ബെംഗളൂരു: ഉമ്മൻ ചാണ്ടിയെന്ന രാഷ്ട്രീയ നേതാവിന്റെ പതനത്തിന് തുടക്കമിട്ട കേസാണ് സോളാർ തട്ടിപ്പു കേസ്. യുഡിഎഫ് ഭരണം നഷ്ടമാകാൻ പ്രധാന കാരണമായ ഈ കേസിൽ നിന്നും രക്ഷനേടാൻ മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ഇനിയും സാധിച്ചിട്ടില്ല. ബാംഗ്ലൂരിൽ വ്യവസായി ടി യു കുരുവിള നൽകിയ കേസിൽ ഉമ്മൻ ചാണ്ടിക്ക് പിഴശിക്ഷ വിധിക്കുകയും ചെയ്തു. ഈ കേസിൽ നിന്നും രക്ഷപെടാൻ വേണ്ടി അപ്പീൽ നൽകി ഇന്നലെ കോടതിയിൽ എത്തിയ ഉമ്മൻ ചാണ്ടിക്ക് ശരിക്കും പണികിട്ടി. ഇതോടെ മണിക്കൂറുകൾ കോടതി വരാന്തയിൽ കാത്തിരിക്കേണ്ടി വന്നു കേരളത്തിന്റെ മുൻ മുഖ്യന്.

വാദിഭാഗം അഭിഭാഷകൻ വൈകിയതാണ് ഉമ്മൻ ചാണ്ടിക്ക് വിനയായത്. ഇന്നലെ കേസ് വിളിച്ചപ്പോൾ എതിർവാദം ഉന്നയിക്കാൻ എം.കെ. കുരുവിളയോ അഭിഭാഷകനോ എത്തിയിരുന്നില്ല. ഇതേത്തുടർന്ന് കോടതിനടപടികൾ മുക്കാൽമണിക്കൂർ തടസ്സപ്പെട്ടു. എന്നാൽ, കോടതിയിൽ എത്താതിരുന്നതു കൊണ്ടാണ് തനിക്ക് നേരത്തെ പണി കിട്ടിയതെന്ന് വ്യക്തമായ ഉമ്മൻ ചാണ്ടി നേരത്തെ തന്നെ കോടതിയിൽ എത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ പത്തരയ്ക്ക് ഉമ്മൻ ചാണ്ടി അഭിഭാഷകനുമൊത്ത് കോടതിയിലെത്തി. 11 മണിക്ക് നടപടികൾ ആരംഭിച്ചപ്പോൾ കുരുവിളയുടെ അഭിഭാഷകരിലൊരാളായ ബാബു കോടതിയിലുണ്ടായിരുന്നു.

11.30ന് കേസുവിളിച്ചപ്പോൾ പരാതിക്കാരനോ അഭിഭാഷകരോ കോടതിയിലുണ്ടായിരുന്നില്ല. തുടർന്ന് കേസ് പത്തുമിനിറ്റ് നീട്ടിവച്ചു. ഇതിനിടയിൽ, ഉമ്മൻ ചാണ്ടിയുടെ അഭിഭാഷകനോട് എതിർഭാഗം അഭിഭാഷകനെ 'കണ്ടെത്താൻ' കോടതി നിർദ്ദേശിച്ചു. പതിനഞ്ചുമിനിറ്റ് കാത്തിരുന്നതിനുശേഷം കോടതി കേസ് 12.30ലേക്കു നീട്ടി. ഇതിനിടയിൽ അഭിഭാഷകൻ ബാബു എത്തി. മുതിർന്ന അഭിഭാഷകൻ ബി.എൻ. ജയദേവ എത്തുന്നതുവരെ കേസ് പരിഗണിക്കുന്നത് നീട്ടണമെന്ന് അഭ്യർത്ഥിച്ചു.

12.30വരെ സമയമുണ്ടെന്ന് കോടതി പറഞ്ഞു. 12 മണിയോടെ എം.കെ. കുരുവിളയും അഭിഭാഷകൻ ജയദേവയും കോടതിയിലെത്തി. തുടർന്നാണ് കോടതിനടപടികൾ ആരംഭിച്ചത്. ഗതാഗതക്കുരുക്കിൽപ്പെട്ടതുകൊണ്ടാണു വൈകിയതെന്ന് ജയദേവ പറഞ്ഞു. കേസ് പരിഗണിച്ച കോടതി സത്യവാങ്മൂലം മാറ്റി നൽകിയെന്ന വാദിഭാഗം ആരോപണത്തെ തുടർന്ന് കേസ് ഒമ്പതിലേക്ക് മാറ്റി.

ബംഗളൂരു ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയിലാണ് ഹാജരായത്. ബംഗളൂരുവിലെ വ്യവസായി എം കെ കുരുവിളയ്ക്ക് സോളാർ പാനൽ ഇറക്കുമതിക്കുള്ള അനുമതിയും സബ്‌സിഡിയും വാഗ്ദാനംചെയ്ത് പണം തട്ടിയകേസിൽ ഒരുകോടി 61 ലക്ഷം രൂപ ഉമ്മൻ ചാണ്ടി ഉൾപ്പെടെ ആറ് പ്രതികൾ നൽകാൻ ഒക്ടോബർ 24ന് കോടതി ശിക്ഷവിധിച്ചിരുന്നു. തന്റെ വാദം പരിഗണിക്കാതെയാണ് ശിക്ഷയെന്ന് കാട്ടി ഉമ്മൻ ചാണ്ടി സമർപ്പിച്ച ഹർജിയാണ് തിങ്കളാഴ്ച പരിഗണിച്ചത്.

ഉമ്മൻ ചാണ്ടിയുടെ അഭിഭാഷകനായ ആന്റണി കോടതിയിൽ നൽകിയ സത്യവാങ്മൂലം ഇതേ ആവശ്യമുന്നയിച്ച് ഡിസംബർ 13ന് നൽകിയ സത്യവാങ്മൂലത്തിൽനിന്ന് വ്യത്യാസമുള്ളതാണെന്നും ഇത് പഠിക്കാൻ സമയം വേണമെന്നും എം കെ കുരുവിളയുടെ അഭിഭാഷകൻ പി എം ജയദേവ ആവശ്യപ്പെട്ടു. ഇത് പരിഗണിച്ച ജസ്റ്റിസ് ചെന്നകേശവ കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റി. ഈ ദിവസം തനിക്ക് അസൗകര്യമുണ്ടെന്ന് ഉമ്മൻ ചാണ്ടി അറിയിച്ചതിനെ തുടർന്നാണ് ഒമ്പതിലേക്ക് മാറ്റിയത്.

ഡിസംബർ 13ന് നൽകിയ സത്യവാങ്മൂലത്തിൽ കോടതി നടപടികൾ താൻ അറിഞ്ഞില്ലെന്നും വാർത്താചാനലിലൂടെയാണ് അറിഞ്ഞതെന്നുമാണ് ഉമ്മൻ ചാണ്ടി പറഞ്ഞത്. പുതിയ സത്യവാങ്മൂലത്തിൽ കേസിൽ ഉൾപ്പെട്ട ഡൽജിത്ത്, ആൻഡ്രൂസ്, ബിജു നായർ എന്നിവരെ അറിയില്ലെന്നും ഇവരുടെ കമ്പനിയുമായി തനിക്ക് ബന്ധമില്ലെന്നും പറയുന്നു. പുതിയ സത്യവാങ്മൂലം സീൽചെയ്താണ് സമർപ്പിച്ചിട്ടുള്ളത്. മകൻ ചാണ്ടിഉമ്മനും ബന്ധുവായ കുഞ്ഞ് ഇല്ലമ്പള്ളിയും ഒപ്പമുണ്ടായിരുന്നു.