കൊച്ചി: ക്ലിഫ്ഹൗസിൽ വച്ച് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാരോപിച്ച് രംഗത്തെത്തിയ സോളാർ തട്ടിപ്പുകാരി സരിത എസ് നായർക്കെതിരെ മുഖ്യമന്ത്രി മാനനഷ്ട കേസ് ഫയൽ ചെയ്തു. മുഖ്യമന്ത്രി തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ചുള്ള സരിതയുടെ കത്ത് പുറത്തുവന്നതിന് പിന്നാലെ നിയമ നടപടിയുമായി മുഖ്യമന്ത്രി. സരിതയടക്കം അഞ്ച് പേർക്കെതിരെ ക്രിമിനൽ മാനനഷ്ടക്കേസാണ് മുഖ്യമന്ത്രി ഫയൽ ചെയ്തത്. എറണാകുളം സിജെഎം കോടതിയിലാണ് മുഖ്യമന്ത്രി ഹർജി നൽകിയത്. കേസിൽ അടുത്തമാസം 28ന് വാദം കേൾക്കും.

തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണിതെന്ന് ഹർജിയിൽ മുഖ്യമന്ത്രി ആരോപിക്കുന്നു. സരിതയടക്കം അഞ്ച് പേർക്കെതിരെയാണ് ഹർജി സമർപിച്ചത്. സരിതയെയും കൈരളി ചാനലിലെയും ഏഷ്യാനെറ്റ് ന്യൂസിലെയും മാദ്ധ്യമപ്രവർത്തകർക്കും എതിരെയാണ് മുഖ്യമന്ത്രി കേസ് നൽകിയത്. കൈരളി പീപ്പിൾ ഡെപ്യൂട്ടി എഡിറ്റർ മനോജ് വർമ, സീനിയർ ന്യൂസ് എഡിറ്റർ കെ.രാജേന്ദ്രൻ എന്നിവർ കേസിൽ എതിർകക്ഷികളാണ്. ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റർ എം.ജി രാധാകൃഷ്ണൻ, കോഓർഡിനേറ്റിങ് എഡിറ്റർ വിനു വി ജോൺ എന്നിവർക്കെതിരെയും കേസ് ഫയൽ ചെയ്തു. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് അപകീർത്തിപ്പെടുത്താനാണ് ശ്രമമെന്ന് മുഖ്യമന്ത്രി ആരോപിച്ചു.

മുഖ്യമന്ത്രി ക്ലിഫ് ഹൗസിൽ വച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പറയുന്ന സരിതയുടെ കത്ത് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടിരുന്നു. 2013 ജൂലൈയിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ എഴുതിയ കത്തിലണ് മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണമുള്ളത്. കത്ത് തന്റേതാണെന്ന് സമ്മതിച്ച സരിത താനിത് സോളാർ കമ്മിഷന് മുന്നിൽ ഹാജരാക്കാത്തത് അപമാനഭയം മൂലമാണെന്നും വ്യക്തമാക്കിയിരുന്നു. പെരുമ്പാവൂർ ജയിലിൽ കഴിയുന്ന സമയത്ത് എഴുതിയ കത്താണ് സരിത പുറത്തുവിട്ടത്. കത്ത് തന്റെ സ്വന്തം കൈപ്പടയിൽ എഴുതിയതാണെന്ന് സരിത സ്ഥിരീകരിച്ചിരുന്നു. ഇതിനു തെളിവുകളുണ്ടെന്നും വീഡിയോ ദൃശ്യങ്ങൾ പുറത്തുവിടുമെന്നും സരിത ഇന്നലെ വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രിക്ക് പുറമെ മുൻ കേന്ദ്രമന്ത്രിയും എംപിയുമായ കെസി വേണുഗോപാൽ, ഹൈബി ഈഡൻ തുടങ്ങിയവർക്കെതിരെയും സരിത കത്തിൽ ലൈംഗിക ആരോപണം ഉന്നയിക്കുന്നുണ്ട്. സരിതയുടെ കത്ത് ഗൂഢാലോചനയുടെ ഭാഗമായാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്നലെ ദൃശ്യങ്ങളടങ്ങിയ സിഡിയുണ്ടെന്നും സരിത അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി മാനനഷ്ട കേസ് ഫയൽ ചെയ്തത്.

നേരത്തെ ക്ലിഫ് ഹൗസിൽ വച്ച് മുഖ്യമന്ത്രി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ചാണ് സരിത കത്തെഴുതിയത്. ഇക്കാര്യമാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തത്. മുൻ കേന്ദ്രമന്ത്രി ബലാത്സംഗം ചെയ്തു. സംസ്ഥാന മന്ത്രിയുടെ വസതിയിൽ വച്ചാണ് പീഡിപ്പിച്ചത്. കത്ത് കമ്മിഷന് നൽകാതിരുന്നത് അപമാനം ഭയം മൂലമാണെന്നും സരിത ഏഷ്യാനെറ്റ് ന്യൂസിനോട് പറയുകയുമാണ്ടായി.

കേന്ദ്രമന്ത്രിമാർക്ക് കാഴ്‌ച്ചവെക്കാൻ ശ്രമിച്ചത് മന്ത്രി രമേശ് ചെന്നിത്തലയുടെ പിഎ ആണെന്നും കത്തിൽ സരിത പറയുന്നു. 2013 ജൂലൈ 19ന് കസ്റ്റഡിയിൽ വച്ച് സരിത എഴുതിയ കത്താണ് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടത്. 25 പേജുകള്ള ഈ കത്തിനെച്ചൊല്ലി സോളാർ കേസിന്റെ നാൾവഴികളിലുടനീളം വൻ വിവാദമുണ്ടായിരുന്നു. ക്ലിഫ് ഹൗസിൽ വച്ചാണ് ഉമ്മൻ ചാണ്ടി ലൈംഗികമായി പീഡിപ്പിച്ചതെന്നും സരിത കത്തിൽ പറയുന്നു. കത്ത് താനെഴുതിയതാണെന്നും പെരുമ്പാവൂർ പൊലീസ് തന്നെ കസ്റ്റഡിയിലെടുത്തപ്പോൾ എഴുതിയ കത്താണിതെന്നും സരിത സമ്മതിച്ചു. എറണാകുളം എസിജെഎം കോടതിയിൽ കൊടുക്കാനായിരുന്നു ഈ കത്തെഴുതിയതെന്നും സരിത പറയുന്നു. കത്തിൽ പറയുന്ന കാര്യം നിഷേധിക്കുന്നില്ലെന്നും സരിത പറയുന്നു.

മുഖ്യമന്ത്രി തന്നെ ഉപയോഗിച്ച രീതി സരിത കത്തിൽ വിവരിക്കുന്നുണ്ട്. തന്നെ സാമ്പത്തികമായും ശാരീരികമായും മാനസികമായും ചൂഷണം ചെയ്ത മുഖ്യമന്ത്രിക്ക് ലക്ഷ്മി എന്ന സരിതയെ ഇപ്പോൾ അറിയുന്നുണ്ടാവില്ലെന്നും ഉമ്മൻ ചാണ്ടിയെ അഭിസംബോധന ചെയ്യുന്ന കത്തിൽ പറയുന്നു. മുഖ്യമന്ത്രിക്ക് കോഴ നൽകിയ കാര്യവും കത്തിൽ പറയുന്നുണ്ട്. ഇത് നേരത്തെ സോളാർ കമ്മിഷന് മുന്നിൽ സരിത മൊഴി നൽകിയിരുന്നു.