ബംഗളൂരു: ബംഗളുരുവിലെ സോളാർ കേസിൽ താൻ ഒന്നുമറിഞ്ഞില്ലേയെന്ന് വാദിച്ചിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് വീണ്ടും തിരിച്ചടി. ബംഗളുരുവിലെ വ്യവസായി എം കെ കുരുവിള നൽകിയ കേശിൽ ശിക്ഷിച്ച വിധി റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഉമ്മൻ ചാണ്ടിയുടെ തടസഹർജി തള്ളി. സോളാർ തട്ടിപ്പുകേസിൽ പരാതിക്കാരന് 1.60 കോടിരൂപ തിരിച്ചു നൽകണമെന്ന വിധി സ്റ്റേചെയ്യണമെന്ന ഉമ്മൻ ചാണ്ടിയുടെ ഹർജിയാണ് ബംഗളുരൂ കോടതി ഫയലിൽ സ്വീകരിക്കാതെ തള്ളിയത്. തന്റെ ഭാഗം വ്യക്തമാക്കാനോ തെളിവ് നൽകാനോ അവസരം നൽകാതെയാണ് കോടതി ശിക്ഷിച്ചതെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ വാദം. ഈ വാദമാണ് കോടതി നടപടിയോടെ തകർന്നത്.

അതേസമയം, വിധി അസ്ഥിരപ്പെടുത്തി തന്റെ വാദം കേൾക്കണമെന്ന ഉമ്മൻ ചാണ്ടിയുടെ അപേക്ഷയിൽ തർക്കം ഫയൽചെയ്യാൻ വാദിയായ ബംഗളൂരുവിലെ വ്യവസായി എം കെ കുരുവിളയ്ക്ക് ഈ മാസം 14 വരെ ബംഗളൂരു ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി- 66 ജഡ്ജി എൻ ആർ ചെന്നകേശവ സമയം അനുവദിച്ചതും ഉമ്മൻ ചാണ്ടിക്ക് തിരിച്ചടിയായി. ഉമ്മൻ ചാണ്ടി ഹർജി സമർപ്പിച്ചാൽ തന്റെ ഭാഗം കൂടി കേട്ടശേഷമേ തീരുമാനം എടുക്കാവൂ എന്നാവശ്യപ്പെട്ട് കുരുവിള, വിധി പ്രസ്താവിച്ച കോടതിയിലും കർണാടക ഹൈക്കോടതിയിലും 28ന് ഹർജി സമർപ്പിച്ചിരുന്നു.

സോളാർ പദ്ധതിക്ക് കേന്ദ്ര അനുമതിയും സബ്‌സിഡിയും വാഗ്ദാനം ചെയ്ത് കുരുവിളയുടെ പണം തട്ടിയ കേസിൽ ഉമ്മൻ ചാണ്ടി ഉൾപ്പെടെ ആറുപേർ പ്രതികളാണെന്ന് ബംഗളൂരു കോടതി കണ്ടെത്തിയിരുന്നു. പലിശ സഹിതം ഒരു കോടി 60 ലക്ഷം രൂപയും കോടതിചെലവും വക്കീൽഫീസും ഉൾപ്പെടെ മൂന്നുമാസത്തിനുള്ളിൽ നൽകാനായിരുന്നു വിധി.

സോളാർ സാമ്പത്തിക തട്ടിപ്പുകേസിൽ 1.35 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കുരുവിള അഡ്വ. പി എൻ ജയദേവൻ മുഖേന ഹർജി നൽകിയത്. എറണാകുളം കേന്ദ്രമാക്കിയ സോസ എഡ്യുക്കേഷൻ കൺസൾട്ടന്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ചെയർമാൻ വിനു നായർ, ആൻഡ്രൂസ്, യൂത്ത്‌കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രഞ്ജിത്ത് എന്നിവരാണ് മറ്റ് പ്രതികൾ. സോസ കൺസൾട്ടന്റ് പ്രൈവറ്റ് ലിമിറ്റഡ്, സോസ മാനേജ്‌മെന്റ് കൺസൾട്ടന്റ് ലിമിറ്റഡ് എന്നീ കമ്പനികളും പ്രതിപ്പട്ടികയിലുണ്ട്. കേസിലെ അഞ്ചാം പ്രതിയാണ് ഉമ്മൻ ചാണ്ടി. ഉമ്മൻ ചാണ്ടിയുടെ നിർദ്ദേശത്തെ തുടർന്നാണ് പണം നൽകിയതെന്ന് കുരുവിള വെളിപ്പെടുത്തിയിരുന്നു.

ഏകപക്ഷീയമായാണ് വിധിയെന്ന് ആരോപിച്ചാണ് അഭിഭാഷകരായ എ സന്തോഷ്‌കുമാർ, സൂരജ് എന്നിവർ മുഖേന ഉമ്മൻ ചാണ്ടി ഹർജി സമർപ്പിച്ചത്. തന്റെ ഭാഗം വ്യക്തമാക്കാനോ തെളിവ് നൽകാനോ മതിയായ അവസരം ലഭിച്ചില്ലെന്ന് ഹർജിയിൽ ഉമ്മൻ ചാണ്ടി അവകാശപ്പെട്ടു.