കോട്ടയം: ബജറ്റ് ചോർന്നത് ധനകാര്യമന്ത്രിയുടെ ഓഫീസിൽനിന്നാണെന്നത് അതീവ ഗൗരവത്തോടെ കാണണമെന്നും അതിന്റെ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് സ്വയം ശിക്ഷ ഏറ്റെടുക്കാൻ മന്ത്രി തോമസ് ഐസക്ക് തയ്യാറാകണമെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ഇതിനുമുമ്പും ബജറ്റ് ചോർച്ച ചർച്ചാവിഷയം ആയിട്ടുണ്ടെങ്കിലും ധനകാര്യമന്ത്രിയുടെ ഓഫീസിൽനിന്ന് ബജറ്റ് ചോരുന്നത് ചരിത്രത്തിലാദ്യമാണ്.യു.ഡി.എഫിന്റ കാലത്ത് 'ബജറ്റ് ഇൻ ബ്രീഫ്' എന്ന ഭാഗത്തിന്റെ ഒരുപേജ് കിട്ടിയെന്നു പറഞ്ഞ് ബഹളമുണ്ടാക്കിയവാരാണ് ഇപ്പോഴത്തെ ഭരണ പക്ഷം. ധനമന്ത്രി ബജറ്റ് വായിക്കുന്നതിനുമുമ്പുതന്നെ ദൃശ്യമാദ്ധ്യമങ്ങളിലൂടെ പ്രഖ്യാപനങ്ങൾ ഉണ്ടായി. പ്രതിപക്ഷ നേതാവ് തന്നെ ഇത് സഭയിലുന്നയിച്ചു. പ്രശ്‌നത്തെ ഗൗരവമായി കാണുമെന്നവാക്കുകളിൽ വിഷയത്തെ ലഘൂകരിക്കാൻ ശ്രമിക്കുകയാണ് സർക്കാരെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

ധനകാര്യമന്ത്രിയുടെ ഭാവനയിലുള്ള ചില സ്വപ്നങ്ങൾ മാത്രമാണ് ഈ ബജറ്റ്. ഇത് പ്രായോഗികതയുമായി പൊരുത്തപ്പെടുന്നതല്ല. ഇക്കുറിയും ധനന്ത്രി കിഫ്ബിയുടെ കാര്യമാണ് മുഖ്യമായും പറഞ്ഞിരിക്കുന്നത്. ഇത് ഈവർഷത്തെ പുതുമയുള്ള കാര്യമല്ല. കിഫ്ബി വഴി പണം കണ്ടെത്തി 2900കോടി രൂപ വിവിധ പദ്ധതികൾക്കുവേണ്ടി ചെലവഴിക്കുമെന്നു കഴിഞ്ഞ വർഷം പറഞ്ഞിരുന്നെങ്കിലും ഒരു രൂപ പോലും ചെലഴിച്ചിട്ടില്ല. ഫണ്ട് വിവിധ ഏജനസികളിൽനിന്ന് സമാഹരിക്കുമെന്ന് പറഞ്ഞെങ്കിലും ഒരുവർഷം എത്രരൂപ സമാഹരിച്ചുവെന്ന് പറഞ്ഞിട്ടില്ല. നടപ്പ് വർഷം 20000 കോടി രൂപ ചെലവഴിക്കുമെന്ന് പറയുന്നുണ്ടെങ്കിലും എവിടെ നിന്നു പണം കിട്ടും എങ്ങനെ തിരിച്ചുകൊടുക്കുമെന്നൊന്നു പറയുന്നില്ല.

കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ ചെയ്യുന്നതുപോലെ ആസൂത്രണ സംവിധാനത്തെ ബലഹീനമാക്കിക്കൊണ്ടുള്ള നടപടികളാണ് സംസ്ഥാന ധനകാര്യ മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. മന്ത്രി നിരവധി പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ബജറ്റിനുപുറത്ത് പണം സമാഹരിക്കുകയും പുറത്ത് പരിപാടികൾ നടപ്പിലാക്കുകയും ചെയ്യുന്നരീതി ആശാസ്യമല്ല.

യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ആരംഭിച്ച ആശ്രയ പദ്ധതിയും ബഡ്‌സ് സ്‌കൂളുളും വ്യാപകമാക്കുമെന്നുമുള്ള ധനകാര്യ മന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതായും മുൻ മുഖ്യമന്ത്രി പറഞ്ഞു.