ബെംഗളൂരു: സോളർ കേസിൽ ബെംഗളൂരു അഡീഷനൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയുടെ പ്രതികൂല വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഹർജി സമർപ്പിച്ചു. ബാംഗ്ലൂർ സിറ്റി സിവിൽ കോടതി ഉമ്മൻ ചാണ്ടിയുടെ അപ്പീൽ ഇന്ന് ഇതു പരിഗണിച്ചേക്കും. തെളിവെടുപ്പു കൂടാതെ ഏകപക്ഷീയമായാണു വിധിയെന്നു ചൂണ്ടിക്കാട്ടി സിവിൽ ചട്ടത്തിന്റെ ഓർഡർ ഒൻപത് റൂൾ 13 വകുപ്പു പ്രകാരമാണു ഹർജി. ഉമ്മൻ ചാണ്ടി ഉൾപ്പെടെ ആറു പേർക്കെതിരെയായിരുന്നു സെഷൻസ് കോടതി വിധി. ഉമ്മൻ ചാണ്ടിയും കേസിലെ കൂട്ടുപ്രതികളും 1.6 കോടി രൂപ പിഴ നൽകണമെന്നായിരുന്നു കോടതി ഉത്തരവ്.

എന്നാൽ, തന്റെ ഭാഗം വ്യക്തമാക്കാനോ തെളിവു നൽകാനോ മതിയായ അവസരം ലഭിച്ചില്ലെന്നും തക്കതായ കാരണങ്ങളാലാണു കോടതിയിൽ ഹാജരാകാതിരുന്നതെന്നും അഭിഭാഷകരായ എ.സന്തോഷ് കുമാർ, സൂരജ് എന്നിവർ മുഖേന സമർപ്പിച്ച ഹർജിയിൽ ഉമ്മൻ ചാണ്ടി ബോധിപ്പിച്ചു. വിധി പുറപ്പെടുവിച്ച സെഷൻസ് കോടതിയിൽ തന്നെ കേസ് പരിഗണിക്കണമെന്ന അപേക്ഷയ്‌ക്കൊപ്പം ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടു മറ്റൊരു ഹർജിയും സമർപ്പിച്ചിട്ടുണ്ട്. ഉമ്മൻ ചാണ്ടി ഹർജി സമർപ്പിച്ചാൽ തന്റെ ഭാഗംകൂടി കേട്ടശേഷമേ തീരുമാനമെടുക്കാവൂ എന്നു ചൂണ്ടിക്കാട്ടി എതിർകക്ഷിയായ എം.കെ.കുരുവിള കഴിഞ്ഞ 28നു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയിൽ കവിയറ്റ് ഹർജിയും സമർപ്പിച്ചിരുന്നു.

നാലായിരം കോടി രൂപയുടെ സോളർ പ്ലാന്റ് സ്ഥാപിക്കാൻ സഹായിക്കാമെന്നു വാഗ്ദാനം നൽകി ബെംഗളൂരുവിലെ റിയൽ എസ്റ്റേറ്റ് വ്യാപാരിയായ കുരുവിളയിൽനിന്ന് 1.35 കോടി രൂപ കൊച്ചിയിലെ സ്‌കോസ എജ്യൂക്കേഷനൽ കൺസൽറ്റൻസി വാങ്ങിയെന്നാണു കേസ്. ആറു പ്രതികളും കൂടി 16,085,700 രൂപയും കേസ് പരിഗണിച്ചതു മുതലുള്ള 12% പലിശയും കോടതിച്ചെലവും ആറു മാസത്തിനകം തിരിച്ചുനൽകണമെന്നാണു കഴിഞ്ഞ 24നു സിറ്റി സിവിൽ കോടതി വിധിച്ചത്.

അഞ്ചാം പ്രതിയാണ് ഉമ്മൻ ചാണ്ടി. സ്‌കോസ എജ്യൂക്കേഷനൽ കൾസൽറ്റന്റ്‌സ്, മാനേജിങ് ഡയറക്ടർ ബിനു നായർ, ഡയറക്ടർമാരായ ആൻഡ്രൂസ്, ദിലിജിത്, സ്‌കോസ കൺസൽറ്റന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണു മറ്റു പ്രതികൾ. നേരത്തെ കുരുവിള ഫീസടയ്ക്കാത്തതിനാൽ കേസ് തള്ളിയെന്നും തനിക്ക് സമൻസ് കിട്ടിയില്ലെന്നുമാണ് ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നത്്. ഇത് കള്ളമാണെന്ന് പിന്നീട് ബോധ്യമാകുകയും ചെയ്തു.

കുരുവിള 2015 മാർച്ച് 23 ന് കൊടുത്ത കേസ് ഫീസടയ്ക്കാത്തതിന്റെ പേരിൽ 2015 ഏപ്രിൽ 30ന് തള്ളിയെന്നാണ് ഉമ്മൻ ചാണ്ടിയുടെ വാദം. എന്നാൽ, ഇത്തരത്തിൽ കേസ് തള്ളിയിട്ടില്ലെന്ന് കുരുവിള സാക്ഷ്യപ്പെടുത്തുന്നു. താൻ ആവശ്യപ്പെട്ട പ്രകാരം കേസിൽ ഫീസടയ്ക്കാൻ കോടതി ദിവസം നീട്ടിത്തരികയാണുണ്ടായത്. 2016 മാർച്ച് 19 ന് കേസ് വീണ്ടും കോടതിയുടെ പരിഗണനയ്ക്ക് വന്നു. ഈ അവസരങ്ങളിലൊന്നും തനിക്ക് സമൻസ് ലഭിച്ചില്ലെന്നാണ് ഉമ്മൻ ചാണ്ടിയുടെ രണ്ടാമത്തെ വാദം.

എന്നാൽ 2016 മാർച്ച് 19 ന് കേസ് പരിഗണിക്കുന്നുവെന്ന് കാണിച്ചയച്ച സമൻസ് ഉമ്മൻ ചാണ്ടി കൈപ്പറ്റി. കൈപ്പറ്റിയെന്ന തപാൽ രേഖ കോടതിയിൽ എത്തിയിരുന്നില്ല. മാർച്ച് 22ന് കേസ് പരിഗണിക്കുന്നുവെന്ന് കാട്ടി കോടതി വീണ്ടും സമൻസയച്ചു. ഈ സമൻസ് ഏപ്രിൽ 24 നാണ് കൈപ്പറ്റിയതെന്നാണ് ഉമ്മൻ ചാണ്ടിയുടെ മറ്റൊരു വാദം. ഏപ്രിൽ 23ന് ഉമ്മൻ ചാണ്ടി അഭിഭാഷകന് വക്കാലത്ത് നൽകിയിട്ടുണ്ട്. (രേഖ കാണുക). കെ. രവീന്ദ്രനാഥ, എ. സന്തോഷ് കുമാർ, കെ. വിനോദ്, പ്രിൻസിലാൽ, എസ്.വി. ശാസ്ത്രി എന്നിവർക്കാണ്, വക്കാലത്ത്. ഏപ്രിൽ 24നാണ് സമൻസ് ലഭിച്ചതെങ്കിൽ 23ന് എങ്ങനെ വക്കാലത്ത് നൽകാനാകും? അതിന് മുൻപു തന്നെ സമൻസ് കൈപ്പറ്റിയെന്നർത്ഥം. സമൻസ് കൈപ്പറ്റിയിട്ടും അദ്ദേഹം എന്തുകൊണ്ട് കോടതിയിൽ ഹാജരായില്ല?

ഇതൊക്കെ നടക്കെയാണ് ഏപ്രിൽ 28 ന് തിരുവനന്തപുരം മുൻസിഫ് കോടതിയിൽ രാജ്യത്തെവിടെയും തന്റെ പേരിൽ കേസില്ലെന്ന് ഉമ്മൻ ചാണ്ടി സത്യവാങ്മൂലം നൽകിയത്. ഏപ്രിൽ 29 ന് പുതുപ്പള്ളി മണ്ഡലത്തിൽ മത്സരിക്കാൻ പള്ളിക്കത്തോട് ബ്ലോക്ക് ഓഫീസിൽ നൽകിയ സത്യവാങ്മൂലത്തിലും ഒരു കേസും നിലവിലില്ലെന്ന് കള്ളം പറഞ്ഞു. ബെംഗളൂരു കോടതിയിൽ ഏപ്രിൽ 23 ന് അഭിഭാഷകന് വക്കാലത്ത് നൽകിയ ഉമ്മൻ ചാണ്ടിയാണ് കോടതിയെയും ജനങ്ങളേയും കബളിപ്പിച്ച് രാജ്യത്തൊരിടത്തും തനിക്കെതിരെ കേസില്ലെന്ന് സത്യവാങ്മൂലം നൽകിയത്. ഉമ്മൻ ചാണ്ടിക്കെതിരെ കേസുണ്ടെന്ന് അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി എസ് പല വേദികളിലും പ്രസ്താവന നടത്തിയിരുന്നു. അച്യുതാനന്ദനെതിരെ തിരുവനന്തപുരം മുൻസിഫ് കോടതിയിൽ അപകീർത്തികേസ് ഫയൽ ചെയ്ത ഉമ്മൻ ചാണ്ടി വ്യാജ സത്യവാങ്മൂലം സമർപ്പിച്ചു.