ന്ന് അത്തം, ഇനിയുള്ള പത്തു ദിവസം മലയാളിയുടെ വീട്ടുമുറ്റങ്ങളിൽ പൂക്കളം ഒരുങ്ങും. തിരുവോണദിവസം വരുന്ന മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിന് വേണ്ടിയാണ് പൂക്കളങ്ങൾ ഒരുക്കുന്നത്. പൂക്കളം എന്ന് കേൾക്കുമ്പൊൾ ആദ്യം ഓർമ്മവരുന്നത് തൊടിയിൽ നാടൻപൂക്കൾക്കായി ഓടിനടക്കുന്ന കാഴ്ചയാണ്. എന്നാൽ ഇന്ന് എവിടേയും ആ കാഴ്ചകൾ കാണാനാകില്ല.

തുമ്പപ്പൂവ്, കാക്കപ്പൂവ്, വിവിധതരം ചെമ്പരത്തികൾ, തെച്ചിപ്പൂവ്, തുളസി, സുഗന്ധി, നിത്യകല്യാണി, ശീപോതി, കൊങ്ങിണിപ്പൂവ് തുടങ്ങിയ നടൻ പൂക്കളായിരുന്നു പണ്ടുകാലത്ത് പൂക്കളം ഒരുക്കാൻ ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ന് മലയാളിയുടെ പൂക്കളങ്ങൾക്ക് നിറമേകുന്നത് അന്യസംസഥാന പൂക്കളാണ്. വിലകൊടുത്ത് പൂക്കൾ വാങ്ങേണ്ടിവന്നാലും മലയാളികൾ പൂക്കളം ഒരുക്കുന്നത്തിന് കുറവ് വരുത്താറില്ല

പൂക്കളങ്ങൾ ഒരുക്കുന്നത് കേരളത്തിന്റെപലയിടങ്ങളിലും പലത്തരത്തിലാണ്. ചിലർ തൃക്കാക്കര അപ്പന്റെ രൂപം ഉണ്ടാക്കിയും പൂകുടകൾ ചൂടിയും പൂക്കളങ്ങൾ ഒരുക്കും. ഒരോ ദിവസവും വ്യത്യസ്തമായ പൂക്കളങ്ങൾ ഒരുക്കാനുള്ള ശ്രമത്തിലാണ് ഏവരും. പത്തുനിരകളിൽ പൂക്കളമൊരുക്കുന്ന പതിവ് പലയിടത്തുമുണ്ട്. ഗണപതി, ശിവശക്തി, ശിവൻ, ബ്രഹ്മാവ്, പഞ്ചപ്രാണങ്ങൾ, ഷൺമുഖൻ, ഗുരുനാഥൻ, അഷ്ടദിക്പാലകർ, ഇന്ദ്രൻ, വിഷ്ണു എന്നിങ്ങനെയാണ് ഓരോ നിരകളുടേയും ദേവതാ സങ്കല്പം

ആദ്യത്തെ ദിവസമായ അത്തംനാളിൽ ഒരു നിര പൂ മാത്രമേ പാടുള്ളൂ. ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകൾ മൂന്നാം ദിവസം മൂന്നിനം പൂവുകൾ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുന്നു. ചോതിനാൾ മുതൽ മാത്രമേ ചെമ്പരത്തിപ്പൂവിന് പൂക്കളത്തിൽ സ്ഥാനമുള്ളൂ. ഉത്രാടനാളിലാണ് പൂക്കളം പരമാവധി വലിപ്പത്തിൽ ഒരുക്കുന്നത്.മൂലം നാളീൽ ചതുരാക്രിതിയിലാണ് പൂക്കളം ഒരുക്കേണ്ടത്.

അത്തപൂക്കളം ഒരുക്കുന്നതിന് ആൺപെൺ വേർതിരിവില്ല. പ്രായപരിധികളില്ല ജാതിമതഭേദമന്യേ എല്ലാവരും പൂക്കളം ഒരുക്കുന്നു. അത്തപൂക്കളം ഒരു മത്സരയിനമാണ് ഇന്ന്. കോളേജുകളിലും റെസിഡൻസുകളിലും ക്ലബ്ബ്കളിലുമൊക്കെ അത്തപൂക്കളമത്സരങ്ങൾ കാണാം.