാനത്താവളം രാജ്യാന്തര സർവീസിന് സജ്ജമായി എന്ന് പറഞ്ഞുകൊണ്ടുള്ള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റിനൊപ്പം പ്രചരിപ്പിക്കുന്ന റൺവേയുടെ ചിത്രം സ്‌കോട്ട്‌ലന്റ് വിമാനത്താവളത്തിന്റേതാണെന്ന് വ്യക്തമായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് മുഖ്യമന്ത്രി തടിയൂരി. സ്‌കോട്ട്‌ലന്റിലെ സ്‌റ്റോണോവേ വിമാനത്താവളത്തിലെ റൺവേയുടെ ചിത്രമെടുത്താണ് കണ്ണൂർ വിമാനത്താവളം രാജ്യാന്തര സർവീസിന് സജ്ജമായെന്ന് മുഖ്യമന്ത്രി പ്രചരിപ്പിക്കുന്നതെന്ന ആരോപണമാണ് സോഷ്യൽമീഡിയയിൽ വ്യാപകമായി ഉയർന്നത്. പലരും യഥാർത്ഥചിത്രം കമന്റായി പോസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയയിൽ വ്യാപകമായി തന്നെ മുഖ്യമന്ത്രിക്കെതിരായി ഉയർന്നുവന്നു. ഇതോടെയാണ് മുഖ്യമന്ത്രി ഫേസ്‌ബുക്ക് പോസ്റ്റ് പിൻവലിച്ചത്.

കണ്ണൂർ വിമാനത്താവളം രാജ്യാന്തര സർവ്വീസിന് സജ്ജമായി എന്ന പറഞ്ഞുകൊണ്ട് ഒരുവെബ്‌സൈറ്റ് നൽകിയിരിക്കുന്ന വാർത്തയാണ് മുഖ്യമന്ത്രി തന്റെ ഫേസ്‌ബുക്ക് പേജിൽ ഷെയർ ചെയ്തത്. കണ്ണൂർ വിമാനത്താവളം എന്ന് പറഞ്ഞുകൊണ്ട് അതിൽ നൽകിയിരിക്കുന്ന ചിത്രം സ്‌കോട്ട്‌ലന്റ് വിമാനത്താവളത്തിന്റേതാണെന്ന് മുഖ്യമന്ത്രിക്കും വൈകിയാണ് വ്യക്തമായത്. സ്‌റ്റോണോവേ വിമാനത്താളവത്തിന് വിക്കിപീഡിയ നൽകിയിരിക്കുന്ന ചിത്രം തന്നെയാണ് കണ്ണൂർ വിമാനത്താവളമെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഉപയോഗിച്ച ചിത്രവും.

കണ്ണൂർ വിമാനത്താവളത്തിന്റെ 3050 മീറ്റർ റൺവേ നിർമ്മാണം പൂർത്തിയായെന്നും ഇതോടെ രാജ്യാന്തര വിമാന സർവീസിന് കണ്ണൂർ വിമാനത്താവളം സജ്ജമായിക്കഴിഞ്ഞു എന്നും ഉമ്മൻ ചാണ്ടി ഷെയർ ചെയ്ത ഈ വാർത്തയിൽ പറഞ്ഞിരുന്നു. യു.ഡി.എഫ് സർക്കാരിന്റെ ഏറ്റവും അഭിമാനകരമായ നേട്ടങ്ങളിലൊന്നാണ് കണ്ണൂർ വിമാനത്താവളമെന്ന് പറഞ്ഞുകൊണ്ടാണ് ഉമ്മൻ ചാണ്ടി ഫോട്ടോയും വാർത്തയും ഷെയർ ചെയ്തത്.

മൺസൂണിനു മുമ്പ് വിമാനത്താവളത്തിന്റെ നിർമ്മാണം പരമാവധി പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പണി പുരോഗമിക്കുന്നത് എന്നും റൺവേയുടെ രണ്ടറ്റത്തും സുരക്ഷാ മേഖലയെന്ന നിലയ്ക്കു 150 മീറ്റർ നീളത്തിൽ റൺവേയ്ക്കു സമാനമായ രീതിയിൽ ടാറിങ്ങ് ഉൾപ്പെടെയുള്ള പണി പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി ഷെയർ ചെയ്ത പോസ്റ്റിൽ അവകാശപ്പെട്ടിരുന്നു.