കാഞ്ഞങ്ങാട്: തിരുവോണം അറിയാതെ വിൽപ്പനയ്ക്കായി പൂവുമായി കാസർകോട് എത്തിയ മംഗളൂരു സ്വദേശികൾക്ക് ലക്ഷങ്ങൾ നഷ്ടം. മംഗളൂരു ബന്ദർ സ്വദേശികളായ അസീസ്, ഫാറൂഖ്, മുബിൻ, ഇംതിയാസ് എന്നിവർക്കാണ് വൻ നഷ്ട്ടം  നേരിട്ടത്

ഓണത്തിന്റെ കച്ചവടം പ്രതീക്ഷിച്ച്  ഞായറാഴ്ച രാവിലെയാണ് പൂക്കളുമായി ഇവർ കാഞ്ഞങ്ങാടെത്തിയത്. തിരുവോണം തിങ്കളാഴ്ചയാണെന്ന് ഇവരെ തെറ്റിധരിപ്പിച്ചതാണ് ഇവരെ പ്രതിസന്ധിയിലേക്  തള്ളി വിട്ടത്. ലക്ഷങ്ങൾ മുടക്കിയാണ് ഇവർ പൂക്കളും വാങ്ങി നഗരത്തിലെത്തിയത്. മംഗളൂരു സ്വദേശിയായ അസർ ആണ് തങ്ങളെ തെറ്റിദ്ധരിപ്പിച്ചതെന്ന് ഇവർ പറയുന്നു.

ഇവിടെയെത്തിയപ്പോഴാണ് ഓണം കഴിഞ്ഞ വിവരം അറിഞ്ഞത്. മല്ലിക, ജമന്തി, മുല്ലപ്പൂ, റോസ്, അരളി തുടങ്ങിയ പൂക്കളാണ് ഇവർ 2 ലക്ഷത്തോളം മുടക്കി വാങ്ങിയത്. ഒരുമുഴം പൂവിന് 20 രൂപയ്ക്ക് വിൽപന നടത്തിയിട്ടും ആരും വാങ്ങാനെത്തിയില്ല.

ആകെ 3000 രൂപയുടെ പൂക്കൾ മാത്രമാണ് ചെലവായത്. ഇതിൽ 2500 രൂപ വാടകയും ഭക്ഷണത്തിനുമായി ചെലവായി. ദിവസങ്ങൾ പിന്നിട്ടതോടെ പൂക്കൾ വാടുകയും ചെയ്തു.