കാണം വിറ്റും ഓണം ഉണ്ണണം എന്നു പറയുന്നതു പോലെ തന്നെ ഓണക്കോടിയില്ലാതെ എന്താഘോഷം എന്നും പറയുന്നവരാണ് മലയാളികൾ. ഓണക്കാലത്തെ മറ്റൊരു പ്രധാന ചടങ്ങാണ് ഓണക്കോടി സമ്മാനിക്കൽ. പണ്ട് മുതിർന്നവർക്കും കുട്ടികൾക്കും കോടി സമ്മാനിക്കും. കുട്ടികൾക്ക് കസവു മുണ്ടാണ് ഓണക്കോടിയായി സമ്മാനിക്കുന്നത്. ഇത് കൂടാതെ പുതിയ വസ്ത്രങ്ങളും നൽകുന്നുണ്ട്.

ഓണക്കാലം വന്നാൽ ആദ്യം മനസ്സിൽ ഓടിയെത്തുന്നത് ഓണക്കോടിയെ കുറിച്ചാണ്. തിരുവോണ ദിവസത്തിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ ഓണക്കോടിയെടുക്കാൻ വേണ്ടി ഓടുന്നത് മലയാളികളുടെ പതിവ് പരിപാടിയാണ്. ഉത്രാടപ്പാച്ചിൽ ദിനത്തിൽ വസ്ത്രാലയങ്ങൾ അടക്കം നിറഞ്ഞു കവിയുന്നതും ഇതിന്റെ തെൡവാണ്.

തിരുവോണ ദിവസം പുതിയ വസ്ത്രം ധരിച്ച് ഓണം കാണാൻ ഇറങ്ങുന്നത് മലയാളികളുടെ ഒരാചാരമാണ്. തിരുവോണദിനത്തിൽ മഹാബലി തമ്പുരാൻ തന്റെ പ്രജകളെ കാണാൻ വന്നെത്തും എന്നാണ് വിശ്വാസം. നല്ല കാലത്തിലെ തമ്പുരാനെ വരവേൽക്കാൻ വേണ്ടി തന്നെയാണ് ഓണക്കോടികൾ ധരിക്കുന്നത്. പ്രജകളെല്ലാം മാവേലിയെ വരവേൽക്കാൻ മനോഹരമായ പൂക്കളങ്ങളൊരുക്കു. ഓണക്കോടികൾ ധരിച്ചും സദ്യവട്ടങ്ങൾ തയ്യാറാക്കിയും കാത്തിരിക്കണം എന്നാണ് ഐതീഹ്യം പറയുന്നത്.

പലദേശങ്ങളിൽ ജോലി ചെയ്യുന്ന മക്കൾ വേർപാടിന്റെയും ഒറ്റപ്പെടലിന്റെ വേദന പേറി ജീവിക്കുന്ന അച്ഛനമ്മമാരെ സന്ദർശിച്ച് ഓണക്കോടിയുടുത്തും അവർക്കൊപ്പമിരുന്ന് പൂക്കളം തീർത്തും, സദ്യയുണ്ടും അടുത്ത ഓണനാളുകൾ വരുന്നത് വരെ ഓർത്തു വെക്കാനുള്ള നനുത്ത ദിനങ്ങൾ തീർക്കുന്ന ദിനങ്ങളാണ് ഓണക്കാലം.

കുട്ടികൾക്കും മുതിർന്നവർക്കും ഓണത്തോടനുബന്ധിച്ച് പുതുവസ്ത്രങ്ങൾ (കോടിവസ്ത്രം) വാങ്ങി നൽകുന്നതും ഓണത്തിനുള്ള ഒരു ചടങ്ങായി കണക്കാക്കി പോരുന്നു. കുട്ടികൾക്ക് ധരിക്കാനായി വാങ്ങുന്ന ചെറിയമുണ്ടിനെ ഓണ മുണ്ട് എന്ന് വിളിക്കുന്നു. സാധാരണയായി കൈത്തറിയിൽ കസവുകരയോടുകൂടിയ ഒറ്റമുണ്ടായിരിക്കും ഇത്. തിരുവോണ ദിവസം രാവിലെ പുതിയ വസ്ത്രങ്ങൾ ധരിച്ചു കൊണ്ട് അമ്പലങ്ങളിലും ഓണം കാണുവാനും പോകുന്നത്തിൽ നിന്നും മാറി ആളുകൾ സ്വന്തം സുഖത്തിലും സന്തോഷങ്ങളിലും ഒതുങ്ങി സ്വാർത്ഥതയുടെ ഓണക്കാലമാഘോഷിക്കുകയാണിപ്പോൾ.

മലയാളിയെ സംബന്ധിച്ചിടത്തോളം ഒരു വികാരമാണ് ഓണം. അതുകൊണ്ട് തന്നെ മറുനാട്ടിൽ ഓണം ആഘോഷിക്കേണ്ടി വരുമ്പോഴും മലയാളിത്തത്തോടെ ആഘോഷിക്കാൻ ഓരോ മലയാളിയുംശ്രദ്ധ കാണിക്കുന്നു. ഓണപ്പുടവക്കും അതിന്റേതായ സ്ഥാനമുണ്ടെന്നാണ് യാഥാർത്ഥ്യം.