ന്യൂഡൽഹി: ലളിത് മോദിക്ക് വിദേശത്തേക്ക് കടക്കാൻ അവസരം ഒരുക്കിയത് സംഭവത്തിൽ സുഷമ സ്വരാജ് പാർലമെന്റിൽ വിശദീകരണം നൽകും. നിലപാട് പാർലമെന്റിനെ അറിയിക്കാൻ സുഷമയ്ക്ക് പാർട്ടി അധ്യക്ഷൻ അമിത് ഷാ നിർദ്ദേശം നൽകി. പാർലമെന്റ് സമ്മേളനം തുടങ്ങുന്ന പശ്ചാത്തലത്തിൽ ബിജെപി സ്വീകരിക്കേണ്ട തന്ത്രങ്ങൾ പാർട്ടി അധ്യക്ഷൻ അമിത് ഷാ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ എന്നിവരുമായി ചർച്ച നടത്തിയിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

പാർലമെന്റിന്റെ വർഷകാല സമ്മേളനം നടക്കണമെങ്കിൽ ആരോപിതരായ കേന്ദ്ര മന്ത്രി സുഷമാ സ്വരാജും രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധരെ രാജയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും രാജിവക്കണമെന്ന് കടുത്തനിലപാടിലാണ് കോൺഗ്രസ്.
വ്യാപം, ലളിത് മോദി വിവാദമുൾപ്പടെയുള്ള കാര്യങ്ങളിൽ പാർലമെന്റിൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന സൂചനയാണ് കോൺഗ്രസ് നൽകുന്നത്.

അതേസമയം പാർലമെന്റിന്റെ വർഷകാല സമ്മേളനം സുഗമമാകില്ലെന്ന് വക്തമായ സൂചന നൽകി കോൺഗ്രസും രംഗത്തെത്തി. ആരോപണവിധേയരായ കേന്ദ്രമന്ത്രി സുഷമാ സ്വരാജ് , മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധരാ രാജെ സിന്ധ്യ എന്നിവർ രാജി വെക്കണമെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു. ഇവർക്കെതിരെ നടപടിയെടുത്താൽ പാർലമെന്റ് സമ്മേളനം സുഗമമായി നടക്കുമെന്നും സർക്കാറിന് ബില്ലുകൾ പാസ്സാക്കാമെന്നും ഗുലാം നബി ആസാദ് പറഞ്ഞു.