സിംഗപ്പൂർ: മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് യാത്രക്കാരുടെ സൗകര്യത്തിനനുസരിച്ച് സർവീസ് നടത്തുന്ന ഓൺ ഡിമാൻഡ് പബ്ലിക് ബസ് (ഒഡിപിബി) സർവീസുകളുമായി ലാൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി. ആറുമാസത്തെ പരീക്ഷണാടിസ്ഥനത്തിൽ നടപ്പിലാക്കുന്ന ഒഡിപിബി സർവീസിന് 17ന് തുടക്കമാകും. മൊബൈൽ ആപ്ലിക്കേഷൻ വഴി നിശ്ചിത മേഖലയ്ക്കുള്ളിൽ യാത്രക്കാരുടെ സൗകര്യത്തിനനുസരിച്ച് ഏതു ബസ് സ്റ്റോപ്പിലും ആളെക്കയറ്റുകയും ഇറക്കുകയും ചെയ്യുന്നതാണ് ഒഡിപിബി സർവീസ്.

ആദ്യഘട്ടത്തിൽ ജൂകൂൺ, മറീന-ഡൗൺടൗൺ മേഖലയിലാണ് ഓൺഡിമാൻഡ് സർവീസ് നടത്തുക. രാവിലെ പതിനൊന്നിനും ഉച്ചകഴിഞ്ഞ് മൂന്നിനും മധ്യേ ആയിരിക്കും സർവീസ്. കൂടാതെ ഇടദിവസങ്ങളിൽ രാത്രി 8.30 മുതൽ 11.30 വരെയുള്ള പിക്ക് അപ്പിനും ഡ്രോപ്പ് ഓഫിനും സൗകര്യമുണ്ടായിരിക്കും. എസ്ബിഎസ് ട്രാൻസിറ്റ് ആയിരിക്കും ഈ സർവീസ് നടത്തുക. ജൂൺ 15 വരെയാണ് സർവീസ് ലഭ്യമാകുക എന്നും എൽടിഎ അറിയിച്ചിട്ടുണ്ട്.

രണ്ടാം ഘട്ടത്തിൽ വെള്ളി, ശനി ദിവസങ്ങളിൽ രാത്രി സർവീസും പബ്ലിക് ഹോളിഡേകളിൽ രാത്രി 11.30 മുതൽ പുലർച്ചെ രണ്ടുവരെയും സർവീസ് ലഭ്യമാക്കും. ഈ സർവീസ് ഒരു ദിശയിൽ മാത്രമായിരിക്കും ഉണ്ടാകുക. ഗേലോംഗ് വഴി സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ട് മുതൽ ബെഡോക്ക്, ടാംപൈൻസ് വരെയാണിത്.

ജൂകൂൺ മേഖലയിലേക്കുള്ള സർവീസിന് ബസ് ഗോ എന്ന ആപ്ലിക്കേഷനും മറീന ഡൗൺടൗണിലേക്കുള്ള വീക്ക് ഡേ സർവീസിനും സിബിഡിയിൽ നിന്ന് ബഡോക്കിലേക്കും ടാംപൈൻസിലേക്കും ഉള്ള സർവീസിനും ബസ്‌നൗ എന്ന ആപ്ലിക്കേഷനുമാണ് മൊബൈലിൽ ഡൗൺലോഡ് ചെയ്യേണ്ടത്.